- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തവനൂരിൽ കെ.ടി.ജലീൽ തോറ്റാൽ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വരാം; എന്തുവേണമെങ്കിലും സംഭവിക്കാം; എനിക്ക് വധഭീഷണിയുണ്ട്; എന്നെ ഇല്ലാതാക്കാൻ സാധ്യതയുണ്ട്; എന്നാലും ഞാൻ തളരില്ല'; തനിക്കെതിരെ സൈബറാക്രമണവും തകൃതിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ; വൃക്കരോഗികൾക്കുള്ള പദ്ധതി ജലീൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി മുടക്കിയെന്നും ഫിറോസിന്റെ ആരോപണം
മലപ്പുറം: മന്ത്രിയും തവനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.ടി.ജലീലിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ ഫിറോസ് കുന്നുംപറമ്പിൽ. കെ.ടി ജലീൽ പരാജയപ്പെട്ടാൽ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വരാമെന്നും താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.റിപ്പോർട്ടർ ടിവിയോടായിരുന്നു ഫിറോസിന്റെ തുറന്നുപറച്ചിൽ.
തവനൂരിൽ തോൽവിയാണെങ്കിൽ ഫിറോസ് കുന്നംപറമ്പിലിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കും, അതിൽ യാതൊരു വിധ സംശയവും വേണ്ട. മാഷാ അല്ലാഹ് എന്നൊക്കെ ഒട്ടിച്ച ഇന്നോവ ഒക്കെ ഓടിച്ചുനടക്കുന്ന കാലമാണല്ലോ. എന്തു വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. തീർച്ചയായും വധഭീഷണിയുണ്ടെന്നും അതൊന്നും ആരും പറഞ്ഞുകൊണ്ട് ചെയ്യുന്നതല്ലല്ലോ എന്നും ഫിറോസ് പ്രതികരിച്ചു.
കെ.ടി ജലീൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി വൃക്കരോഗികൾക്കുള്ള സഹായം ഇല്ലാതാക്കി. കിഡ്നി വെൽഫെയർ അസോസിയേഷന്റെ പരിപാടിക്ക് പോയപ്പോൾ ഭാരവാഹികളാണ് ഇക്കാര്യം പറഞ്ഞതെന്നും ഫിറോസ് പറഞ്ഞു. ജലീൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി പാവപ്പെട്ട വൃക്കരോഗികൾക്കുള്ള സഹായ പദ്ധതി മുടക്കിയെന്ന് ഫിറോസ് പറഞ്ഞു. ജലീൽ എംഎൽഎയും മന്ത്രിയും ആയതുകൊണ്ട് ഗുണമുണ്ടായത് അയാൾക്ക് മാത്രമാണ്. ഞാൻ തെരഞ്ഞെടുക്കപ്പെട്ടാൽ ജനങ്ങളുടെ പ്രതിനിധിയാകും. സ്വർണം കടത്താൻ പോകില്ല. കിഡ്‌നി വെൽഫെയർ അസോസിയേഷന്റെ പരിപാടിക്ക് പോയപ്പോൾ ഭാരവാഹികൾ മന്ത്രി ഈ പദ്ധതി മുടക്കിയ കാര്യം അറിയിച്ചു. അന്വേഷിച്ചപ്പോൾ ഇത്തരം പദ്ധതികൾ ജലീൽ മുടക്കിയിട്ടുണ്ടെന്ന് വ്യക്തമായി.
ഫിറോസിന്റെ വാക്കുകൾ
ഞാൻ എന്തായാലും സ്വർണം കടത്താനൊന്നും പോകില്ല. മലപ്പുറം ജില്ലാ പഞ്ചായത്ത് കിഡ്‌നി വെൽഫെയർ അസോസിയേഷനും കിഡ്‌നി ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്കും വേണ്ടി ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് ജോലിക്ക് പോകാൻ പറ്റാത്തതുകൊണ്ട് അവർക്ക് സഹായങ്ങളും മരുന്നു നൽകുന്നതായിരുന്നു പദ്ധതി. കെ ടി ജലീൽ സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തി ഈ പദ്ധതി മുടക്കി.
കിഡ്‌നി വെൽഫെയർ അസോസിയേഷന്റെ പരിപാടിക്ക് പോയപ്പോൾ ഭാരവാഹികൾ മന്ത്രി ഈ പദ്ധതി മുടക്കിയ കാര്യം അറിയിച്ചു. അന്വേഷിച്ചപ്പോൾ ഇത്തരം പദ്ധതികൾ ജലീൽ മുടക്കിയിട്ടുണ്ടെന്ന് വ്യക്തമായി.
ജീവകാരുണ്യ പ്രവർത്തനം ജയിച്ചാലും ഉണ്ടാകും. സർക്കാരിൽ നിന്നും കൂടുതൽ പദ്ധതികൾ കൊണ്ടുവരാൻ ശ്രമിക്കും. തോറ്റാൽ ഞാൻ ഉണ്ടാകുമോ എന്നറിയില്ല. എന്നെ വകവരുത്താനുള്ള പദ്ധതികൾ ഇപ്പോൾ തന്നെ ആസൂത്രണം ചെയ്ത് കഴിഞ്ഞു. മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച വാഹനമൊക്കെ നമുക്ക് മുൻപേ ഓർമ്മയുണ്ടല്ലോ. അത് ചിലപ്പോ ഇനിയുമുണ്ടാകാം. തീർച്ചയായും വധഭീഷണിയുണ്ട്. എന്നെ ഇല്ലാതാക്കാൻ സാധ്യതയുണ്ട്. എന്നാലും ഞാൻ തളരില്ല. എനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നുണ്ട്. പല ആരോപണങ്ങളും എനിക്കെതിരെ കൊണ്ടുവരാൻ ശ്രമിച്ചു.
ഞാൻ ജനങ്ങൾക്കിടയിൽ നിന്ന് വന്നതാണ്. ജലീൽ എംഎൽഎ ആയിരുന്നു, മന്ത്രിയായിരുന്നു. മന്ത്രിയായതുകൊണ്ട് അയാൾക്ക് മാത്രമാണ് ഗുണം ലഭിച്ചിട്ടുള്ളത്. ജലീൽ മാത്രമാണ് എംഎൽഎയും മന്ത്രിയുമായത്, ജനങ്ങളല്ല. ഞാൻ എംഎൽഎ ആയാൽ ജനങ്ങളുടെ പ്രതിനിധിയാണ്. പ്രധാനമായും വയ്യാത്ത ആളുകളെ സഹായിക്കും. അത്തരം പദ്ധതികൾ മണ്ഡലത്തിൽ കൊണ്ടുവരും. യു.ഡി.എഫ് പ്രകടന പത്രികയിൽ അത്തരം പദ്ധതികളുണ്ട്
മറുനാടന് മലയാളി ബ്യൂറോ