- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ കെട്ടിടങ്ങളിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ വൻക്രമക്കേടെന്ന് ആരോപണം; പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം നടത്തുന്നത് വൻ അഴിമതി; സാങ്കേതിക പരിജ്ഞാനം അനിവാര്യമായ മേഖല പ്രവർത്തിക്കുന്നത് അശാസ്ത്രീയമായി; മുഖ്യമന്ത്രിക്ക് കരാറുകാരൻ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത് ഗുരുതര ക്രമക്കേടുകൾ
തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം കാലങ്ങളായി വൻ അഴിമതി നടത്തുന്നുവെന്ന് പരാതി. വകുപ്പ് തലവനായ ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയർക്കാണ് സംസ്ഥാനത്തെ സർക്കാർ മന്ദിരങ്ങളിലെ നിർവഹണ ചുമതല. നിയമപ്രകാരമുള്ള രൂപരേഖ തയ്യാറാക്കുന്നതിന് പകരം അശാസ്ത്രീയമായ രീതിയിലാണ് വകുപ്പ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് പ്രമുഖ ഇലക്ട്രിക് കരാറുകാരൻ നൽകിയ പരാതിയിൽ പറയുന്നു.
കെട്ടിടങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലാണ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം. തകരാറുകൾ പരിഹരിക്കാനുള്ള അസംസ്കൃത സാമഗ്രികൾ വാങ്ങുന്നതിലടക്കം ക്രമക്കേടുകൾ നടക്കുന്നുണ്ട്. കേന്ദ്രനിയമങ്ങൾക്ക് വിധേയമായി CPWD അവലംബിക്കുന്ന DSR ൽ നിഷ്കർഷിക്കുന്ന വിലനിലവാരം മറച്ചുവച്ച് വകുപ്പ് തലവൻ തയ്യാറാക്കുന്ന പട്ടിക അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്.
വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെയടക്കം ഒത്താശയോടെയാണ് നിയമം ലംഘിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കങ്ങൾ നിയന്ത്രിക്കാൻ നടപടികളില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാർ കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ സംരക്ഷിക്കാനും പരിശോധിക്കാനും ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല.
ജോലി ചെയ്തതായി രേഖകളിൽ കണക്കുകൾ ഉണ്ടാക്കുന്ന ക്രിമിനൽ കുറ്റവാളികളാണ് വകുപ്പിന് കീഴിലുള്ളതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കരാറുകാരുടെ സാമ്പത്തിക നേട്ടത്തിനായി വർക്ക് സൈറ്റുകളിൽ മാറ്റം വരുത്താറുണ്ട്. ഇത്തരം പ്രവർത്തികളിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് പതിവാണ്. പല പ്രവർത്തികൾക്കും രണ്ട് തവണ ബില്ലുകൾ നൽകിയതായും പരാതിയിൽ ആരോപിക്കുന്നു.
കെട്ടിട നിർമ്മാണത്തിന്റെ രൂപകൽപനയിൽ സുരക്ഷാമാനദണ്ഡങ്ങൾക്ക് അനുസൃതമായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പകരം കാലഹരണപ്പെട്ട രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്. കേരളത്തിന്റെ സ്വന്തം സ്പെസിഫിക്കേഷൻ അമ്പതുവർഷമായി തുടരുന്നതും നില നിർത്തുന്നതും കാലങ്ങളായി ഈ മേഖലയിലുള്ള ബിനാമി കരാറുകാരുടേയും ജീവനക്കാരുടേയും സ്ഥാപിത താൽപര്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ്. അഗ്നിസുരക്ഷ പരിശോധനയുടെ മറവിൽ കൈക്കൂലി വാങ്ങുമ്പോൾ വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിക്കപ്പെട്ടി്ട്ടും പിന്നീട് തിരിച്ചെടുത്ത് ഉന്നത സ്ഥാനത്ത് ഇരുത്തിയെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ