- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടമുണ്ടായാലേ വരൂ എന്ന നിലപാടില്ല; ജോൺ പോളിന് സഹായം ലഭ്യമായില്ലെന്ന ആരോപണം അന്വേഷിക്കും; വീഴ്ച കണ്ടെത്തിയാൽ അതിന് ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഫയർഫോഴ്സ്
കൊച്ചി: തിരക്കഥാകൃത്ത് ജോൺപോളിനുണ്ടായ ദുരനുഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും എറണാകുളം ജില്ലാ ഫയർ ഓഫീസർ. ജോൺ പോളിന് സഹായം ലഭ്യമായില്ലെന്ന ആരോപണത്തിൽ വിശദ അന്വേഷണത്തിന് ഫയർഫോഴ്സ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
വീഴ്ച കണ്ടെത്തിയാൽ അതിന് ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിക്കും. ജോൺ പോളിനൊപ്പമുണ്ടായവർ ആരെ, എപ്പോൾ വിളിച്ചു എന്നൊക്കെ പരിശോധിച്ചുവരികയാണ്. തൃപ്പൂണിത്തുറ, എറണാകുളം ഫയർ സ്റ്റേഷനിലേക്ക് ഫോൺ കോളുകൾ വന്നിട്ടില്ലെന്നും ഡി.എഫ്.ഒ വ്യക്തമാക്കി.
അപകടമുണ്ടായാലേ വരൂ എന്ന നിലപാട് ഫയർ ആൻഡ് റസ്ക്യൂ സംഘത്തിനില്ല. ഫയർ ഫോഴ്സിന്റെ സേവനത്തെക്കുറിച്ച് എല്ലാവർക്കുമറിയുന്നതാണ്. ആരും ഇങ്ങോട്ട് വിളിച്ചുപറയാതെ ടി.വി വാർത്തകളിൽ കണ്ടിട്ട് ഞങ്ങൾ അങ്ങോട്ട് പോവാറുണ്ട്. 101 എന്ന നമ്പറിൽ വിളിച്ചാൽ ഫയർ ഫോഴ്സിന്റെ സേവനം ലഭിക്കുമെന്നും ഡി.എഫ്.ഒ വ്യക്തമാക്കി.
അതേസമയം ന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടൻ കൈലാഷും രംഗത്തുവന്നിരുന്നു. ബെഡ്ഡിൽ നിന്ന് താഴെവീണ ജോൺപോളിനെ എഴുന്നേൽപ്പിക്കാൻ സഹായം തേടിയിട്ടും ആരുമെത്തിയില്ല എന്ന് കൈലാഷ് പറഞ്ഞു. ഫയർഫോഴ്സിന്റെ സഹായം തേടിയിട്ടും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജോൺപോളിന്റെ ദുരിതവുമായി ബന്ധപ്പെട്ട് കൈലാഷ് കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ചർച്ചയായിരുന്നു. ഈ അവസരത്തിലാണ് അദ്ദേഹം നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. ജനുവരിയിലായിരുന്നു സംഭവം. താനന്ന് കൊച്ചിയിലേക്ക് എത്തിയിരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്ന് കൈലാഷ് പറഞ്ഞു. ജോൺപോൾ സാറിന്റെ വളരെ വേണ്ടപ്പെട്ടയാളും തന്റെ സുഹൃത്തുമായ നിർമ്മാതാവ് ജോളി ജോസഫിനെ ജോൺപോൾ സർ വിളിച്ച് പെട്ടന്നെത്താൻ പറഞ്ഞു. എന്നെ വിളിക്കുന്നത് ജോളി ജോസഫാണ്. 20 മിനിറ്റുകൊണ്ട് പാലാരിവട്ടത്തെ സാറിന്റെ വീട്ടിലെത്തി. അവിടെയത്തിയപ്പോൾ ജോൺ പോൾ സാർ വീണുകിടക്കുന്നതാണ് കണ്ടതെന്ന് കൈലാഷ് പറഞ്ഞു.
'കട്ടിലിൽ എഴുന്നേറ്റിരിക്കാൻ ശ്രമിക്കുമ്പോൾ ബെഡ് പുറകോട്ടുപോയതായിരുന്നു. പക്ഷേ സാർ സംസാരിക്കുന്നുണ്ടായിരുന്നു. നടുവിന് പ്രശ്നമുള്ളതുകൊണ്ട് തന്നെ പൊക്കാൻ ശ്രമിക്കരുതെന്ന് സാർ പറഞ്ഞു. ഒരു സ്ട്രെച്ചർ കിട്ടിയാൽ നന്നാവുമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. അങ്ങനെ ആംബുലൻസിനായി വിളിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് അവർക്ക് എത്താൻ സാധിക്കുകയെന്നാണ് മറുപടി കിട്ടിയത്. പിന്നെ ഫയർ ഫോഴ്സിനെ വിളിച്ച് കാര്യം പറഞ്ഞു. അവർ പറഞ്ഞത് ആംബുലൻസ് വിളിക്കാനും വൈദ്യസഹായമാണ് അവിടെ ആവശ്യമെന്നുമാണ്'. കൈലാഷ് പറഞ്ഞു.
സാറിന്റെ ഭാര്യ മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. അവർ ആകെ ഭയന്നിരുന്നു. ഇതിനിടെ സുഹൃത്തും നടനുമായ ദിനേഷ് പ്രഭാകർ വിളിക്കുകയും വരികയും ചെയ്തു. എന്താണ് ചെയ്യാൻ പറ്റുക എന്ന് എല്ലാവരും ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടു. പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വന്നു. സാറിനെ പൊക്കിയെടുക്കാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾത്തന്നെ അവർക്ക് മനസിലായി. രാവിലെ പത്ത് പത്തരയായപ്പോഴാണ് സാർ വീഴുന്നത്. പൊലീസ് എത്തുമ്പോൾ ഉച്ചയ്ക്ക് 12 മണി കഴിഞ്ഞിരുന്നു. അത്രയും സമയം അദ്ദേഹം വെറും നിലത്ത് ഇരിക്കുകയായിരുന്നു. പൊലീസും ആംബുലൻസിനായി വിളിച്ചപ്പോഴും നേരത്തേ ലഭിച്ച മറുപടി തന്നെയായിരുന്നു. ഒടുവിൽ കുറേ നേരം കാത്തിരുന്നശേഷം മെഡിക്കൽ സെന്ററിൽ നിന്ന് ഒരു ആംബുലൻസ് വന്നിട്ടാണ് സ്ട്രെച്ചർ കിട്ടിയത്.
ശേഷം സാറിനെ ബെഡ്ഡിലേക്ക് ചരിച്ച് കിടത്തുകയായിരുന്നു. അത്രയും സമയം നമുക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നതാണ് വിഷമം. സഹായിക്കാൻ വിളിക്കാമായിരുന്നില്ലേ എന്ന് ചോദിച്ച് ഒരുപാടുപേർ വിളിച്ചിരുന്നു. പക്ഷേ ആളുകൂടിയിട്ട് കാര്യമില്ലല്ലോ. പരിശീലനം ലഭിച്ച ഒരാളെയായിരുന്നു അവിടെ ആവശ്യമെന്നും കൈലാഷ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ