റിയാദ്: തൊഴിലാളിയുടെയും തൊഴിലുടമയുടെയും ബാധ്യതകളും അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കുന്ന രീതിയിൽ സൗദി സ്വകാര്യ മേഖലയിൽ പുതിയ നിയമാവലി ഏർപ്പെടുത്തി. രാജ്യത്ത് പത്തിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണ് തൊഴിൽ മന്ത്രാലയം പുതിയ നിയമാവലി പുറത്തിറക്കിയിരിക്കുന്നത്.

സൗദി തൊഴിൽ നിയമത്തിലെ 14ാം ഖണ്ഡിക അടിസ്ഥാനമാക്കി തയാറാക്കിയ നിയമാവലി തൊഴിലാളിയുടെയും തൊഴിലുടമയുടെയും ബാധ്യതകളും അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കുന്നതാണെന്നും രാജ്യത്തെ പത്തിൽ കൂടുതൽ ജോലിക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും അത് ബാധകമായിരിക്കുമെന്നും മന്ത്രാലയത്തിലെ പരിശോധന വിഭാഗം അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അബൂസുനൈൻ പറഞ്ഞു.

സൗദി തൊഴിൽ വിപണി നിലവാരം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ച് രൂപകൽപന ചെയ്ത നിയമാവലി പത്ത് വർഷം മുമ്പ് പുറത്തിറക്കിയ 51ാം നമ്പർ രാജവിജ്ഞാപനത്തിന്റെ തുടർച്ചയാണ്. പൊതുവായ നിയമങ്ങളാണ് ഇതിലുള്ളത്. എന്നാൽ സ്ഥാപനങ്ങളുടെ പ്രത്യേക സാഹചര്യമനുസരിച്ച് തൊഴിലാളികളുടെ സ്ഥാനക്കയറ്റം, ആനുകൂല്യങ്ങൾ, ജോലി സമയ ക്രമീകരണം തുടങ്ങി അനിവാര്യമായ അനുബന്ധങ്ങൾ നിയമാവലിയിലേക്ക് കൂട്ടിച്ചേർക്കാവുന്നതാണ്.

ജോലിയിൽ മികവ് കാണിച്ചവർക്ക് അവാർഡ് നൽകാനും വീഴ്ച കാണിച്ചവർക്ക് പിഴ നൽകാനും പുതിയ നിയമാവലിയിൽ വ്യവസ്ഥയുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ തൊഴിലാളിയിൽ നിന്ന് ഈടാക്കുന്ന പിഴ പ്രത്യേക റെക്കോർഡിൽ സൂക്ഷിച്ചിരിക്കണമെന്നും അവ തൊഴിലുടമ
ഉപയോഗിക്കുന്നതിനു പകരം സ്ഥാപനത്തിലെ ഇതര ജോലിക്കാർക്ക് ഉപകരിക്കുന്ന രീതിയിൽ വിനിയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്. അനുബന്ധമായി സ്ഥാപനങ്ങൾ കൂട്ടിച്ചേർക്കുന്ന നിബന്ധനകൾക്ക് തൊഴിൽ മന്ത്രാലയത്തിന്റെ അനുമതി നേടിയിരിക്കണം. ഇത്തരം നിയമങ്ങൾ ജോലിക്കാർക്ക് ലഭ്യമായ തരത്തിൽ സ്ഥാപനം പരസ്യപ്പെടുത്തണമെന്നും ഡോ. അബൂസുനൈൻ വിശദീകരിച്ചു.