വലൻസിയ: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലെ വലൻസിയയിൽ ജയിലിണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 68 തടവുകാർ വെന്തുമരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ലാറ്റിനമേരിക്കൻ രാജ്യത്ത് ഈ ദുരന്തത്തെ തുടർന്ന് വൻ പ്രക്ഷോഭമാണ് ഉയർന്നിട്ടുള്ളത്.

ജയിൽ ചാടാനുള്ള ശ്രമത്തിനിടെ ചില തടവുകാർ ചേർന്ന് കിടക്കകൾ കൂട്ടിയിട്ടു കത്തിച്ചതാണ് അപകടകാരണമെന്ന് ജയിലധികൃതരും ഗവൺമെന്റും പറയുന്നുണ്ടെങ്കിലും ഇത് ആസൂത്രിത കൂട്ടക്കൊലയാണെന്ന് ജനം ആരോപിക്കുന്നു. ജയിൽപ്പുള്ളികളുടെ ബന്ധുക്കൾ ഉൾപ്പെടെ വലിയ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് വെനസ്വേല സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. തീപിടിത്തത്തിൽ തടവുകാർ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് കടുത്ത പ്രതിഷേധവുമായി തടവുകാരുടെ ബന്ധുക്കൾ ജയിലിനു പുറത്തു തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധം രാജ്യവ്യാപക കലാപത്തിനു വഴിമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജയിൽ സ്ഥിതിചെയ്യുന്ന വലൻസിയ നഗരത്തിൽ കൂടുതൽ സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ട്.