തിരുവനന്തപുരം:കേരളത്തിന്റെ നവോത്ഥാനകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി പുതിയ സിനിമ വരുന്നു. കഴിഞ്ഞ ഓണക്കാലത്ത് പ്രദർശനത്തിനെത്തിയ ഒറ്റക്കോലം സിനിമയിലെ നായകൻ ബിജു പോത്തൻകോടാണ് കുമാരനാശാന്റെ രണ്ട് ഗെറ്റപ്പിലുള്ള വേഷം ചെയ്യുന്നത്. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ വിഷ്ണൂബുദ്ധനാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയുടെ പേര്,സാങ്കേതിക വിദഗ്ദ്ധർ,നായിക,സഹതാരങ്ങൾ എന്നിവയുടെ നിർണ്ണയം പൂർത്തിയായി വരുന്നു.

ശ്രീനാരായണ ഗുരുവുമായി ബന്ധമുള്ള ചില സിനിമകളിൽ ആശാന്റെ കഥാപാത്രം വന്നു പോയിട്ടുണ്ട് . എന്നാൽ ആദ്യമായാണ് കൂമാരനാശാനെ പൂർണ്ണമായും കേന്ദ്രീകരിച്ചുള്ള സിനിമ വരുന്നത്. സംവിധായകൻ വിഷ്ണൂബുദ്ധനും നടൻ ബിജുവും തിരുവനന്തപുരം സ്വദേശികളാണ്.സ്നേഹ ഗായകനായ കുമാരനാശാന്റെ പ്രണയം,വിവാഹം,കവിതകൾ,ശ്രീനാരായണ ഗുരുവുമായുള്ളബന്ധം,പൊതു പ്രവർത്തനം എന്നിവ കേന്ദ്രീകരിച്ചാണ് മഹാകവിയുടെ ജീവിതം അഭ്രപാളികളിലെത്തിക്കുന്നത്.

സംഗീത സാന്ദ്രമായ ഈ സിനിമയിൽ മലയാളം - തമിഴ് സിനിമകളിലെ പ്രശസ്ത താരങ്ങളും അഭിനേതാക്കളാണ്. ചിത്രീകരണത്തിനു മുന്നോടിയായുള്ള പഠന ഗവേഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവിയും മനുഷ്യസ്നേഹിയുമായ കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ കലാമൂല്യമുള്ള വിനോദ ചിത്രമായാണ് ഒരുക്കുന്നതെന്ന് സംവിധായകൻ വിഷ്ണൂബുദ്ധൻ പറഞ്ഞു.