പാറ്റ്‌ന: ബിഹാറിലെ പാറ്റ്‌നയിൽ പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് തീപിടിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. സ്‌പൈസ് ജെറ്റിന്റെ പാറ്റ്‌ന-ഡൽഹി വിമാനത്തിനാണ് തീപിടിച്ചത്. വിമാനം അടിയന്തരമായി പാറ്റ്‌ന വിമാനത്താവളത്തിൽ ഇറക്കിയതായി ഡിജിസിഎ അറിയിച്ചു. വിമാനത്തിലെ 185 യാത്രക്കാരും സുരക്ഷിതരാണെന്ന് പാറ്റ്‌ന വിമാനത്താവള അധികൃതർ അറിയിച്ചു.

പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന് തീപിടിച്ച കാര്യം പ്രദേശവാസികളാണ് അധികൃതരെ അറിയിച്ചത്. പാറ്റ്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിങ് ഇക്കാര്യം സ്ഥിരീകരിച്ചു. വൻ ദുരന്തമാണ് ഒഴിവായതെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനം പറന്നുയരുന്നതിന്റെയും നിലത്തിറക്കിയതിന്റെയും വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.

പാറ്റ്‌ന വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ, വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിൽ പക്ഷി ഇടിക്കുകയും തുടർന്ന് തീപിടിക്കുകയായിരുന്നുവെന്നും ഡിജിസിഎ അറിയിച്ചു. തുടർന്ന് എഞ്ചിൻ ഓഫ് ചെയ്ത പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഇക്കാര്യം സ്‌പൈസ് ജെറ്റ് അധികൃതരും സ്ഥിരീകരിച്ചു. യാത്രക്കാരായ 185 പേരും സുരക്ഷിതരാണെന്നും ഇവരെ വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചതായും അധികൃതർ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹി എത്തിക്കുമെന്നും പാറ്റ്‌ന വിമാനത്താവള അധികൃതർ അറിയിച്ചു.

വിമാനം ടേക്ക് ഓഫ് ചെയ്ത് അൽപ്പസമയത്തിനകമാണ് ഇടതുവശത്തുള്ള എൻജിന് തീപിടിച്ചത്. പൈലറ്റ് വിമാനം അടിയന്തരമായി പട്ന വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത് മൂലമാണ് വൻ ദുരന്തം ഒഴിവായത്.