ശ്രീനാഥ് ഭാസിയും ആൻ ശീതളും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പടച്ചോനേ ഇങ്ങള് കത്തോളീ'ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിജിത് ബാല സംവിധാനം ചെയ്യുന്ന കുടുംബ-ഹാസ്യ ചിത്രമാണിത്.

ജോസ്‌കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന നാലാമത് ചിത്രം ആണ് ഇത്. ചിത്രത്തിലെ അഭിനേതാക്കൾക്ക് പുറമെ ഇരുപത്തിയഞ്ചിൽ പരം മലയാളത്തിലെ പ്രമുഖ നടി-നടന്മാർ ചേർന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പുറത്തിറക്കിയത്.

കാർട്ടൂൺ ശൈലിയിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കാരികേചർ സ്‌കെച്ച് പോലെ അണിനിരത്തിയ ഒരു കോമിക് പോസ്റ്റർ ആണ് പുറത്തിറക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, ആൻ ശീതൾ, ഗ്രെയ്‌സ് ആന്റണി, രസ്ന പവിത്രൻ, വിജിലേഷ്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ദിനേശ് പ്രഭാകർ, കൂടാതെ പുതുമുഖങ്ങളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥനിയേൽ മഠത്തിൽ എന്നിവരൊക്കെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിറഞ്ഞു നിൽക്കുന്നത്.

 

അലൻസിയർ, മാമുക്കോയ, ജോണി ആന്റണി, ശ്രുതി ലക്ഷ്മി, ഷൈനി സാറ, സരസ ബാലുശ്ശേരി, സുനിൽ സുഗത, ഉണ്ണിരാജ, രഞ്ജി കൺകോൽ, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ നർമ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന മുഴുനീള എന്റർടെയ്നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ചെറിയ ഇടവേളക്ക് ശേഷമായിരിക്കും മലയാള സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഈ ജനപ്രിയ വാണിജ്യ സിനിമ ഫോർമുലയിൽ ഒരു ചിത്രം ഒരുങ്ങുന്നത്.