- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളന്റെ മക്കളെന്ന പേര് കേട്ട് എന്റെ മക്കൾ വളരരുതെന്നാണ് ആഗ്രഹം; തത്കാലം സഹായങ്ങൾ നിർത്തുന്നു; ചികിത്സയ്ക്കായി പിരിച്ച തുക തട്ടിയെടുത്തെന്ന കേസ് എന്നെ വ്യക്തിഹത്യ ചെയ്യാനുള്ള രണ്ടുപേരുടെ ശ്രമം; മനംമടുത്ത് ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ഫിറോസ് കുന്നുംപറമ്പിൽ
തിരുവനന്തപുരം: നിരവധി ആളുകൾക്ക് സഹായങ്ങൾ എത്തിച്ചു കൊണ്ട് സോഷ്യൽ മീഡിയയുടെ നന്മമരമായി മാറിയ വ്യക്തിയാണ് ഫിറോസ് കുന്നുംപറമ്പിൽ. സോഷ്യൽ മീഡിയിൽ വഴി വീഡിയോ എടുത്ത് പ്രവാസികൾ അടക്കമുള്ളവരിൽ നിന്നും സഹായം സ്വീകരിച്ച് കഷ്ടത അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുക എന്നതാണ ഫിറോസിന്റെ ശൈലി. ഈ ശൈലിക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുകയും ചെയ്തിരുന്നു. ഫിറോസിന് ചാരിറ്റി പ്രവർത്തനം ബിസിനസ് ആണ് എന്നത് അടക്കമുള്ള ആരോപണങ്ങളായിരുന്നു ഉയർന്നത്. ഇങ്ങനെ പലകോണുകളിൽ നിന്നും വിമർശനം ഉയർന്നപ്പോഴാണ് ഫിറോസ് കുന്നുംപറമ്പിൽ ഇടക്കാലത്ത് സോഷ്യൽ മീഡിയ വഴിയുള്ള ചാരിറ്റി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വർഷം റമദാൻ കാലത്താണ് ചാരിറ്റി പ്രവർത്തനം വീണ്ടും തുടങ്ങിയത്. എന്നാൽ,
എന്നാൽ, ഈ മാസമാദ്യം രോഗിയായ കുഞ്ഞിന്റെ ചികിത്സയ്ക്കായി പിരിച്ച പണം തട്ടിയെടുത്തെന്ന ദമ്പതികളുടെ പരാതിയിൽ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയും ആരതിയുമാണ് ഫിറോസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജന്മനാ കുടൽസംബന്ധമായ തകരാറുള്ള കുഞ്ഞിന് ചികിത്സയ്ക്കുള്ള പണമെത്തിക്കാമെന്ന് പറഞ്ഞ് ഫിറോസ് തങ്ങളെ വഞ്ചിച്ചതായി സഞ്ജയ്- ആരതി ദമ്പതികൾ പറയുന്നു. കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം സമാഹരിക്കുന്നതിനായി ഫിറോസ് സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചരണങ്ങൾ നടത്തി. കുഞ്ഞിനായി ആളുകൾ എത്തിച്ച പണമെല്ലാം ഫിറോസിന്റേയും ഫിറേസ് നിർദ്ദേശിച്ച മറ്റൊരാളുടേയും അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് ദമ്പതികൾ പറയുന്നു. ഒടുവിൽ കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള പണംപോലും എത്തിക്കാതെ ഫിറോസ് എല്ലാതുകയും തന്റേതാക്കിയെന്നാണ് ഇവരുടെ പരാതി. തങ്ങളെക്കൊണ്ട് ഫിറോസ് നിർബന്ധിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങിയതായും ദമ്പതികൾ ആരോപിക്കുന്നു. കേസിൽ മാനന്തവാടി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ആരോപണങ്ങളിൽ മനംമടുത്ത് താൻ ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. തുടർച്ചയായി ഉയർന്ന ആരോപണങ്ങളിൽ മനം മടുത്താണ് ചാരിറ്റിപ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു.
പണം വാങ്ങിയ ശേഷം തന്നെ കള്ളനാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഇത്രയുമധികം തെറിവിളികൾ കേട്ട് തനിക്ക് ചാരിറ്റി നടത്തേണ്ട കാര്യമില്ലെന്നും ഫിറോസ് പറഞ്ഞു. തനിക്ക് കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ചിലർ ആരോപണങ്ങളുമായി രംഗത്ത് വന്നത്. കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കൾ വളരരുതെന്നാണ് ആഗ്രഹമെന്നും ഫിറോസ് വ്യക്തമാക്കി. അതുകൊണ്ട് തത്കാലം സഹായങ്ങൾ നിർത്തുകയാണ്. പ്രശ്നങ്ങളും വിവാദങ്ങളും തീരട്ടെ. മാനസികമായി താൻ തളർന്നിരിക്കുകയാണെന്നും ഫിറോസ് പറഞ്ഞു. താൻ ബാങ്ക് രേഖകൾ സൂക്ഷിക്കാറില്ല. കണക്കുകളിൽ ചിലതൊന്നും എഴുതാറില്ല. അത് എനിക്കും പടച്ചവനും മാത്രമേ അറിയൂ. രണ്ടു വർഷം മുൻപ് നടന്ന സംഭവത്തെക്കുറിച്ച് തന്നോട് ഒന്നും ചോദിക്കേണ്ട. ഒന്നും ഓർമയില്ല, എല്ലാ കാര്യങ്ങളും ഓർത്തിരിക്കാൻ താൻ കമ്പ്യൂട്ടറല്ലെന്നും ഫിറോസ് പറഞ്ഞു.
തന്റെ വിശ്വാസ്യത തകർക്കാനും വ്യക്തിഹത്യ ചെയ്യാനുമുള്ള രണ്ട് പേരുടെ ശ്രമങ്ങളുടെ ഭാഗമാണ് തനിക്കെതിരെ വയനാട്ടിൽ രജിസ്റ്റർ ചെയ്തെന്ന കേസെന്ന് ഫിറോസ് പറയുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പണം ഫിറോസ് കുന്നുംപറമ്പിൽ തട്ടിയെടുത്തെന്ന വയനാട് സ്വദേശികളുടെ പരാതിയെത്തുടർന്നാണ് ഫിറോസിനെതിരെ മാനന്തവാടി പൊലീസ് കേസെടുത്തത്. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾക്ക് പണം കൈമാറിയതിന്റെ സ്റ്റേറ്റ്മെന്റ് തന്റെ കൈയിലുണ്ടെന്നും സാമ്പത്തിക കുറ്റാരോപണം ആയതുകൊണ്ട് പ്രാഥമികാന്വേഷണം നടത്താതെ പ്രതിയാക്കില്ലെന്നും ഫിറോസ് പറഞ്ഞു.
ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ: മാനന്തവാടി പൊലീസ് എന്റെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയേ ചെയ്തിട്ടില്ല.സാമ്പത്തിക കുറ്റാരോപണം ആയതുകൊണ്ട് പ്രാഥമികാന്വേഷണം നടത്താതെ പ്രതിയാക്കില്ല. എനിക്കെതിരെ കേസെടുക്കാൻ ഒരു തെളിവുപോലുമില്ല. പണം നൽകിയതിന്റേയും മറ്റൊരു രോഗിക്ക് കൈമാറിയതിന്റേയും കൃത്യമായ സ്റ്റേറ്റ്മെന്റുകൾ കൈയിലുണ്ട്. അത് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് എന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം നടക്കുന്നു. രണ്ടു പേർ ഒന്നര വർഷമായി തുടർച്ചയായി വ്യക്തിഹത്യയ്ക്ക് ശ്രമിക്കുന്നു. ഈ കേസും അതിന്റെ ഭാഗമാണ്. ചികിത്സാ സഹായം സ്വീകരിക്കുന്ന രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് അവരെ എനിക്കെതിരെ ഉപയോഗിക്കുന്നു.
സ്വന്തം ചികിത്സയ്ക്ക് പണം ലഭിച്ച ശേഷം അധികമായി കിട്ടുന്ന തുക ദുരിതമനുഭവിക്കുന്ന മറ്റൊരാൾക്ക് കൈമാറാൻ പലരും മടി കാണിക്കുന്നത് വേദനാജനകമാണ്. ധനസഹായം അഭ്യർത്ഥിക്കുന്നവർ കാര്യം നടന്നുകഴിയുമ്പോൾ സമാന സാഹചര്യത്തിലുള്ളവരോട് അനുകമ്പ കാണിക്കാത്തത് ഞെട്ടലുണ്ടാക്കുന്നു. രോഗികളുടെ കുടുംബങ്ങൾ ഇങ്ങനെ പെരുമാറിയാൽ ജീവകാരുണ്യപ്രവർത്തനം മുന്നോട്ടുപോകില്ല. തുക അക്കൗണ്ടിലെത്തുമ്പോൾ മുഴുവനും വേണം, മറ്റ് രോഗികൾക്ക് കൊടുക്കില്ലായെന്ന് വാശി പിടിക്കുന്നതാണ് പ്രശ്നം.
നന്മയുള്ളവർ എന്നിലർപ്പിക്കുന്ന വിശ്വാസമാണ് പണമായി മാറുന്നത്. വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പലരും വരുന്നത് എന്റെ വിശ്വാസ്യത കൊണ്ടാണ്. ഞാനില്ലെങ്കിലും ചാരിറ്റി നടക്കും. വേറെ ആളുകൾ ജീവകാരുണ്യപ്രവർത്തനം നടത്തും. പക്ഷെ, ഞാൻ വഴി സഹായം ലഭ്യമായേക്കുന്ന ആളുകളുണ്ട്. അവർക്ക് വേണ്ടിയാണിത് തുടരുന്നത്.
രോഗികളും കുടുംബങ്ങളും ആവശ്യപ്പെടുന്നതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്. സ്വന്തം ഫേസ്ബുക്കിൽ സ്വയം വീഡിയോ ചെയ്താൽ ചികിത്സയ്ക്ക് വേണ്ട ഭീമമായ തുക കിട്ടിയേക്കില്ല. എന്നെ വിശ്വസിച്ച് നല്ല മനുഷ്യർ പണം തരുമെന്നതുകൊണ്ടാണ് എന്റെ ആവശ്യകതയുണ്ടാകുന്നതും, എന്നെ വിളിക്കുന്നതും. മറ്റുള്ളവർക്ക് നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ഒടുവിൽ കുറ്റപ്പെടുത്തലും വിമർശനവുമാണ് തങ്ങൾക്ക് തിരിച്ചുകിട്ടുക എന്ന് ബോധ്യമുള്ളവരാണ്. അത് സ്വാഭാവികമാണ്.
വയനാട് സംഭവത്തിലെ വിശദീകരണം
സഹായം കിട്ടി കഴിഞ്ഞാൽ സഹായിച്ചവർ കള്ളമ്മാരാവുന്ന അവസ്ഥ. 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികൾക്ക് നൽകാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടാൽ കാണാം ആർക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവർക്ക് നൽകിയ പണം അവർ എന്ത് ചെയ്തു എന്നും. സഞ്ജയ് ഒപ്പിടാതെ ഒരു രൂപ പോലും മറ്റൊരാൾക്ക് നൽകാൻ കഴിയില്ല. എന്തിന് അക്കൗണ്ടിൽ എത്ര രൂപ വന്നു എന്നറിയുന്നതുപോലും സഞ്ജുവിന്റെ നമ്പരിലാണ്. ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത്.
10 ലക്ഷം നൽകിയിട്ടും ചികിത്സക്ക് മുൻപ് 10 ലക്ഷം തീർന്നു എന്നും പറഞ്ഞ് വന്നു. പിന്നീട് രണ്ടാമത് വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടു. അത് ചെയ്യാൻ ഞാൻ തയ്യാറായില്ല. പകരം ട്രസ്റ്റിന്ന് 1 ലക്ഷം രൂപ ചെക്ക് നൽകി ബാക്കി സർജറിക്കുള്ള സംഖ്യ ഞാൻ ആശുപത്രിയിൽ കെട്ടിവച്ചു. സർജറി കഴിഞ്ഞു ഇപ്പോൾ കുട്ടി സുഖമായിരിക്കുന്നു. കുട്ടിക്ക് പ്രോട്ടീൻ പൗഡർ വാങ്ങണം. കക്കൂസ് ശരിയാക്കണം. വീട് ശരിയാക്കണം. ഇതൊന്നും ഞാൻ ചെയ്യേണ്ടതല്ല. ആരെയും മരണം വരെ നോക്കാനും കഴിയില്ല. അതൊക്കെ സഞ്ജയ് ആണ് ചെയ്യേണ്ടത്. ഒരാപത്തിൽ സഹായിച്ചതിന് നമുക്ക് കിട്ടുന്ന കൂലിയെന്താണെന്ന് കണ്ടോ. അതിൽ നിന്നും 1 രൂപ പോലും ഞാനോ എന്റെ ആവശ്യങ്ങൾക്കോ എടുത്തിട്ടില്ല. സ്റ്റേറ്റ്മെന്റ് വരട്ടെ. നിങ്ങൾ തന്നെ കണ്ട് ബോധ്യപ്പെടു'.
മറുനാടന് മലയാളി ബ്യൂറോ