പാരീസ്: വടക്കൻ ഫ്രാൻസിലെ റൗൻ സിറ്റിയിലെ ഒരു ബാറിൽ ഉണ്ടായ തീപിടുത്തത്തിൽ 14 പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ബർത്ത് ഡേ പാർട്ടി നടക്കുന്നതിനിടെയാണ് ദുരന്തമുണ്ടാകുന്നത്. ബർത്ത് ഡേ പാർട്ടിക്കു കൊണ്ടുവന്ന മെഴുകുതിരിയിൽ നിന്നാണ് തീ പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആഘോഷം നടന്നുകൊണ്ടിരുന്ന ബേസ്‌മെന്റ് റൂമിലെ പോളിസ്റ്റിറീൻ സീലിംഗിന് തീപിടിക്കുകയും പിന്നീട് ആളിപ്പടരുകയുമായിരുന്നു.

മരിച്ചവർ പതിനെട്ടിനും 25നും മധ്യേ പ്രായമുള്ളവരാണ്. പ്ലാസ്റ്റിക് കത്തിയതു മൂലമുണ്ടായ വിഷവാതകം ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് കരുതപ്പെടുന്നു. പരിക്കേറ്റ യുവാവ് മരണത്തോട് മല്ലടിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിറ്റി സെന്ററിന് സമീപത്തുള്ള ക്യൂബ ലിബർ ബാറിൽ അർധരാത്രിയോട് അടുത്താണ് തീപിടുത്തമുണ്ടാകുന്നത്. തീപിടുത്തത്തെ തുടർന്ന് അമ്പതോളം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

ഒരു പതിറ്റാണ്ടിനിടെ ഉണ്ടാകുന്ന ഏറ്റവും ഭയാനകമായ തീപിടുത്തമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. 2005-ൽ പാരീസിനു സമീപം ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ തീപിടിച്ചതാണ് ഇതിനു മുമ്പുണ്ടായ അഗ്നിബാധ. അന്ന് 18 പേരാണ് വെന്തുമരിച്ചത്.