ബെർലിൻ: ബാലലൈംഗിക കുറ്റത്തിന് പിഴ ഏറ്റുവാങ്ങിയ മുൻഎംപിയായ സെബാസ്റ്റ്യൻ ഇടാത്തിയുടെ പിഴ തുക അഗ്നിശമനാ വിഭാഗത്തിന് നൽകും. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ നഗ്നചിത്രം കാനഡയിൽ നിന്നു വാങ്ങിയെന്ന കുറ്റത്തിന് കോടതിയിൽ ശിക്ഷിക്കപ്പെട്ട ഇടാത്തിയുടെ പിഴ തുക കുട്ടികളുടെ ചാരിറ്റി സംഘടനയ്ക്ക് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും സംഘടന തുക നിരസിക്കുകയായിരുന്നു. തുടർന്നാണ് തുക അഗ്നിശമനാ വിഭാഗത്തിന് നൽകാൻ തീരുമാനമായിരിക്കുന്നത്.

പിഴ തുകയായ 5000 യൂറോ ജർമൻ അഗ്നിശമനാവിഭാഗം കൈപ്പറ്റുമെന്ന് ജില്ലാ കോടതിയാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. നീതർ സാക്‌സൺ സംസ്ഥാനത്തെ യുവജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന അഗ്നിശമനവിഭാഗമാണ് ഇടാത്തിയുടെ പിഴ തുക സ്വീകരിക്കുക. യുവജനങ്ങളുടെ ക്ഷേമത്തിനായി തുക ചെലവാക്കുമെന്ന് അഗ്നിശമനവിഭാഗം മാദ്ധ്യമങ്ങളെ അറിയിച്ചു.

ബാലലൈംഗിക കേസിലെ പ്രതിയുടെ ശിക്ഷാ തുക തങ്ങൾ വാങ്ങുകയില്ലെന്നും പണം സ്വീകരിച്ചാൽ അത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും വ്യക്തമാക്കിയാണ് കുട്ടികളുടെ ചാരിറ്റി സംഘടന തുക നിഷേധിച്ചത്. ഇത്തരമൊരു കേസിൽ പിഴയായി വിധിച്ച പണം സ്വീകരിച്ചാൽ അത് സംഘടനയുടെ ലക്ഷ്യത്തിന് വിരുദ്ധമായിപോകുമെന്നും സംഘടനയുടെ ചെയർമാൻ ജോഹന്നാസ് ഷെമിഡ് അറിയിച്ചിരുന്നത്.