- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ സജ്നയോട് ചെവിയിൽ പറഞ്ഞു, നമ്മൾ പുറത്താകാൻ പോകുകയാണ്, നീ കരയരുത്; ഞാനൊരു സ്ത്രീവിരോധിയാണെന്ന് അവർ പ്രചരിപ്പിച്ചു': പൊളി ഫിറോസിനെയും സജ്നയെയും പുറത്താക്കാൻ കരുക്കൾ നീക്കിയത് ആര്?
ബിഗ് ബോസ് മൂന്നാം സീസണിലെ ജനപ്രിയ മൽസരാർത്ഥികളുടെ കൂട്ടത്തിലായിരുന്നു സജ്ന- ഫിറോസ് ദമ്പതികളുടെ സ്ഥാനം. ബിഗ് ബോസ് ഹൗസിൽ ഇവരെ ചൊല്ലി ഒട്ടേറെ പ്രശ്നങ്ങൾ തിരികൊളുത്തിയെങ്കിലും അവരുടെ ജനകീയതയ്ക്ക് ഇടിവ് തട്ടിയിരുന്നില്ല. ഒടുവിൽ പ്രേക്ഷകതാൽപര്യങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു അവർ പുറത്താക്കപ്പെട്ടത്. എന്നാൽ പുറത്തിറങ്ങിയ ഇരുവരെയും ചുമലിലെടുത്താണ് ആരാധകർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്. എന്തുകൊണ്ടാണ് തങ്ങൾ വേട്ടയാടപ്പെട്ടത്, ആരൊക്കെയാണ് വേട്ടയ്ക്ക് നേതൃത്വം നൽകിയത്, ബിഗ് ബോസിൽ നിന്ന് പുറത്തായത് സ്ക്രിപ്റ്റിന്റെ ഭാഗമോ? വിവാദങ്ങൾക്ക് പൊളി ഫിറോസും ഭാര്യ സജ്നയും മറുപടി നൽകുന്നു, രണ്ടാംഭാഗം.
ഫിറോസ് ഇക്കയുടെ ഏത് ക്വാളിറ്റിയാണ് സജ്നയെ ആകർഷിച്ചത്?
സജ്ന: ഒന്നും മറച്ചുവയ്ക്കാതെ പെരുമാറുന്നയാളാണ് ഫിറോസ് ഇക്ക. എല്ലാവരെയും മനസ് തുറന്നു സ്നേഹിക്കുന്ന കാരക്ടറാണ് അദ്ദേഹത്തിന്റെത്. ഒരു കാര്യത്തിലും നിർബന്ധം പിടിക്കുന്ന ആളല്ല ഇക്ക. ഒരിക്കലും എന്നോട് നീ ഇത് ചെയ്യ്, അത് ചെയ്യ് എന്നൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഈ ഗുണങ്ങൾ തന്നെയാണ് വിവാഹം ചെയ്യുന്നതിനും കാരണമായത്. കല്യാണത്തിന് മുമ്പ് ഒരു മാസം അദ്ദേഹം ഒരു കന്നഡ സിനിമയിൽ അഭിനയിക്കാൻ പോയിരുന്നു. ആ സമയം ഞങ്ങൾക്ക് ഒരുപാട് സംസാരിക്കാൻ അവസരം ലഭിച്ചു. അന്ന് ഒരേ വേവ് ലെങ്ത് ഫീൽ ചെയ്തതുകൊണ്ടാണ് കല്യാണത്തിന് സമ്മതിച്ചത് തന്നെ. ഇന്ന് ഞാനതിൽ വളരെ ഹാപ്പിയാണ്. ഒരുകാലത്ത് ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചതുകൊണ്ടാകാം, ദൈവം എനിക്ക് ഇപ്പോൾ എല്ലാ സൗഭാഗ്യങ്ങൾ ഒന്നിച്ചുതന്നത്.
ജീവിതത്തിൽ ഏറ്റവും വേദനിപ്പിച്ച അനുഭവമേതാണ്?
സജ്ന: ഞാനെപ്പോഴും ഇക്കയോട് ചോദിക്കാറുണ്ട്, നമ്മൾ നേരത്തെ കണ്ടുമുട്ടിയിരുന്നെങ്കിൽ എന്ന്. ഞങ്ങളുടെത് ആദ്യ വിവാഹമല്ല. എന്നാൽ ആദ്യവിവാഹം പോലെ തന്നെയാണ് ഞങ്ങൾ ജീവിക്കുന്നത്. എന്റെ മകൾ ഇക്കയുടെത് തന്നെയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. അതൊരു വലിയ വേദനയാണ്.
ഫിറോസ് ഇക്കയുടെ കല്യാണ ആലോചന വരുന്നത് എങ്ങനെയാണ്?
സജ്ന: ഞാൻ ഫോക്സ്വാഗൻ ഷോറൂമിൽ ജോലി ചെയ്യുന്ന സമയത്താണ് ഇക്ക എന്നെ കാണുന്നത്. ഇക്ക ആദ്യം എന്നോടുള്ള താൽപര്യം പറയുന്നത് കൂട്ടുകാരോടാണ്. അതിലൊരു കൂട്ടുകാരൻ എന്റെ സഹോദരന്റെ കൂട്ടുകാരൻ കൂടിയായിരുന്നു. അങ്ങനെയാണ് വീട്ടിൽ ആലോചന എത്തുന്നത്. അപ്പോഴാണ് രണ്ടുപേരും ഡിവോഴ്സ് ആണെന്ന കാര്യം പരസ്പരം അറിയുന്നത്. ഞാൻ രണ്ട് ദിവസം ഇക്കയോട് സംസാരിച്ചു. അതുകഴിഞ്ഞാണ് ഇക്ക നേരത്തെ പറഞ്ഞ കന്നഡ സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. തിരിച്ചെത്തിയ ഉടൻ വീട്ടുകാർക്കൊപ്പം വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു. അതൊരു നോമ്പ് സമയമായിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
ഫിറോസ്: ഞാനൊരു സ്ത്രീവിരോധിയാണെന്നായിരുന്നു ബിഗ് ബോസിനുള്ളിലെ പ്രചരണം. ഏതെങ്കിലുമൊരു സ്ത്രീവിരോധി തന്റെ ഭാര്യയെ കൈപിടിച്ച് തന്നോടൊപ്പം താൻ നിൽക്കുന്ന അതേ മേഖലയിലെ ഒരു ഷോയിൽ കൊണ്ടുവരുമെന്ന് ചിന്തിക്കാൻ കഴിയുമോ? അത് എന്റെ മേഖലയായിരുന്നു. വർഷങ്ങളായി ഞാൻ പ്രവർത്തിച്ച് എസ്റ്റാബ്ലിഷ് ചെയ്ത മേഖലയാണ്. എന്റെ ഭാര്യയ്ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കൈപിടിച്ച് കൊണ്ടുവരുകയായിരുന്നു. ഞാനൊരു സ്ത്രീവിരോധിയായിരുന്നെങ്കിൽ അത്തരമൊരു കാര്യം നടക്കുമായിരുന്നോ. അപ്പോൾ ആ പ്രചരണത്തിന് എന്ത് അടിസ്ഥാനമാണുള്ളത്?
13 എന്ന നമ്പർ എടുത്തത് മാത്രമല്ല, സ്ത്രീകൾക്കെതിരെ നടന്ന താങ്കൾ നടത്തിയെന്ന് പറയുന്ന ആക്രമണവും ബിഗ്ബോസ് ഹൗസിൽ നിന്നും പുറത്തേയ്ക്കുള്ള വാതിൽ തുറന്നെന്നാണ് പറയപ്പെടുന്നത്. താങ്കൾ എന്ത് ആക്രമണമാണ് സ്ത്രീകൾക്കെതിരെ അവിടെ നടത്തിയത്?
ഫിറോസ്: എനിക്കറിയില്ല. മറ്റൊരു മൽസരാർത്ഥി ചെയ്യാത്ത രീതിയിൽ എന്ത് അക്രമമാണ് അവിടത്തെ സ്ത്രീകളോട് ഞാൻ ചെയ്തത്? ഞാൻ ചെയ്തതിലും അപ്പുറമല്ലേ മറ്റ് രണ്ടുപേരും സ്ത്രീകളോട് പെരുമാറിയത്. അതിലേയ്ക്ക് ഞാൻ കൂടുതൽ പോകുന്നില്ല.
അങ്ങനെയാണെങ്കിൽ 13-ാം നമ്പർ തെരഞ്ഞെടുത്തതുകൊണ്ടാണോ പുറത്തേയ്ക്ക് പോകേണ്ടിവന്നത്?
ഫിറോസ്: ഞാനായിട്ട് തെരഞ്ഞെടുത്ത നമ്പരല്ല 13. അത്രയുംപേർ എന്നോട് സംസാരിച്ച് ജയിച്ചിട്ടുമല്ല ഞാൻ പുറത്തായത്. സംസാരിച്ച് തോൽപ്പിച്ചിട്ട് കളം പിടിച്ചെടുക്കുക എന്നതാണ് ഗെയിം. ബിഗ് ബോസ് പറഞ്ഞിട്ടാണ് ഞങ്ങൾ 13 ൽ കയറിയത്. ബാക്കി 12 പേരും ഒന്നിച്ചുനിന്നാണ് ഞങ്ങളെ പുറത്താക്കാൻ ശ്രമിച്ചത്. അവരെ കുറ്റം പറയുന്നതല്ല. ഏറ്റവും ശക്തനായ എതിരാളിയെ പുറത്താക്കാനായല്ലേ അവർ ശ്രമിക്കുകയുള്ളു. പക്ഷെ ഗെയിമിൽ പറയുന്നത് പോലെ എന്നെ തർക്കിച്ച് തോൽപ്പിക്കാൻ അവർക്ക് സാധിച്ചോ? ഇതിന് മുമ്പ് ക്യാപ്റ്റൻസി മൽസരത്തിലും നാല് പേർ വന്ന് നാല് വശത്ത് നിന്നും എന്നെ തർക്കിച്ച് തോൽപ്പിക്കാൻ ശ്രമിച്ചിട്ട് ഞാൻ തോറ്റോ. സമയം കഴിഞ്ഞുപോയിട്ട് അവസാനം ആര് പുറത്തുപോകണമെന്ന് ബിഗ് ബോസ് ചോദിച്ചപ്പോൾ നാല് പേരും കൂടി എനിക്ക് നേരെ വിരൽ ചൂണ്ടുകയായിരുന്നു. അങ്ങനെയൊക്കെയെ അവർക്ക് എന്നെ ഔട്ട് ആക്കാൻ സാധിക്കുകയുള്ളു.
നിങ്ങളെ മാത്രം വളരെ പ്ലാൻഡ് ആയിട്ട് പുറത്താക്കിയിട്ട് രണ്ട് മൽസരാർത്ഥികൾ മാത്രം വെറുതേയിരുന്നു. അപ്പോൾ ഫിറോസിക്ക ചോദിച്ചിരുന്നു ഇപ്പോൾ നിങ്ങൾക്ക് ഗെയിം കളിക്കണ്ടെ എന്ന്. അതെന്തായിരുന്നു സംഭവിച്ചത്? അതൊരു വ്യക്തിവൈരാഗ്യമായി തോന്നിയിട്ടുണ്ടോ?
ഫിറോസ്: സംഭവിച്ചതൊക്കെ ജനം കണ്ടല്ലോ. അതിലിനി ഞാൻ എന്തുപറയാനാണ്. ശക്തരായവരെ പുറത്താക്കുക എന്നതാണ് ഈ ഗെയിം. പക്ഷെ എന്നെ സംബന്ധിച്ച് ശക്തനായ ഒരാളെ എല്ലാവരും ചേർന്ന് പുറത്താക്കി എന്നതാണ് എന്റെ അനുഭവം.
സജ്ന: ഗെയിമിന്റെ കാര്യത്തിൽ എനിക്കൊരു അബദ്ധം പറ്റിയിട്ടുണ്ട്. ഹുക്കിട്ട് വലിക്കുന്ന ഗെയിമിൽ എനിക്ക് തോന്നിയത് മണിക്കുട്ടൻ ചേട്ടന്റെ കഴുത്ത് മുറുകുന്നു എന്നാണ്. ഇക്ക അപ്പോഴും പറയുന്നുണ്ട് അത് വെറും ആക്ടിങാണെന്ന്. പക്ഷെ ഞാൻ കരുതിയത് ഗെയിം പോയാലും വേണ്ടില്ല എന്നാണ്. കഴുത്ത് മുറുകി എന്തെങ്കിലും സംഭവിച്ച് പോയാൽ പിന്നെ ഗെയിമായിരുന്നെന്ന് പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ? അതിലാണ് നമുക്ക് ആ ഗെയിം കൈവിട്ട് പോയത്. അല്ലെങ്കിൽ അതിലും നമ്മൾ മാക്സിമം പിടിച്ചുനിന്നേനെ.
ആ ഗെയിം നമുക്ക് നല്ല ഫണ്ണി ആയി കൊണ്ടുപോകാൻ പറ്റുമായിരുന്നു. എനിക്ക് വെള്ളം കുടിക്കാൻ പോണം, സാധനങ്ങളെടുക്കാൻ പോണം എന്നിങ്ങനെ ഞാൻ അവരെ നന്നായിട്ട് കറക്കിയേനെ. പക്ഷെ അവർ ആദ്യം തന്നെ അത് വലിച്ചുപൊട്ടിക്കാനാണ് നോക്കിയത്.
ഫിറോസ് ഇക്ക സംസാരിക്കുമ്പോൾ തുപ്പൽ തെറിക്കുന്നു എന്നുവരെ ആരോപണമുയർത്തിയിരുന്നല്ലോ?
ഫിറോസ്: ലോകത്ത് ഏതൊരു വ്യക്തിയും ഉറക്കെയോ ദേഷ്യത്തിലോ സംസാരിക്കുമ്പോൾ തുപ്പൽ തെറിക്കുന്നത് സ്വാഭാവികമാണ്. ഈ പറഞ്ഞ വ്യക്തി സംസാരിക്കുമ്പോൾ എത്രയോ തവണ എന്റെ മുഖത്ത് തെറിച്ചിട്ടുണ്ട്. പക്ഷെ ഞാനത് അന്ന് വിളിച്ച്പറഞ്ഞ് അപമാനിച്ചില്ല. അത് എന്റെ മാന്യതയാണ്.
ബിഗ് ബോസ് ഹൗസിനുള്ളിൽ താങ്കളോട് ഏറ്റവുമധികം തർക്കിച്ചിട്ടുള്ളത് കിടിലം ഫിറോസാണ്. നിങ്ങൾ സുഹൃത്തുക്കളാണെന്ന് അറിയാം. ആ സമയത്ത് താങ്കളുടെ ഉള്ളിൽ തോന്നിയ വികാരമെന്താണ്?
ഫിറോസ്: എനിക്ക് ഇഷ്ടമില്ലാത്തത് കാണുമ്പോൾ ഞാനത് ചോദിക്കും. എന്റെ എന്തെങ്കിലും തെറ്റുകൾ കണ്ടാൽ നിങ്ങൾക്ക് എന്നോടും ചോദിക്കാം. പക്ഷെ എല്ലാവർക്കും ഇത് ദഹിക്കണമെന്നില്ല. അവർ തിരിച്ച് പറയും. ഇത് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് വഷളാകും. അതാണവിടെ സംഭവിച്ചത്. അല്ലാതെ ക്യാമറ ഉണ്ട് രണ്ട് ചോദ്യങ്ങൾ ചോദിച്ചേക്കാം എന്ന് കരുതി ചോദിക്കുന്നതല്ല.
സജ്ന: ശരിക്കും അവിടെ കയറി കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ ക്യാമറ ഉള്ള കാര്യമൊക്കെ നമ്മൾ മറന്നുപോകും. 24 മണിക്കൂറും നമ്മൾ അതിനകത്തല്ലേ. തിരിച്ച് ഇറങ്ങിയപ്പോഴാണ് ഇത്രയേറെ ക്രൂ ഇവിടെ ഉണ്ടായിരുന്നോ എന്ന് അന്തംവിടുന്നത്.
നിങ്ങളൊക്കെ ക്യാമറയുടെ മുന്നിൽ വന്ന് 'ബിഗ് ബോസ്, അത് അങ്ങനെയായിരുന്നു. ഇങ്ങനെയായിരുന്നു' എന്നൊക്കെ സംസാരിക്കുമ്പോൾ നിങ്ങൾ ചിന്തിക്കാറുണ്ടോ ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്, അവരുടെ കുറച്ച് സിംപതി പിടിക്കാമെന്നൊക്കെ?
ഫിറോസ്: സിംപതിയുടെ പുറത്തുള്ള വോട്ട് പറ്റിക്കൽ വോട്ടാണ്. ആ വോട്ട് എനിക്ക് വേണ്ട. അത്തരമൊരു കളി ഞാൻ കളിക്കുകയുമില്ല. ഞാൻ ഞാനായിട്ട് തന്നെ കളിച്ച് ഔട്ട് ആകാൻ ആഗ്രഹിക്കുന്ന ഒരാളാണ്.
നിങ്ങൾക്കെതിരെ വോട്ട് ചെയ്ത ഒമ്പതുപേർ ആരൊക്കെയാണ് അറിഞ്ഞിട്ടുണ്ടാകുമല്ലോ. എന്താണ് അവരോടുള്ള വികാരം?
ഫിറോസ്: ഞങ്ങൾ ആ എപ്പിസോഡ് ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് അവരാരൊക്കെയാണെന്ന് അറിയില്ല. അറിഞ്ഞാലും അതിനെ ഒരു ഗെയിമായിട്ട് തന്നെ എടുക്കാൻ തന്നെയാണ് താൽപര്യം. എന്റെ മുന്നിൽ ഇരുന്ന് പരസ്യമായിട്ടല്ലെ എല്ലാവരും കൂടി ഞങ്ങളെ പുറത്താക്കിയത്. അങ്ങനെയെങ്കിൽ എല്ലാവരോടും വൈരാഗ്യം തോന്നണ്ടേ. പക്ഷെ ഞങ്ങൾക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ല.
നിങ്ങളെ പുറത്താക്കിയപ്പോൾ ഇത് സ്ക്രിപ്റ്റഡ് ആണോ, നിങ്ങളെ മനഃപൂർവം പുറത്താക്കിയതാണോ എന്നൊക്കെയുള്ള സംശയങ്ങൾ ജനങ്ങളിൽ ഉണ്ടായി. അക്കാര്യങ്ങളിൽ ഒരു വ്യക്തത വരുത്താമോ?
ഫിറോസ്: അതിൽ ചെറിയൊരു ശതമാനം പോലും സ്ക്രിപ്റ്റഡല്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയും. ഇതിന് മുമ്പ് പല ഷോകളും അവതരിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്ത ഒരാളാണ് ഞാൻ. അതിൽ ചിലത് സ്ക്രിപ്റ്റഡാണ്. പക്ഷെ ബിഗ് ബോസ് തികച്ചും ഒരു റിയാലിറ്റി ഷോയാണ്. ശരീരത്തിൽ തൊടാൻ പാടില്ല എന്നത് പോലുള്ള ചില ടേംസ് ആൻഡ് കൺഡീഷൻസല്ലാതെ എങ്ങനെ കളിക്കണമെന്നതിനെ പറ്റി ഒരുതരത്തിലുമുള്ള നിർദ്ദേശങ്ങളും അവിടെ നിന്നും ലഭിക്കില്ല. നമ്മളെയങ്ങ് ഇറക്കിവിടുകയാണ്. അത്രയും ഒറിജിനലാണ് ആ ഷോ.
അനൂപുമായി തർക്കമുണ്ടായപ്പോൾ ഫിറോസിക്കയെ പിടിച്ചുമാറ്റാൻ സജ്ന മാത്രമെ ഉണ്ടായിരുന്നുള്ളു. വേറൊരാളും പിടിച്ചുമാറ്റാൻ പോലും വരാതിരുന്നത് എന്തുകൊണ്ടാകാം?
സജ്ന: അവിടെ ഒരു അടി നടന്നാൽ സ്വാഭാവികമായും നമ്മൾ പുറത്താകുമല്ലോ. അതാണല്ലോ അവർക്കും വേണ്ടത്. അപ്പോൾ അടി നടക്കട്ടെ എന്ന് അവർ കരുതിക്കാണും. അവരെ തെറ്റുപറയാൻ പറ്റില്ല. ശക്തരായ കളിക്കാർ പുറത്താകാനല്ലെ നമ്മളും ആഗ്രഹിക്കുകയുള്ളു.
മൂന്നാം സീസണിൽ ഒരുപാടുപേർ പ്രതീക്ഷിച്ചിരുന്നത് നിങ്ങൾ വിജയികളാകും എന്നായിരുന്നു. എന്നാൽ ഇടയ്ക്ക് വച്ച് പുറത്താക്കപ്പെട്ടപ്പോൾ എന്താണ് തോന്നിയത്?
ഫിറോസ്: അവിടെ ആ സംഭാഷണം നടക്കുമ്പോൾ തന്നെ ഞാൻ സജ്നയോട് ചെവിയിൽ പറഞ്ഞു, നമ്മൾ പുറത്താകാൻ പോകുകയാണ്. നീ കരയരുത്. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വീഴരുത്. ഒരു ട്രാക്ക് പോകുന്നത് കണ്ടാൽ എനിക്ക് മനസിലാകും, അത് എങ്ങോട്ടാണ് പോകുന്നതെന്ന്. നിങ്ങൾ ആ വീഡിയോ കണ്ടാലറിയാം. പുറത്തേയ്ക്ക് വരാൻ ലാലേട്ടൻ പറയുമ്പോൾ എനിക്ക് ഒരു ഭാവമാറ്റവുമില്ലായിരുന്നു. കാരണം ഞാനിത് പ്രതീക്ഷിച്ചിരുന്നു. എനിക്ക് വേണമെങ്കിൽ എല്ലാവരെയും സോപ്പിട്ട്, ആരെയും പിണക്കാതെ 100 ദിവസവും അവിടെ നിൽക്കാമായിരുന്നു. വേണമെങ്കിൽ ഫ്ളാറ്റ് തന്നെ കിട്ടുമായിരുന്നു. പക്ഷെ ഒരു ദിവസമെങ്കിൽ ഒരു ദിവസം, നിൽക്കുന്ന അത്രയും ദിവസം സത്യസന്ധമായി നിൽക്കനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്.
എന്നെ സംബന്ധിച്ച് ജീവിതത്തിൽ അധികമായി കിട്ടുന്നതെല്ലാം ബോണസാണ്. ഈ 53 ദിവസവും ബോണസായാണ് കാണുന്നത്. എന്നിട്ടും ജനങ്ങൾ ഞങ്ങളെ ഏറ്റെടുത്തു. നിങ്ങൾ ഞങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചാൽ അറിയാം. വലിയ റീച്ചൊന്നും ഉണ്ടായിട്ടില്ല. കാരണം സോഷ്യൽ മീഡിയയൊക്കെ ആരെയെങ്കിലും ഏൽപ്പിച്ച് അത്തരത്തിലൊരു ക്യാംപെയ്ൻ ഞങ്ങൾ നടത്തിയിട്ടില്ല. എന്നിട്ടും നമ്മുടെ കൂടെ നിൽക്കുന്നവർ ഞങ്ങളെ അത്രയും സ്നേഹിച്ചുവന്നവരാണ്. ഇപ്പോൾ പോലും ഫോണെടുത്ത് നോക്കിയാൽ നിരവധി മിസ്ഡ് കോളുകൾ വന്നിട്ടുണ്ടാകും.
ഇടയ്ക്ക് യൂട്യൂബിൽ ഒരു വീഡിയോ കണ്ടിരുന്നു. ചെറിയ പിള്ളേരോട് സജ്ന- ഫിറോസിനെ പുറത്താക്കിയതിനെ പറ്റി ചോദിക്കുമ്പോൾ മറുപടി മൊത്തം സെൻസർ ചെയ്യേണ്ടതാണ്. നിങ്ങളുടെ ഫാൻസിൽ വലിയൊരു ശതമാനവും ചെറിയ പ്രായത്തിലുള്ളവരാണല്ലോ?
ഫിറോസ്: ഞങ്ങൾ പുറത്തിറങ്ങിയ ശേഷം നിരവധി കോളുകൾ ഞങ്ങൾക്ക് വന്നുകൊണ്ടിരിക്കുകയാണ്. കൂടുതലും ചെറിയ കുട്ടികളാണ്. വരുന്ന കോളുകളൊക്കെ കഴിവതും ഞങ്ങൾ എടുക്കാറുണ്ട്. ഞങ്ങൾ അകത്തായിരിക്കുമ്പോൾ ഞങ്ങളെ പുറത്ത് പിന്തുണച്ചത് അവരാണ്. ആ സ്നേഹത്തിന് പകരം അവരുടെ ഫോൺകോളുകളെങ്കിലും ഞങ്ങൾ അറ്റൻഡ് ചെയ്യണ്ടേ. ഞങ്ങൾ ഞങ്ങളായിട്ട് തന്നെ ബിഗ് ബോസിൽ നിന്നതുകൊണ്ടാണ് അവർ ഞങ്ങളെ ഇഷ്ടപ്പെടുന്നത്. കുശുമ്പ് പറയുന്നത് ഇഷ്ടപ്പെടുന്നവർ കുശുമ്പ് പറയുന്നവരെ ഇഷ്ടപ്പെടും. നിലപാടുള്ളവർ നിലപാടുള്ളവരെ ഇഷ്ടപ്പെടും.
സജ്ന: ഒരിക്കൽ മലപ്പുറത്ത് നിന്ന് ഒരാൾ വിളിച്ച് അദ്ദേഹത്തിന്റെ രണ്ട് വയസുള്ള കുട്ടിക്ക് പൊളി ഫിറോസിനെ കാണണമെന്ന് വാശി പിടിക്കുന്നു എന്ന് പറഞ്ഞു. ഈ കൊറോണ ഇല്ലെങ്കിൽ ഞങ്ങൾ അവിടേയ്ക്ക് പോകാനിരുന്നതാണ്. അതുപോലെ ഫിറോസിക്കയെ കാണണമെന്ന് ഒരു യൂട്യൂബ് വീഡിയോയിൽ കണ്ടിട്ട് ഫിറോസ് കുന്നംപറമ്പിൽ ആ കുട്ടിയെ കാണാൻ പോയി. അപ്പോഴാണ് അറിയുന്നത് ആ കുട്ടിക്ക് കാണേണ്ടത് പൊളി ഫിറോസിനെയാണെന്ന്. അങ്ങനെ ഒരുപാട് സംഭവങ്ങളുണ്ട്. അതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളാണ്.
ബിഗ് ബോസ് എപ്പിസോഡുകൾക്ക് വന്നിട്ടുള്ള കമന്റുകൾ വായിച്ചിട്ടുണ്ടോ?
സജ്ന: ഇല്ല. പക്ഷെ ഞങ്ങളുടെ ബന്ധുക്കളൊക്കെ ഇരുന്ന് കമന്റുകൾ വായിച്ചിട്ട് ഞങ്ങളോട് പറയാറുണ്ട്. ഒരിക്കൽ ഒരു വീഡിയോ തന്നെ അയച്ചുതന്നു. ഒരു എപ്പിസോഡിന് കീഴിൽ വന്ന കമന്റുകൾ. മുഴുവൻ ഞങ്ങൾക്ക് അനുകൂലമായിട്ടുള്ളത് മാത്രം. അതുപോലെ ബി.ബി ഹൗസ് എന്ന പരിപാടിയിൽ ഞങ്ങൾക്ക് പോസിറ്റീവായുള്ള പ്രതികരണങ്ങൾ മാത്രം വന്നതായും കേട്ടിട്ടുണ്ട്.
ഫിറോസ്: ആ പരിപാടിയിൽ ഒരാൾ ചോദിച്ചുവത്രേ ഇതിൽ സജ്ന- ഫിറോസിന് അനുകൂലമായ കമന്റുകൾ മാത്രമേ വായിക്കുകയുള്ളുവോ എന്ന്. അപ്പോൾ അവതാരകർ പറഞ്ഞു, നിങ്ങൾ അയക്കൂ, വരുന്നത് മുഴുവൻ അവർക്ക് അനുകൂലമായ പ്രതികരണങ്ങളാണ് എന്ന്.
ഇറങ്ങിയതിന് ശേഷം ഒന്ന് ഫോൺ കോളുകൾ കൊണ്ടുള്ള തിരക്കായി. പിന്നെ ഞങ്ങളുടെ യൂട്യൂബ് ചാനലിന്റെ തിരക്കുണ്ട്. പിന്നെ അവിടന്ന് കിട്ടിയ പൈസയും വേറെ കുറച്ച് പൈസയുമൊക്കെ ചേർത്തുകൂട്ടി ഒരു വീട് പണിയുകയാണ്. അതിന്റെ തിരക്കുമുണ്ട്.
ഫിറോസ് ഖാന് ഡെയ്ഞ്ചറസ് ബോയ്സ് എന്ന പരിപാടിയിലൂടെ ഒരു അഡ്രസ് ഉണ്ടാക്കിത്തന്നത് ഏഷ്യാനെറ്റാണ്. ഇപ്പോൾ ബിഗ് ബോസിലേയ്ക്കും ഒരു എൻട്രി. ഏഷ്യാനെറ്റിനോടും ലാലേട്ടനോടും എത്രമാത്രം കടപ്പാടുണ്ട്?
ഫിറോസ്: ഞാൻ ഏത് ഇന്റർവ്യുവിൽ പങ്കെടുത്താലും ഏഷ്യാനെറ്റിനെ വിട്ട് സംസാരിച്ചിട്ടേയില്ല. എനിക്കൊരു നല്ല പ്ലാറ്റ്ഫോം തന്നത് ഏഷ്യാനെറ്റാണ്. ആദ്യം ഡെയിഞ്ചറസ് ബോയ്സും ഇപ്പോൾ ബിഗ് ബോസും. നൂറ് സിനിമകളിൽ അഭിനയിക്കുന്നതിന് തുല്യമല്ലെ ഈ ഒരൊറ്റ ഷോ.
അതിന് ഏഷ്യാനെറ്റിനോട് എന്താണ് പറയാനുള്ളത്?
ഫിറോസ്: ഏഷ്യാനെറ്റിനോട് നല്ലത് മാത്രമെ പറയാനുള്ളു. എന്റെ ജീവിതത്തിൽ നല്ലത് മാത്രമല്ലേ അവർ ചെയ്ത് തന്നിട്ടുള്ളു. പല ചാനലുകളിലും സിനിമാ ലൊക്കേഷനുകളിലും ചാൻസ് ചോദിച്ച് തെണ്ടിത്തിരിഞ്ഞ് ഒടുവിലാണ് ഏഷ്യാനെറ്റിലെത്തിയത്. അന്ന് ഏഷ്യാനെറ്റ് പ്ലസ് ആരംഭിച്ചിട്ടില്ല. ഏഷ്യാനെറ്റിൽ അസിസ്റ്റന്റായി രണ്ടര വർഷത്തോളം നിന്നു. പ്ലസ് വന്നപ്പോൾ ഇങ്ങനെയൊരു പരിപാടി ആരംഭിച്ചു. ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല, എഡിറ്റിങ് അടക്കമുള്ള ക്യാമറയ്ക്ക് പിന്നിലുള്ള വർക്കുകളിലും നമ്മൾ സജീവമായിരുന്നു.
അഭിനയത്തോടുള്ള താൽപര്യം കൊണ്ടായിരുന്നു ഏഷ്യാനെറ്റിൽ അസിസ്റ്റന്റായി കയറുന്നത്. പിന്നെ ഡയറക്ഷനോട് താൽപര്യമായി. അങ്ങനെ കാര്യങ്ങളൊക്കെ പഠിച്ചു. ഡെയ്ഞ്ചറസ് ബോയ്സ് അക്കാലത്ത് ഏഷ്യാനെറ്റ് പ്ലസിലെ റേറ്റിങ്ങിൽ ഫസ്റ്റ് ആയിരുന്നു. നമ്മളെ ഒരു സെലിബ്രിറ്റി ആക്കുന്നത് ഏഷ്യാനെറ്റാണ്. അതിന് ശേഷം അതിലും വലിയൊരു പരിപാടിയിൽ പങ്കെടുക്കുന്നത് ഇപ്പോൾ ബിഗ്ബോസിലാണ്. അത് അന്ന് ഡെയ്ഞ്ചറസ് ബോയ്സ് കണ്ടിട്ടുള്ളവരും കാണാത്തവരും രണ്ട് വയസുള്ള കുട്ടികൾ പോലും കാണുന്നുണ്ട്.
ബിഗ്ബോസിൽ നിന്ന് തിരിച്ചെത്തിയപ്പോൾ മുമ്പ് മിണ്ടാതെ ബലം പിടിച്ച് നിന്നവരൊക്കെ വന്നുമിണ്ടാൻ തുടങ്ങിയോ?
ഫിറോസ്: മിണ്ടാതെ ഇരുന്നവരൊക്കെ ഡെയ്ഞ്ചറസ് ബോയ്സ് കഴിഞ്ഞപ്പോൾ തന്നെ വന്നുമിണ്ടാൻ തുടങ്ങിയിരുന്നു. അതുകഴിഞ്ഞ് കുറച്ച് ഗ്യാപ്പ് വന്നപ്പോൾ അതിൽ കുറേപേർ വീണ്ടും പുറകിലേയ്ക്ക് പോയി. ഇപ്പോൾ വീണ്ടും അവർ വളരെ ഫ്രണ്ട്ലി ആയിട്ട് ഇടപഴകാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ വെറുതെ അവരുടെ പേരൊന്നു പറയുന്നില്ല.
നാട്ടിലെത്തിയപ്പോൾ സ്വീകരണങ്ങൾ എന്തെങ്കിലുമൊക്കെ ഉണ്ടായിരുന്നോ?
സജ്ന: ഞങ്ങളുടെ അയൽക്കാർക്കൊക്കെ വലിയ വിഷമത്തിലായിരുന്നു. കാരണം ഞങ്ങൾക്ക് കപ്പ് കിട്ടുമെന്ന് അവർക്ക് വലിയ പ്രതീക്ഷയായിരുന്നു. കപ്പുമായി വരുമ്പോൾ സ്വീകരണം തരാനൊക്കെയിരുന്നതാണ്. നിങ്ങൾക്ക് കപ്പ് കിട്ടിയിരുന്നെങ്കിൽ ഞങ്ങൾക്ക് വലിയ അഭിമാനമായിരുന്നേനെ എന്നൊക്കെ അവർ പറഞ്ഞു.
ഫിറോസ്: ഞങ്ങളെ അനുദിനം വിളിക്കുന്നവരൊക്കെ ഞങ്ങൾക്ക് കപ്പ് കിട്ടുമെന്ന് കരുതിയിരുന്നവരായിരുന്നു. അവരത് പറയാറുണ്ട്. എന്നിട്ട് അവർ ഞങ്ങളെ ആശ്വസിപ്പിക്കും, കപ്പ് കിട്ടിയില്ലെന്ന് കരുതി വിഷമിക്കരുത്. നിങ്ങളുടെ സ്ഥാനം ഞങ്ങളുടെ ഹൃദയത്തിലാണെന്ന്. ഞാൻ പറയുന്നത്, അവിടെ നിന്നും പുറത്തായതിൽ എനിക്ക് ഒരു വിഷമവുമില്ല. എന്റെ സന്തോഷം നിങ്ങളുടെ ഹൃദയത്തിൽ ഇടം ലഭിച്ചതിലാണ്.
ബിഗ് ബോസ് മൂന്നാം സീസണിൽ പേളി- ശ്രീനേഷ് വിഷയം ചർച്ചയായപ്പോൾ നിങ്ങൾ രണ്ടുപേരും ഒന്നും പ്രതികരിച്ചുകണ്ടില്ല. എന്തുകൊണ്ടാണത്?
ഫിറോസ്: വെറുതെയൊരു കണ്ടന്റിന് വേണ്ടിയോ ജനുവിനല്ലാത്തതോ ആയ കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല. അതിന് താൽപര്യമില്ല.
ഏറ്റവും കൂടുതൽ പ്രതികരിക്കാൻ താൽപര്യം തോന്നിയ വിഷയമേതാണ്?
ഫിറോസ്: ഒരുപാട് കാര്യങ്ങളിൽ പ്രതികരിക്കാൻ തോന്നിയിട്ടുണ്ട്. അവയിലെല്ലാം പ്രതികരിച്ചിട്ടുമുണ്ടല്ലോ.
സജ്ന- ഫിറോസ് പുറത്തായ ശേഷം വ്യൂവേഴ്സിന്റെ എണ്ണത്തിൽ വലിയ ഇടിവുണ്ടായി. നിങ്ങളോട് ആരെങ്കിലും പറഞ്ഞിരുന്നോ, നിങ്ങളുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് കണ്ടിരുന്നതെന്ന്?
സജ്ന: ഒരുപാട്പേർ പറഞ്ഞിട്ടുണ്ട്. ഫോണിലൂടെ മാത്രമല്ല, പുറത്ത് എന്തിനെങ്കിലും കാര്യത്തിന് പോകുമ്പോൾ മാസ്ക് വച്ചിട്ട് പോലും ഞങ്ങളെ തിരിച്ചറിഞ്ഞ് ആളുകൾ അടുത്ത് വന്ന് സംസാരിക്കാറുണ്ട്. നിങ്ങൾ പോയ ശേഷം ഞങ്ങൾ കാണാറില്ല എന്ന് എത്രയോപേർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ പുറത്തായശേഷം പത്തൊമ്പത് ലക്ഷത്തോളംപേർ ഹോട്ട്സ്റ്റാർ ഡിലീറ്റ് ചെയ്തെന്ന വാർത്തയുടെ സ്ക്രീൻഷോട്ടൊക്കെ ഞങ്ങൾക്ക് അയച്ചുതന്നിരുന്നു.
ഫിറോസ്: ഞങ്ങളതൊന്നും പറയുന്നത് ശരിയല്ലല്ലോ.
നിങ്ങളുടെ സാന്നിദ്ധ്യമാണ് ബിഗ്ബോസ് ഹൗസിനെ ജീവനുള്ളതാക്കിയത്. പലരുടെയും മുഖംമൂടി നിങ്ങൾ വലിച്ചുകീറി. നിങ്ങളുടെ ഫേക്ക്, ഫേക്ക്, ഫേക്ക് വിളി ഒരു താളംപിടിക്കൽ പോലെ ജനങ്ങൾ ഏറ്റെടുത്തു. അതിനെ പറ്റി എന്താണ് പറയാനുള്ളത്?
സജ്ന: ഒന്നും മനഃപൂർവം പറഞ്ഞതല്ല. ആ സിറ്റുവേഷനിൽ അങ്ങ് പറഞ്ഞു. പുറത്തുവന്നപ്പോഴാണ് അത് ഇത്രയും വൈറലായെന്നും അതുവച്ച് പാട്ട് തന്നെ ഇറങ്ങിയെന്നുമൊക്കെ അറിഞ്ഞത്.
ബിഗ് ബോസ് ഹൗസിനുള്ളിൽ ആകെയൊരു ആശ്വാസം നോബി ചേട്ടനായിരുന്നു. വല്ലപ്പോഴുമൊക്കെ ഒകു കോമഡി പറയുന്നത് ആ മനുഷ്യൻ മാത്രമായിരുന്നില്ലേ?
ഫിറോസ്: എനിക്ക് ആരിലും ആശ്വാസമുണ്ടായിട്ടില്ല. ഞാൻ ആകെ ആശ്വാസം കണ്ടെത്തിയത് എന്നിൽ മാത്രമാണ്. പിന്നെ സജ്ന ഉള്ളതൊരു ആശ്വാസമായിരുന്നു. ഇനി സജ്ന ഇല്ലെങ്കിലും ഞാൻ എന്നിൽ തന്നെ ആശ്വാസം കണ്ടെത്തുമായിരുന്നു. ഇതിലും വലിയ സംഭവങ്ങൾ ഉണ്ടായപ്പോഴും നമ്മൾ ആശ്വസിച്ചിട്ടുണ്ട്. പിന്നെ ആ 12 പേരും എന്നെ സംബന്ധിച്ച് അത്രവലിയ കാര്യമൊന്നുമായിരുന്നില്ല. അല്ലാതെ എനിക്ക് ഒരു ആശ്വാസവും അവിടെ ആരും തന്നിട്ടില്ല. എന്നെ ആശ്വസിപ്പിക്കാൻ അവിടെ ആരും വളർന്നിട്ടുമില്ല.
അവസാനം നിങ്ങളെയെല്ലാവരും ഒറ്റപ്പെടുത്തിയ ശേഷം സജ്ന ഒറ്റയ്ക്ക് സോഫയിലിരുന്ന് കരയുന്നത് കണ്ട് പല പ്രേക്ഷകരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ട്. എന്തായിരുന്നു അത്രയും മനസിൽതൊടാനുണ്ടായ സാഹചര്യം?
സജ്ന: ഇപ്പുറത്ത് ഇക്കയുടെ കൂടെ തല്ലുകൂടുമ്പോൾ പറയാനുള്ളതൊക്കെ അവർ മുഖത്ത് നോക്കി പറയുന്നുണ്ട്. പക്ഷെ എന്നെപറ്റി തൊട്ടുമുമ്പ് വരെ അവർ സജ്ന പാവം എന്നായിരുന്നു പറഞ്ഞിരുന്നത്. തെറ്റുണ്ടെങ്കിൽ പറഞ്ഞാലല്ലെ അറിയാൻ പറ്റു.
ഫിറോസ്: ആ വീട്ടിലുണ്ടായിരുന്നവർ എല്ലാവരും കൂടി ചേർന്ന് എന്നെ തളർത്താൻ കൊണ്ടുപിടിച്ചുനോക്കി. പക്ഷെ അതിൽ ലേശം പോലും വിജയം കാണാൻ അവർക്ക് കഴിഞ്ഞില്ല. അവരുടെ അടുത്ത ശ്രമം സജ്നയെ തളർത്തി അതിലൂടെ എന്നെ തളർത്തുക എന്നതായിരുന്നു. സജ്ന ബോൾഡാണെങ്കിലും അവൾ ഒരു സാധാരണപെൺകുട്ടി തന്നെയാണ്. എല്ലാവരും കൂടി ചേർന്ന് ക്രൂശിച്ചാൽ അവൾ കരയും.
എനിക്ക് രണ്ട് ടാസ്കാണ്. രണ്ടാമത്തേത് ഇവളെ പ്രോട്ടക്ട് ചെയ്യുക എന്നതാണ്. അവിടെ മറ്റൊരാൾക്കും അങ്ങനെയൊരു പണിയില്ല. അപ്പോൾ എന്റേത് ഹെവി ടാസ്കാണ്. 53 ദിവസമെന്നത് എനിക്ക് 533 ദിവസമാണ്.
അവസാനമായി, വീട്ടിൽ ആരൊക്കെയുണ്ട്?
ഫിറോസ്: വീട്ടിൽ വാപ്പ, ഉമ്മ, പെങ്ങൾ, പെങ്ങളുടെ രണ്ട് കുട്ടികൾ, അനിയൻ, അനിയന്റെ ഭാര്യ, അവന്റെ ഒരു പൊടിക്കുഞ്ഞ്, പിന്നെ എന്റെ കുടുംബവും. ഇത്രയുംപേരാണ് ഉള്ളത്. പെങ്ങൾ ടീച്ചറാണ്. അനിയൻ എൻജിനീയറാണ്. അനിയന്റെ കുഞ്ഞിന് ഇപ്പോൾ ഒരു വയസായി.
കുടുംബത്തെ പറ്റി പറയുമ്പോൾ പ്രത്യേകം പറയേണ്ടത് എന്റെ ഉമ്മായുടെ അനിയത്തിമാരെയാണ്. ഇവർ ഭയങ്കര സപ്പോർട്ടാണ്. ഇവരാണ് എന്റെ ചെറിയ പ്രായത്തിൽ തലയിൽ റിബണൊക്കെ കെട്ടിത്തന്ന് ഡിസ്കോ കളിക്കാൻ പ്രേരണ തന്നത്. എന്റെ ഉപ്പുപ്പയാണ് എന്നെ കൈപിടിച്ച് സ്റ്റേജുകളിലൊക്കെ കൊണ്ടുപോയത്. ഉപ്പുപ്പ മരിച്ചുപോയി. അന്ന് ഓണത്തിനൊക്കെ മുക്കിന് മുക്കിന് ക്ലബ്ബ് പരിപാടികളുണ്ട്. അവിടെയെല്ലാം കൊണ്ടുപോയി മൽസരിപ്പിക്കും. അവിടെയെല്ലാം സമ്മാനവും എനിക്കാണ്. അവിടെ നിന്നാണ് കലയോടും സിനിമയോടുമുള്ള സ്നേഹം ആരംഭിക്കുന്നത്. ഇവർ തന്നെ സിനിമകൾ കൊണ്ടുകാണിക്കുകയൊക്കെ ചെയ്യുമായിരുന്നു. അവരുടെ പ്രോൽസാഹനമായിരുന്നു എന്റെ ബലം.
സജ്ന: എന്റെ വീട്ടിൽ ഉമ്മയുണ്ട്. വാപ്പ മരിച്ചു പോയി. പിന്നെ ഇക്കയും ഇത്തയുമുണ്ട്. രണ്ടുപേരും വിവാഹിതരാണ്. രണ്ട് പേർക്കും രണ്ട് കുട്ടികൾ വീതമുണ്ട്.
എന്റെ വാപ്പാന്റെ കുടുംബം ഒരു ഓർത്തഡോക്സ് ഫാമിലിയാണ്. പക്ഷെ ഉമ്മാന്റെ കുടുംബം ഭയങ്കര സപ്പോർട്ടാണ്. ഉമ്മാന്റെ ചേട്ടത്തിയും അനിയത്തിയുമൊക്കെ നല്ല സപ്പോർട്ടാണ്. അതുപോലെ ഇത്തായും ഭർത്താവും ഇക്കായും ഭാര്യയുമൊക്കെ പൂർണ പിന്തുണയാണ്.