- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫിറോസ് കുന്നംപറമ്പിലിന് കെട്ടിവയ്ക്കാനുള്ള പണം കൈമാറി കൽപുഴ കൃഷ്ണൻ നമ്പൂതിരിയും കുടുംബവും; ചാരിറ്റിയിലൂടെ പാവങ്ങളെ സഹായിക്കുന്നത് വോട്ടാക്കാമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; ഹോട്ടൽ തൊഴിലാളിയായും ഓട്ടോ ഡ്രൈവറായും ജോലി ചെയ്ത ഫിറോസിന്റെ ഭൂതകാലവും ചർച്ച
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി കെ.ടി.ജലീലിനെതിരെ തവനൂരിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന് കെട്ടിവയ്ക്കാനുള്ള പണം കൈമാറി കൽപുഴ കൃഷ്ണൻ നമ്പൂതിരിയും കുടുംബവും. തൃപ്രങ്ങോട് ശിവക്ഷേത്രം ഉൾപ്പടെ ഒട്ടേറെ ക്ഷേത്രങ്ങളിലെ തന്ത്രിയാണ് കൃഷ്ണൻ നമ്പൂതിരി.ഉച്ചയോടെ മനയിലെത്തിയ ഫിറോസ് തുക ഏറ്റുവാങ്ങിയ ശേഷം ക്ഷേത്രപരിസരത്തെ വീടുകളിൽ വോട്ടഭ്യർഥന നടത്തി. യുഡിഎഫ് നേതാക്കളായ എം.അബ്ദുല്ലക്കുട്ടി, അഡ്വ.പി നസറുല്ല, ആർ.കെ ഹമീദ്, ഫൈസൽ എടശേരി, എം.മുസ്തഫ ഹാജി, അഷ്റഫ് ചെമ്മല, മുജീബ് പൂളയ്ക്കൽ, ഷാജി പാണാട്ട്, വി.കെ ബാപ്പുട്ടി, ഷൗക്കത്ത് കുന്നത്ത്, പി.ഹൈദർ, മാനു ആനപ്പടി, എ.പി ആരിഫ്, എ.കെ അയൂബ്, വൈശാഖ് തൃപ്രങ്ങോട് എന്നിവരോടൊപ്പമാണ് ഫിറോസ് എത്തിയത്.
എസ്.എസ്.എൽ.സി പഠനത്തിനുശേഷം ഹോട്ടൽ തൊഴിലാളിയായും ഓട്ടോ ഡ്രൈവറായും പിന്നീട് മൊബൈൽ കടയിലുമെല്ലാം ജോലി ചെയ്താണ് ഫിറോസ് അവസാനം ചാരിറ്റിയിലേക്കും ഇപ്പോൾ രാഷ്ട്രീയ രംഗത്തേക്കും. 37കാരനായ ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം ഇങ്ങിനെയാണ്. തവനൂർ നിയമസഭാ മണ്ഡത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് ഫിറോസ് കളത്തിലിറങ്ങുന്നത്. എസ്.എസ്.എൽ.സിക്ക് ശേഷം ഹോട്ടൽ തൊഴിലാളിയായും ഓട്ടോ ഡ്രൈവറായും പിന്നീട് മൊബൈൽ കടയിലുമെല്ലാം ജോലി ചെയ്തു.
കടയടച്ച് പോകുമ്പോൾ ആലത്തിയൂർ മുതൽ പാലക്കാട് വരെയുള്ള റോഡരികിൽ കിടന്നുറങ്ങിയിരുന്നവർക്ക് ഹോട്ടലുടമകളിൽ നിന്ന് ശേഖരിച്ച ഭക്ഷണമെത്തിച്ചു നൽകിയാണ് ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കമിട്ടത്. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയാണ് പ്രസിദ്ധനായത്. ചെറുപ്പത്തിൽ കെ.എസ്.യുക്കാരനായും യൂത്ത് കോൺഗ്രസുകാരനായും പിന്നീട് യൂത്ത് ലീഗുകാരനായും പ്രവർത്തിച്ച ഫിറോസ് ചാരിറ്റി പ്രവർത്തനത്തിലേക്ക് തിരിയുകയായിരുന്നു. മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ പുരസ്കാരം, സോഷ്യൽ മീഡിയ ഐക്കൺ, ഡോ.എ.പി.ജെ.അബ്ദുൽകലാം പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. പാലക്കാട് ആലത്തിയൂർ സ്വദേശിയാണ്. ഭാര്യ: ഷാജിത. മക്കൾ: മുഹമ്മദ് ഫാസിൽ (എട്ടാം ക്ലാസ് ) ,ഫിദ ഫാത്തിമ ( ആറാം ക്ലാസ് ).
നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്കുമുള്ള നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ മൂന്നാം ദിവസമായ മാർച്ച് 16ന് നാല് പേർ പത്രിക സമർപ്പിച്ചു. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഒരു സ്ഥാനാർത്ഥിയും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മൂന്ന് സ്ഥാനാർത്ഥികളുമാണ് വരണാധികാരികൾക്ക് മുമ്പാകെ നാമനിർദേശ പത്രികകൾ സമർപ്പിച്ചത്.
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്.ഡി.പി.ഐ) സ്ഥാനാർത്ഥിയായി തസ്ലീം അഹമ്മദ് റഹ്മാനിയാണ് വരണാധികാരിയായ ജില്ലാകലക്ടർ കെ. ഗോപാലകൃഷ്ണൻ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് തിരൂർ മണ്ഡലത്തിൽ മുഹമ്മദ് ഷരീഫ് പരിയാരത്ത് രണ്ട് പത്രികകൾ വീതം വരണാധികാരിയായ ഇറിഗേഷൻ മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എസ് സുജയ്ക്ക് മുമ്പാകെ സമർപ്പിച്ചു.
പെരിന്തൽമണ്ണ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി അബൂബക്കർ വരണാധികാരിയായ സബ് കലക്ടർ കെ.എസ് അഞ്ജുവിനും നിലമ്പൂർ മണ്ഡലത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മണി വരണാധികാരിയായ നിലമ്പൂർ നോർത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ കെ.ജെ മാർട്ടിൻ ലോവലിനും പത്രികകൾ നൽകി. ഇതോടെ ജില്ലയിൽ നാമനിർദേശ പത്രികകൾ നൽകിയ സ്ഥാനാർത്ഥികളുടെ എണ്ണം ആറും പത്രികകളുടെ എണ്ണം ഏഴുമായി.