കുഞ്ഞിരാമായണത്തിന് ശേഷം ഗുസ്തിക്കാരുടെ ജീവിതം പശ്ചാത്തലമാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'ഗോദ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്തെത്തി. മമ്മൂട്ടിയാണ് പോസ്റ്ററുകൾ പുറത്തുവിട്ടത്. സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെ പോസ്റ്ററുകൾ ആസ്വാദകരുമായി പങ്കുവച്ച മമ്മൂട്ടി ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവീനോ തോമസിനും രൺജി പണിക്കർക്കും സംവിധായകൻ ബേസിൽ ജോസഫിനും ആശംസകളും നേർന്നു.

ഗുസ്തി പശ്ചാത്തലമാക്കിയ സ്പോർട്സ് കോമഡിയാണ് ഗോദ. ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡൽഹി എന്നിവിടങ്ങളിലാണ് ചിത്രീകരണം. പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക.

തിരയുടെ രചയിതാവ് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ രചിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരും. അനുഭവ് സുന്ദർ നായക് ആണ് എഡിറ്റിങ്. ഇ ഫോർ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്തയാണ് നിർമ്മാണം.