ഡബ്ലിൻ: ഇഞ്ചിക്കോർ ഇഎസ്ബി സബ് സ്‌റ്റേഷനിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ആയിരക്കണക്കിന് വീടുകൾക്ക് വൈദ്യുതി വിഛേദിക്കപ്പെട്ടു. ബ്ലൂബെല്ലിലെ സബ് സ്റ്റേഷനിലാണ് ഇന്നലെ രാത്രി തീപിടുത്തം ഉണ്ടായത്. സബ് സ്റ്റേഷനിലെ ട്രാൻസ്‌ഫോർമറിൽ തീ കാണപ്പെടുകയായിരുന്നു. തീപിടുത്തത്തിൽ ആർക്കും പരിക്കു പറ്റിയിട്ടില്ലെന്ന് ഗാർഡ വ്യക്തമാക്കി. 

സബ് സ്റ്റേഷൻ തീപിടുത്തത്തെ തുടർന്ന് 15,000ത്തോളം കുടുംബങ്ങൾക്കാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്. തീ അണച്ച ശേഷം വൈദ്യുതി തടസം പരിഹരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് സബ് സ്‌റ്റേഷനിൽ നിന്നും വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറികൾ കേൾക്കുന്നത്. ഇവിടെയുള്ള ഓയിൽ ട്രാൻസ്‌ഫോർമറുകളിലൊന്നിൽ തീ പിടിക്കുകയായിരുന്നു. തീപിടുത്തത്തെ തുടർന്ന് ഇഞ്ചിക്കോർ, താല, ലൂക്കൻ മേഖലകളിലുള്ളവർക്കും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ഒന്നിലേറെ ഡബ്ലിൻ ഫയർ ബ്രിഡ്ജ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.