പട്‌ന: നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യം ഉജ്വല വിജയം നേടിയതോടെ വാങ്ങിക്കൂട്ടിയ പടക്കങ്ങൾ ഇനിയെന്തു ചെയ്യുമെന്ന ആലോചനയിലാണ് ബിജെപി പ്രവർത്തകർ. പടക്കങ്ങൾ മാത്രമോ, ആദ്യ ലീഡ് സൂചനകൾ കിട്ടിയപ്പോൾ നൂറു കിലോ ലഡുവും പ്രവർത്തകർ വാങ്ങിയിരുന്നു. ഇതൊക്കെ ഇനി എന്തുചെയ്യുമെന്നറിയാതെ ഉഴലുന്ന പ്രവർത്തകർക്ക് പടക്കം ദീപാവലിക്കു പൊട്ടിക്കാമെന്ന നിർദ്ദേശം രഹസ്യമായി ലഭിച്ചുവെന്നാണ് എതിരാളികൾ പരിഹസിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പു റാലിയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞ വാക്കുകളാണ് പടക്കത്തിന്റെ കാര്യത്തിൽ ബിജെപിക്കു പ്രതിസന്ധിയായത്. റക്‌സൗളിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ബിഹാറിൽ എങ്ങാനും ബിജെപി തോറ്റാൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടുമെന്നാണ് അമിത് ഷാ പറഞ്ഞത്.

'അബദ്ധത്തിലെങ്ങാനും ബിജെപി ഈ തിരഞ്ഞെടുപ്പിൽ തോൽക്കുകയും സർക്കാരുണ്ടാക്കാൻ കഴിയാതെ വരുകയും ചെയ്താൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടും. അത് സംഭവിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ' ഇങ്ങനെയായിരുന്നു അമിത് ഷായുടെ പ്രസംഗം.

്അമിത് ഷായുടെ ഈ പരാമർശത്തിനെതിരെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. വോട്ടർമാരിൽ വർഗീയ ചേരിതിരിവു സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് അമിത് ഷാ നടത്തുന്നതെന്ന് ജെഡിയു നേതാക്കളും വർഗീയ കാർഡ് കളിക്കുന്നത് ബിജെപിയുടെ സ്ഥിരം തന്ത്രമാണെന്നും ഇത് ഗുജറാത്തിലും പരീക്ഷിച്ചതാണെന്നും കോൺഗ്രസും വ്യക്തമാക്കിയിരുന്നു. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ ഏറിയതിനുശേഷം മന്ത്രിമാർ ഉൾപ്പെടെ വിവിധ ബിജെപി നേതാക്കൾ പാക്കിസ്ഥാനിലേക്ക് പോകൂ എന്ന വിവാദ പരാമർശവുമായി പലവട്ടം രംഗത്ത് എത്തിയിരുന്നു.

ബിഹാറിൽ ബിജെപി സഖ്യത്തിനു കനത്ത തിരിച്ചടി ഏൽക്കേണ്ടി വന്നതോടെ അവർക്കെതിരായി രാജ്യത്തിനുള്ളിൽ തന്നെ പടക്കങ്ങൾ പൊട്ടുകയാണ്. അതേസമയം രാവിലെ ബീഹാറിൽ ബിജെപി ലീഡ് ചെയ്യുന്ന വാർത്തകൾ അറിഞ്ഞ് പ്രവർത്തകർ പടക്കം പൊട്ടിച്ചിരുന്നു. എന്നാൽ, പിന്നീട് തിരിച്ചടിയാണെന്ന് അറിഞ്ഞതോടെ വിശദീകരണവുമായി ബിജെപി രംഗത്ത് എത്തി. ഇന്ന് എൽ.കെ. അദ്വാനിയുടെ ജന്മദിനമാണെന്നും അതിന്റെ ആഹ്ലാദത്തിൽ പങ്കുചേരാനാണ് പടക്കം പൊട്ടിച്ചതെന്നുമാണ് ബിജെപി നേതാക്കളുടെ ന്യായം.