ഹദും പാർവതിയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ സിനിമയ്ക്കു പേരിട്ടു. ടേക്ക് ഓഫ് എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും കുഞ്ചാക്കോ ബോബൻ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു. മഹേഷ് നാരായണനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

പാർവതിയും കുഞ്ചാക്കോ ബോബനും നേഴ്‌സുമാരായി അഭിനയിക്കുന്നു. ഇന്ത്യൻ നയതന്ത്രജ്ഞനായിട്ടാണ് ഫഹദ് അഭിനയിക്കുന്നത്. വിശ്വരൂപത്തിന്റെ ഛായാഗ്രാഹകൻ സാനു ആണ് ചിത്രത്തിന്റെ ക്യാമറാമാൻ. ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദ് ആണ് പ്രധാന ലൊക്കേഷൻ. ഇതാദ്യമായാണ് ഒരു മലയാള സിനിമ ബാഗ്ദാദിൽ വച്ച് ചിത്രീകരിക്കുന്നത്. ഹൈദരാബാദ്, ദുബായ്, എറണാകുളം എന്നിവയാണ് മറ്റ് ലൊക്കേഷനുകൾ്.

ഇറാഖിലെ തിക്രിത്തിൽ വിമതരുടെ പിടിയിലായി ആശുപത്രികളിൽ ബന്ദികളാക്കപ്പെട്ട നഴ്‌സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രമെന്നാണ് സൂചന. മഹേഷ് നാരായണനും യുവകഥാകൃത്ത് പി വി ഷാജികുമാറും ചേർന്നാണ് തിരക്കഥയും സംഭാഷണവും. കെ ആർ മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസ് എന്ന സിനിമയുടെ സഹരചയിതാവായിരുന്നു പി വി ഷാജി കുമാർ.

സംവിധായകൻ രാജേഷ് പിള്ളയുടെ പേരിലുള്ള രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് സിനിമയുടെ നിർമ്മാണം. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന സിനിമയുടെ രചയിതാവ് മഹേഷ് നാരായണൻ ആയിരുന്നു. മേഘാ രാജേഷ് പിള്ളയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.

ചാർലി എന്ന ചിത്രത്തിന് ശേഷം പാർവതി നായികയായി എത്തുന്ന സിനിമയാണ് മഹേഷ് നാരായണന്റെ സംവിധാനത്തിൽ തിയറ്ററുകളിലെത്തുന്നത്. മദ്രാസ് കഫേ, വസീർ എന്നീ ചി
ത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം പ്രകാശ് ബൽവാഡിയും ചിത്രത്തിലുണ്ട്.12 വർഷമായി എഡിറ്ററായി പേരെടുത്ത മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് ഒരുങ്ങുന്നത്.