കൊച്ചി: 1957ലാണ് ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത്. ലോകത്ത് ആദ്യമായി പാർലമെന്ററി സംവിധാനത്തിലൂടെ നിലവിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കൂടിയായിരുന്നു അത്. ഇതിന് വഴിയൊരുക്കിക്കൊണ്ട കേരളത്തിൽ ജനാധിപത്യ പ്രക്രിയക്ക് തുടക്കമിട്ട കേരളത്തിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അറുപതാം വാർഷികമാണ് നാളെ. 1956 നവംബർ ഒന്നിലെ സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ തുടക്കം 1957 ഫെബ്രുവരി 28 നായിരുന്നു. ആറുദിവസങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. ഒപ്പം രണ്ടാം ലോക്‌സഭയിലേക്കും വോട്ടെടുപ്പ് നടന്നു.

ഫെബ്രുവരി 28, മാർച്ച് 2, 5, 7, 9, 11 എന്നിങ്ങനെ ഒന്നിടവിട്ട തീയതികളിൽ വിവിധ ജില്ലകളിലായി തെരഞ്ഞെടുപ്പ് നടത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്തത്. ആകെയുള്ള 126 സീറ്റിൽ പതിനൊന്ന് പട്ടികജാതി വിഭാഗത്തിനും ഒന്ന് പട്ടികവർഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരുന്നു. 114 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തെരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു. രാഷ്ട്രീയ പാർട്ടികൾ ആദ്യ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കേരളപ്പിറവിയോടെതന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. സഖ്യചർച്ചകളും സജീവമായിരുന്നു.

തീയതികൾ പ്രഖ്യാപിച്ച വാർത്ത പ്രസിദ്ധീകരിച്ച 1957 ജനുവരി 20 ലെ ദേശാഭിമാനിയിലൂടെയാണ് 28 മണ്ഡലങ്ങളിലേക്കുള്ള കമ്യൂണിസ്റ്റ് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്. തിരു-കൊച്ചി മേഖലയിലെ സ്ഥാനാർത്ഥികളായിരുന്നു അവർ. മലബാറിലെ സ്ഥാനാർത്ഥികളെ അതിനുമുമ്പുതന്നെ പ്രഖ്യാപിച്ചു. ആർഎസ്‌പിയുമായി നടന്ന സഖ്യചർച്ച പരാജയപ്പെട്ടതിനാലാണ് 28 പേരുടെ പേരുകൾ പാർട്ടി തന്നെ പ്രഖ്യാപിച്ചത്.

ആകെ 75 ലക്ഷം വോട്ടർമാരാണ് ആ തിരഞ്ഞെടുപ്പിൽ വിധിയെഴുതിയത്. കമ്യൂണിസ്റ്റ് പാർട്ടി 104 ഇടത്ത് സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി. ഇതിൽ പന്ത്രണ്ട് ദ്വയാംഗ മണ്ഡലങ്ങളായിരുന്നു. പതിനാലിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകി. മുൻ തിരുകൊച്ചി പ്രധാനമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോൻ മത്സരിച്ച ചാലക്കുടി അടക്കം മൂന്ന് മണ്ഡലങ്ങളിൽ പിഎസ്‌പി സ്ഥാനാർത്ഥികളെ പിന്തുണച്ചു. എട്ടിടത്ത് പാർട്ടിമത്സരിച്ചില്ല.

മറുഭാഗത്ത് മുഖ്യകക്ഷി കോൺഗ്രസ് തന്നെയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി, കോൺഗ്രസ്, പിഎസ്‌പി, ആർഎസ്‌പി എന്നീ കക്ഷികൾ മാത്രമാണ് പാർട്ടികളായി മത്സരരംഗത്തുണ്ടായിരുന്നത്. കോൺഗ്രസ് 124 സീറ്റിലും സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി. പിഎസ്‌പി 62 സീറ്റിലും ആർഎസ്‌പി 28 സീറ്റിലും മത്സരിച്ചു.
ഓരോ പാർട്ടിയുടെയും ചിഹ്നമുള്ള പെട്ടികളിലായിരുന്നു വോട്ടിടേണ്ടത്. ആകെ 550 പേർ നാമനിർദ്ദേശ പത്രിക നൽകി. 114എണ്ണം തള്ളി. 406പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 7,514,626 വോട്ടർമാരിൽ 5,837,577 പേർ വോട്ട് ചെയ്തു(65.49%). 60 സീറ്റുകളിൽ വിജയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. മഞ്ചേശ്വരത്ത് സ്വതന്ത്രസ്ഥാനാർത്ഥിഎം ഉമേഷ് റാവു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ആറുഘട്ടമായി വോട്ടെടുപ്പ് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായത് 20 ദിവസമെടുത്ത്. മാർച്ച് രണ്ടിനുതന്നെ വോട്ടെണ്ണൽ തുടങ്ങി. ചില ദിവസങ്ങളിൽ പത്തിൽ താഴെ മണ്ഡലങ്ങൾ മാത്രമാണ് എണ്ണിയത്. അതുകൊണ്ടുതന്നെ ഫലപ്രഖ്യാപനം പൂർത്തിയായത് മാർച്ച് 22ന്. കമ്യൂണിസ്റ്റ് പാർട്ടിക്ക് കേവലഭൂരിപക്ഷം ഉറപ്പായത് മാർച്ച് 20 നും.