- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ റോഡ് ഷോ നടത്തി ഫിറോസ് കുന്നംപറമ്പിൽ; തവനൂരിലെ നിയുക്ത യുഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരും
തവനൂർ: സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ തവനൂരിൽ റോഡ് ഷോ നടത്തി ഫിറോസ് കുന്നംപറമ്പിൽ. എടപ്പാൾ വട്ടംകുളത്തുനിന്നാരംഭിച്ച യാത്രയിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരും പങ്കെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് സ്ഥാനാർത്ഥിയാകാനില്ലെന്ന് നിലപാടെടുത്ത ഫിറോസ് പിന്നീട് കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് മത്സരിക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
തവനൂരിൽ സിറ്റിങ് എംഎൽഎ കെ.ടി ജലീലിനെ വീഴ്ത്താൻ പൊതുസമ്മതനായ സ്ഥാനാർത്ഥി വേണമെന്ന നിലപാടിൽ നിന്നാണ് ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ഫിറോസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ മണ്ഡലത്തിലെ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനെ അപ്രസക്തമാക്കുന്ന സ്വീകരണമാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ ഒരുക്കിയത്. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് താൻ മത്സര രംഗത്തുനിന്ന് പിന്മാറുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 'സന്തോഷത്തോടെ ഞാൻ മാറി നിൽക്കുകയാണ് ഒരിക്കലും ഞാൻ ആഗ്രഹിച്ചതല്ല മത്സരിക്കാൻ, ആരെയും മാറ്റി നിർത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട', ഫിറോസ് കുന്നംപറമ്പിൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാൽ വീണ്ടും നേതൃത്വം ഇടപെട്ട് ഫിറോസിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഫിറോസ് മത്സരിക്കാൻ സമ്മതം അറിയിച്ചതായി കോൺഗ്രസ് ജില്ലാ നേതൃത്വം പറഞ്ഞു. മലപ്പുറത്ത് കോൺഗ്രസ് നാല് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇതിൽ പൊന്നാനിയിലും വണ്ടൂരിലും കഴിഞ്ഞ ദിവസം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതാണ്. നിലമ്പൂരിലും തവനൂരിലുമാണ് അനിശ്ചിതത്വം ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ