- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഫുട്ബാളിൽ ഇതിഹാസമാകാൻ തയ്യാറെടുത്ത് ഈ മിടുക്കൻ; കാൽപന്തുകളിയെ നെഞ്ചേറ്റിയ ഫിറോസിന്റെ കഥ
പന്തുതൊട്ട കാലം മുതൽ ഫിറോസിന്റെ ഉള്ളിൽ കൊണ്ടു നടന്ന മോഹമുണ്ടായിരുന്നു. കളിക്കമ്പക്കാരായ മലപ്പുറത്തുകാർ ഏറെ ഉറ്റു നോക്കുന്ന സന്തോഷ് ട്രോഫിയിൽ കളിക്കണമെന്ന്. അഞ്ച് വർഷം മുമ്പ് ആ സ്വപ്‌നം പൂവണിഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിൽ നടന്ന സീനിയർ ഫുട്‌ബോൾ ടൂർണമെന്റിലെ ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മലപ്പുറ
പന്തുതൊട്ട കാലം മുതൽ ഫിറോസിന്റെ ഉള്ളിൽ കൊണ്ടു നടന്ന മോഹമുണ്ടായിരുന്നു. കളിക്കമ്പക്കാരായ മലപ്പുറത്തുകാർ ഏറെ ഉറ്റു നോക്കുന്ന സന്തോഷ് ട്രോഫിയിൽ കളിക്കണമെന്ന്. അഞ്ച് വർഷം മുമ്പ് ആ സ്വപ്‌നം പൂവണിഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിൽ നടന്ന സീനിയർ ഫുട്‌ബോൾ ടൂർണമെന്റിലെ ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മലപ്പുറം കോട്ടയത്തെ തകർത്തപ്പോൾ ഗ്യാലറിയിൽ നിന്ന് ഒരേ വിളിയായിരുന്നു ഫിറോസ്..ഫിറോസ്.
ഫൈനലിൽ കോട്ടയത്തതിന്റെ വലകുലുക്കിയ രണ്ടുഗോളുകളും ഫിറോസിന്റെ ബൂട്ടിൽ നിന്നായിരുന്നു. കാൽപന്തുകളിയെ നെഞ്ചേറ്റിയ മലപ്പുറത്തിന് വേണ്ടി കോട്ടയത്തെ നിലംപരിശാക്കിയതിന്റെ ആഹ്ലാദം ഇനിയും കെട്ടടങ്ങിയിട്ടില്ല മഞ്ചേരി പുല്ലൂർ സ്വദേശി കളത്തിങ്ങൽ ഫിറോസിന്. കുഞ്ഞുനാൾ തൊട്ടേ സ്വപ്‌നമായിരുന്ന ഫുട്‌ബോളിൽ ഇത്രയും വേഗത്തിൽ സന്തോഷ്ട്രോഫി കളിക്കാൻ കഴിയുമെന്ന് ഫിറോസ് കരുതിയിരുന്നില്ല.
2009, 2011, 2012 വർഷങ്ങളിൽ സന്തോഷ് ട്രോഫി, 2012 ൽ ഒഡീഷയിൽ നടന്ന മത്സരത്തിൽ ഹാട്രിക് നേട്ടം സ്വന്തമാക്കി ടൂർണമെന്റ് അവിസ്മരണീയമാക്കാനും ഫിറോസിനായി. മൂന്ന് വർഷമായി കേരളാ പൊലീസ് ടീമിൽ കളിക്കുന്ന ഫിറോസ് ഒരു പ്രാവശ്യം ക്യാപ്റ്റൻ, നിരവധി ലീഗ് മത്സരങ്ങളിലെ മികച്ച കളിക്കാരൻ,തുടങ്ങി ഒട്ടേറ നേട്ടങ്ങൾ ഇതിനകം ഫിറോസ് സ്വന്തമാക്കിയിട്ടുണ്ട്.
+2വിന് മാർക്ക് കുറഞ്ഞതിനാൽ കോളേജിൽ അവസരം ലഭിക്കാതിരുന്നതോടെയാണ് മഞ്ചേരി എൻഎസ്എസ് കോളേജ് മൈതാനിയിൽ കളിക്കാനിറങ്ങിയത്. എല്ലാ ദിവസവും കളിക്കളത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന ഫിറോസ് എൻഎസ്എസ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ തലവൻ സുധീർ മാഷിന്റെ ഇഷ്ടപാത്രമായി. ഉടൻ തന്നെ ഫിറോസിന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. മാർക്ക് കുറഞ്ഞതുകൊണ്ടാണ് കോളേജിൽ പോവാത്തതെന്നറിഞ്ഞ സുധീർ മാഷ് മഞ്ചേരി എൻഎസ്എസിൽ സ്പോർട്സ് ക്വാട്ടയിൽ ഹിസ്റ്ററിയിൽ ഫിറോസിന് അഡ്‌മിഷൻ നൽകി.
മഞ്ചേരി എൻഎസ് എസ് കോളേജിൽ പഠിക്കുമ്പോൾ ഗോൾ വേട്ടക്കാരനായും യൂണിവേഴ്‌സിറ്റിയുടെ മികച്ച താരമായും പേരെടുത്ത ഫിറോസിന് കോളേജിൽ ഇഷ്ടക്കാരും ഏറെയുണ്ടായിരുന്നു.
സ്വന്തം കരിയറിൽ ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കിയതിനു പിന്നിൽ നാട്ടുകരുടേയും കോച്ച് സുധീർ മാഷിന്റെയും പിന്തുണയാണെന്ന് ഫിറോസ് പറയുന്നു. കഴിഞ്ഞ വർഷം കാൽമുട്ടിന് പരിക്കേറ്റ് ഇനി കളിക്കാൻ കഴിയുമോ എന്ന ആശങ്കയിലിരിക്കുമ്പോൾ വീട്ടുകാരും സുഹൃത്തുക്കളായ നിയാസ്, ജംഷീർ, റഷീദ്, റഹീം എന്നിവർ മാനസികമായും സാമ്പത്തികമായും നൽകിയ പിന്തുണകൊണ്ടാണ്് താൻ നേട്ടങ്ങൾ കൈവരിക്കുന്നതെന്ന് പറയുമ്പോൾ ഫിറോസ് വന്ന വഴി മറക്കാതെ വിനയാന്വിതനാകുന്നു. +2 മുതൽ പ്രകടമാക്കിയ മികവാണ് പല പ്രമുഖ ടീമുകളിലും കളിക്കാൻ വഴിതുറന്നത്.
കോച്ചായിരുന്ന മഞ്ചേരി സ്വദേശി സുധീർ മാഷിൽ നിന്ന് പിന്തുണ ആവോളം ലഭിച്ചിട്ടുണ്ട്. 2013ൽ കാൽ മുട്ടിന് പരിക്കേറ്റ് കിടന്ന സമയത്ത് കൂട്ടുകാരുടേയും ക്ലബിന്റെയും സഹായം ധാരാളം ലഭിച്ചു.
സീനിയർ ഫുട്‌ബോൾ ടൂർണമെന്റിലും, സന്തോഷ് ട്രോഫിയിലും സഹതാരങ്ങളിൽ നിന്നും മികച്ച പിന്തുണ ലഭിച്ചു. സഹപ്രവർത്തകരായ നസ്‌റുദ്ദീൻ ചിറയത്ത്, സുശാന്ത് മാത്യു, ആർ.ധനരാജൻ, നൗഷാദ്, ഉസ്മാൻ ആഷിഖ്, ഉമ്മർ ഫാറൂഖ്, കെടി വിനോദ് എന്നിവരെല്ലാം മികച്ച പിന്തുണ നൽകിയിരുന്നതായും ഫിറോസ് ഓർക്കുന്നു. അടുത്ത ലക്ഷ്യമെന്താണെന്ന ചോദ്യത്തോട് നാട്ടിൻ പുറത്തുകാരന്റെ പുഞ്ചിരി കലർന്ന് ഫിറോസ് ഇങ്ങനെ പറഞ്ഞു എല്ലാം പടച്ചോന്റെ കനിവ് കൊണ്ട് കിട്ടുന്നതാ.......ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. കഠിനാധ്വാനം ചെയ്താൽ നാഥൻ അതിനുള്ള പ്രതിഫലം നമുക്ക തരും..........പ്രതീക്ഷ കൈവിടാതെ പരിശീലനം ചെയ്യുക.........നേട്ടങ്ങൾ പിന്നാലെ വരുമെന്നും ഫിറോസ് പറയുന്നു.