ദോഹ: സ്ത്രീകൾക്കായി സ്ത്രീകൾ മാത്രം നടത്തുന്ന രാജ്യത്തെ ആദ്യത്തെ ഷോപ്പിങ് കോംപ്ലക്‌സ് നിലവിൽ വന്നു. 34 ഔട്ട്‌ലെറ്റുകൾ അടങ്ങുന്ന ഷോപ്പിങ് കോംപ്ലക്‌സിൽ വിവിധ തരം ഉത്പന്നങ്ങൾ സ്ത്രീകൾക്ക് വാങ്ങിക്കൂട്ടാം. ബ്യൂട്ടി പ്രൊഡക്ടുകൾ, ഗാർമെന്റ്‌സ്, പെർഫ്യൂംസ്, വീട്ടുസാമഗ്രികൾ തുടങ്ങിയവയുടെ റീട്ടെയ്ൻ ഔട്ട്‌ലെറ്റുകളാണിവ.

അൽഷാഫി കമേഴ്‌സ്യൽ സ്ട്രീറ്റിലുള്ള ഈ ഷോപ്പിങ് കോംപ്ലക്‌സിൽ റെസ്റ്റോറന്റുകളും ഉൾപ്പെടുന്നു. ഇവിടെയുള്ള കടകളെല്ലാം തന്നെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതും സ്ത്രീകൾ തന്നെ ജീവനക്കാരുമായിട്ടുള്ളതുമാണ്. ഖത്തറിലെ ബിസിനസ് വുമൺ ആയ സൊഹൈല അൽ ഹരീബിന്റെ ബുദ്ധിയിലുദിച്ചതാണ് ഈ ആശയമെന്നാണ് പറയപ്പെടുന്നത്. ഖത്തറി സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കാനും അവർക്ക് സ്വാതന്ത്ര്യത്തോടെ ഷോപ്പിങ് നടത്താനും ഇതുമൂലം സാധ്യമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.