ദോഹ: ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ 19ൽ ഉണ്ടായ വൻ തീപ്പിടിത്തത്തിൽ മലയാളിയുടെ ഹൈപ്പർ മാർക്കറ്റ് കത്തി നശിച്ചു. തിരുവല്ല സ്വദേശിയായ ബിനോ തേവരക്കാട്ടിലിന്റെ ഉടമസ്ഥതയിലുള്ള മാൾ ഓഫ് ഏഷ്യ എന്ന ഹൈപ്പർമാർക്കറ്റ്മലയാളിയായ ബിേനായിയുടെ നേതൃത്വത്തിലുള്ള മാൾ ഓഫ് ഏഷ്യ എന്ന ഹൈപ്പർമാർക്കറ്റ് ആണ് നശിച്ചത്.

ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് തീപ്പിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് റിയാലിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്. റംസാൻ, ഈദുൽഫിത്തർ എന്നിവയോടനുബന്ധിച്ച് കൂടുതൽ ഉത്പന്നങ്ങൾ വിപണനത്തിനായി മാൾ ഓഫ് ഏഷ്യയിൽ എത്തിച്ചിരുന്നു. ഇവയെല്ലാം കത്തിനശിച്ചു.

തീപ്പിടിത്തത്തിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ മണിക്കൂറുകളോളം ഗതാഗതസ്തംഭനമുണ്ടായി. ഗതാഗതവകുപ്പിന്റെ നേതൃത്വത്തിൽ ഗതാഗതം വഴിതിരിച്ചുവിട്ടു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഗതാഗതം സുഗമമായ രീതിയിൽ പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. ഇൻഡസ്ട്രിയൽ ഏരിയയിലെ ഏറ്റവും വലിയ മാളുകളിലൊന്നാണ് മാൾ ഓഫ് ഏഷ്യ. 2013 അവസാനത്തിലാണ് ഈ മാൾ പ്രവർത്തനം ആരംഭിച്ചത്.

ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു മാളിന്റെ പ്രവർത്തനം.