ഇംഫാൽ: മണിപ്പൂർ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി സർക്കാർ അധികാരമേറ്റു. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും രണ്ടാം സ്ഥാനത്തുള്ള ബിജെപി നാടകീയ നീക്കങ്ങൾക്കൊടുവിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു. നിയമസഭാ കക്ഷി നേതാവി തെരഞ്ഞെടുക്കപ്പെട്ട എൻ. ബീരേൻ സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണ ആർജിച്ചാണ് ബിജെപി സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തികച്ചത്. 60 അംഗ നിയമസഭയിൽ 21 എംഎൽഎമാരാണു ബിജെപിക്കുണ്ടായിരുന്നത്. നാല് അംഗങ്ങൾ വീതമുള്ള നാഗ പീപ്പിൾസ് പാർട്ടിയും നാഗ പീപ്പിൾസ് ഫ്രണ്ടും ഒരു അംഗമുള്ള ലോക് ജനശക്തി പാർട്ടിയും തൃണമൂൽ കോൺഗ്രസിന്റെ ഏക അംഗവും കോൺഗ്രസിന്റെ ഒരു എംഎൽഎയും ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കേലവഭൂരിപക്ഷം വേ്ണ്ട 31 മറികടന്ന് 32 എംഎൽഎമാർ ബിജെപി പക്ഷത്തായി.

28 സീറ്റുകൾ നേടിയ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. മണിപ്പൂരിന്റെ തെരഞ്ഞെടുപ്പു ചുമതലയുള്ള രമേശ് ചെന്നിത്തലയടക്കമുള്ള മുതിർന്ന നേതാക്കൾ സംസ്ഥാനത്ത് എത്തി ചർച്ചകൾക്കു നേതൃത്വം നല്കി. എന്നാൽ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിയ്‌ക്കൊപ്പം നിൽക്കാനായിരുന്നു ചെറു പാർട്ടികൾ താത്പര്യം കാണിച്ചത്. ഇതോടെ ചെന്നിത്തലയുടെയും സംഘത്തിന്റെയും തന്ത്രങ്ങളെല്ലാം പാളുകയായിരുന്നു.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ബിജെപി പുറത്തെടുത്തത്. ഒറ്റ സീറ്റും ഇല്ലാതിരുന്നിടത്തുനിന്നാണ് അവർ രണ്ടാം സ്ഥാനത്തെത്തുകയും പിന്നീട് സർക്കാർ രൂപീകരിക്കുകയും ചെയ്തിരിക്കുന്നത്. മണിപ്പൂരിന്റെ ചരിത്രത്തിൽ ആദ്യമായി അധികാരമേൽക്കുന്ന ബിജെപി സർക്കാരിനെ നയിക്കുന്നത് മുൻ കോൺഗ്രസുകാരൻ കൂടിയാണ്. മുഖ്യമന്ത്രി ബീരേൻ സിങ് മുൻ മുഖ്യമന്ത്രിയായ ഇബോബി സിംഗിന്റെ മന്ത്രിസഭയിൽ അംഗമായിരുന്നു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാത്തതിൽ ഗവർണർ നജ്മ ഹെപ്ത്തുള്ളയ്‌ക്കെതിരേ വിമർശനം ഉയർന്നിരുന്നു. എന്നാൽ താൻ നിമയം അനുസരിച്ചാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് ഗവർണർ വ്യക്തമാക്കി. ആർക്കാണ് ഭൂരിപക്ഷമെന്ന് നോക്കി സംസ്ഥാനത്തിന്റെ സ്ഥിരതയ്ക്കായി ജോലി ചെയ്യേണ്ടത് ഗവർണറുടെ ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി തന്നെ നിർദേശിച്ചിട്ടുണ്ട്. അതുമാത്രാണ് ചെയ്യുന്നത്.

എന്തെല്ലാം ആരോപണങ്ങളാണ് അവർ ഉന്നയിക്കുന്നതെന്ന് തനിക്ക് അറിയില്ല. യാതൊന്നും മറച്ചുവയ്ക്കാനില്ല. നിയമം അനുസരിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. പാർലമെന്റിലെ 37 വർഷത്തെ പരിചയവും രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ എന്ന നിലയിലെ 17 വർഷത്തെ പരിചയവും തനിക്കുണ്ട്. കോൺഗ്രസ് പാർട്ടി അംഗമായിരുന്നപ്പോഴും കോൺഗ്രസ് ഇതര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ടെന്നും ഗവർണർ നജ്മ ഹെപ്തുള്ള ഓർമിപ്പിച്ചു.