- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
94 പേരിൽ നിന്ന് തട്ടിയെടുത്ത് രണ്ടര ലക്ഷം രൂപ വീതം; കിട്ടിയ പണം മുഴുവൻ ചെലവാക്കിയത് സെക്കന്റ് ഹാൻഡ് വണ്ടികൾ വാങ്ങാൻ; ദുബായിലുള്ള ഏജന്റുമാർക്ക് പണം കിട്ടാതിരുന്നത് മാലാഖമാരെ ദുരിതത്തിലാക്കി; ഫിറോസ് ഖാന് റിക്രൂട്ട്മെന്റെ തട്ടിപ്പ് സ്ഥിരം പരിപാടി; നഴ്സുമാരെ വഞ്ചിച്ചവർ അഴിക്കുള്ളിൽ
കൊച്ചി: ഗൾഫിൽ കോവിഡ് വാക്സിൻ ഡ്യൂട്ടിയെന്ന പേരിൽ ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരെ വഞ്ചിച്ച കേസിൽ പ്രതികൾ തട്ടിയെടുത്തത് 2.35 കോടിയിലേറെ രൂപ. മുഖ്യ പ്രതിയും കലൂരിലെ 'ടെയ്ക് ഓഫ്' റിക്രൂട്ടിങ് ഏജൻസി ഉടമയുമായ എറണാകുളം നെട്ടൂർ കളരിക്കൽ വീട്ടിൽ ഫിറോസ് ഖാൻ (42), ദുബായിയിലെ ഏജന്റും ചേർത്തല അരൂക്കുറ്റി കൊമ്പനാമുറി പള്ളിക്കൽ വീട്ടിൽ സത്താർ (50) എന്നിവരുടെ അറസ്റ്റ് എറണാകുളം നോർത്ത് പൊലീസ് ഞായറാഴ്ച രേഖപ്പെടുത്തി. ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. ദുബായിയിൽ ഫിറോസ് ഖാന് കൂടുതൽ ഏജന്റുമാരുണ്ട്. ഇവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് 94 പേരിൽനിന്ന് രണ്ടര ലക്ഷം രൂപ വീതം തട്ടിയെടുത്തതായാണ് പൊലീസിന്റെ കണ്ടെത്തൽ. കൂടുതൽ പരാതി വന്നുകൊണ്ടിരിക്കുകയാണെന്നും വ്യാപ്തി കൂടാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശിയായ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും, ഇയാൾക്ക് കേസിൽ പങ്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു. പ്രതികളുടെ സ്ഥാപനത്തിൽ നിന്നും നോട്ടെണ്ണുന്ന മെഷീനടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹിയിലേക്ക് കടക്കാനായുള്ള ശ്രമത്തിലായിരുന്ന ഫിറോസ് ഖാനെ കോഴിക്കോട്ടു നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
നഴ്സ് വിസ എന്ന വ്യാജേന വിസിറ്റിങ് വിസ നൽകി വഞ്ചിച്ചെന്നു കാട്ടി കൊല്ലം പത്തനാപുരം പട്ടാഴിയിലെ റീന രാജൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പൊലീസ് നടപടി തുടങ്ങിയത്. അഞ്ഞൂറിൽ കൂടുതൽ നഴ്സുമാരെ വാക്സിൻ നൽകുന്ന ഡ്യൂട്ടിക്കെന്ന പേരിൽ പണം വാങ്ങി, ദുബായിയിൽ എത്തിച്ച് മസാജ് സെന്റർ ഹോം കെയർ ജോലികൾക്കായി പോകണമെന്ന് ഭീഷണിപ്പെടുത്തുകയും മുറിയിൽ അടച്ചിടുകയുമായിരുന്നുവെന്നാണ് പരാതി.
തട്ടിപ്പ് നടത്തി സമ്പാദിക്കുന്ന പണത്തിൽ നല്ലൊരു പങ്കും ഫിറോസ് ഖാൻ ഉപയോഗിച്ചത് ആഡംബര കാറുകൾ വാങ്ങാനായിരുന്നുവെന്നാണ് കണ്ടെത്തൽ. ഫിറോസ് ഖാന് വാഹനങ്ങൾ മറിച്ച് വിൽക്കുന്ന ഇടപാടുമുണ്ട്. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് വാങ്ങിയ കാറുകൾ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. നിരവധി പേരെയാണ് ഫിറോസ് ഖാനും സുഹൃത്തും ദുബായിലേക്ക് അയച്ചത്. ഓരോരുത്തരിൽനിന്നും 2.5 ലക്ഷം രൂപ മുൻകൂറായി കൈപ്പറ്റുകയും ചെയ്തിരുന്നു.
റിക്രൂട്ടിങ് ലൈസെൻസ് ഇല്ലാത്തതിനാൽ വേറെ പല ഏജൻസികളിലൂടെയാണ് ഇവർക്ക് ജോലി ശരിയാക്കാൻ ഉദ്ദേശിച്ചത്. എന്നാൽ വാഹന കച്ചവടക്കാരായ ഇവർ കിട്ടിയ പണം മുഴുവൻ സെക്കന്റ് ഹാൻഡ് വണ്ടികൾ വാങ്ങാൻ ചെലവാക്കി. ദുബായിലുള്ള ഏജന്റുമാർക്ക് പണം കിട്ടാതിരുന്നത്തോടെ പലരും പിൻവലിഞ്ഞു. ഇതോടെ പല ദിവസങ്ങളിലായി വിദേശത്ത് എത്തിയ ഉദ്യോഗാർഥികൾ താമസിക്കാൻ സ്ഥലമോ, ഭക്ഷണമോ, ജോലിയോ ഇല്ലാതെ പെരുവഴിയിലായി. ഇതിനിടയിൽ പലരും സ്വന്തംനിലയ്ക്ക് അവിടെ പല ജോലികളും തരപ്പെടുത്തി.
പണം നഷ്്ടപെട്ട ചിലർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. കേസെടുത്ത വിവരം അറിഞ്ഞ രണ്ടുപേരും കോഴിക്കോട്ടെത്തി അവിടെനിന്നു ഡൽഹിക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഫിറോസ് ഖാനെ സമാനമായ കുറ്റത്തിന് കഴിഞ്ഞ മാസം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ