ടൊറന്റോ: മിസിസ് സൗത്ത് ഏഷ്യ കാനഡ പേഗന്റിൽ മത്സരിക്കുന്ന ആദ്യത്തെ മലയാളിയെന്ന അംഗീകാരം ലഭിച്ചതിൽ അഭിമാനിക്കുകയാണ് ദിവ്യ രാജ്.  പാനൂർ സ്വദേശികളായ ബാങ്ക് മാനേജർ മോഹനന്റേയും സ്‌കൂൾ ടീച്ചറായ സുജാതയുടേയും മകളായ ദിവ്യ ജൂലൈ 18ന് ടൊറന്റോയിൽ നടക്കുന്ന മത്സരത്തിലാണ് എല്ലാ സൗത്ത് ഏഷ്യൻ രാജ്യങ്ങളിലേയും മോഡലുകൾക്കൊപ്പം മാറ്റുരയ്ക്കുന്നത്.

നാലു വയസ്സു മുതൽ ക്ലാസ്സിക്കൽ ഡാൻസ് അഭ്യസിച്ചു തുടങ്ങിയ ദിവ്യ 1991-2002 വരെ തുടർച്ചയായി സ്‌കൂൾ സബ്ബ് ജില്ലാതലങ്ങളിൽ കലാതിലകമായിരുന്നു. നാലു വർഷം കണ്ണൂർ ജില്ല കലാതിലകമായിരുന്നു (1994, 1997, 2000). ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടൻതുള്ളൽ, കഥാപ്രസംഗം, മോണോ ആക്ട് തുടങ്ങിയ കലാപരിപാടികളിൽ നിരവധി സമ്മാനങ്ങൾ സ്‌ക്കൂൾ കോളേജ് തലങ്ങളിൽ നേടിയിട്ടുണ്ട്. 1994-ൽ കണ്ണൂർ ജില്ലാ കലാതിലകം എൽപി വിഭാഗത്തിൽ ദിവ്യയ്ക്ക് ലഭിച്ചപ്പോൾ ൈഹസ്‌ക്കൂൾ വിഭാഗത്തിൽ മഞ്ജു വാര്യർ ആയിരുന്നു കലാതിലകം. ബിടെക് ചെയ്തുകൊണ്ടിരിക്കുന്ന സമയത്തു തന്നെ അവധി ദിവസങ്ങളിൽ സ്റ്റേജ് പ്രോഗ്രാമുകളും ടിവി ഷോകളും ചെയ്യുമായിരുന്നു.



വിവാഹത്തിനുശേഷമാണ് ദിവ്യ കാനഡയിലേക്ക് താമസം മാറുന്നത്. കാനഡയിലെ ഒരു ബാങ്കിൽ ഐടി പ്രോജക്ട് മാനേജറായി ജോലിചെയ്യുന്നതോടൊപ്പം കലയോടുള്ള താൽപര്യം കാരണം ഡാൻസ് പ്രോഗ്രാമുകളും മോഡലിംഗും തുടർന്ന് ചെയ്തുകൊണ്ടിരുന്നു. നിരവധി ചാരിറ്റി ഫണ്ട് ശേഖരണ പ്രോഗ്രാമുകളിൽ പങ്കെടുക്കാറുണ്ട്. കാനഡയിൽ ഫാഷൻ റാംമ്പ് ഷോ ഫോർ ഇന്ത്യൻ ഡിസൈനേഴ്‌സ്, ഇന്റർനാഷണൽ ഫാഷൻ ഫെസ്റ്റ്, ഫോട്ടോഷൂട്ട്‌സ്, ടിവി കൊമേഴ്‌സിയൽസ്, മ്യൂസിക്ക് വീഡിയോസ്, സ്റ്റേജ് ആങ്കറിങ് എന്നിവയിൽ സജീവമാണ്. ടൊറൊന്റോയിൽ പ്രോഗ്രാമുകൾ കവർ ചെയ്യുന്ന ഒരു റേഡിയോ ഷോയിൽ മലയാളി എഫ്എമ്മിന്റെ ആർജെയായി ക്ഷണം കിട്ടിയിട്ടുണ്ട്.

മിസിസ് സൗത്ത് ഏഷ്യ കാനഡ മത്സരത്തിൽ മറ്റു കാറ്റഗറികളിലെ അവാർഡിനൊപ്പം തന്നെ പബ്ലിക്ക് ചോയിസ് അവാർഡ് എന്ന കാറ്റഗറി കൂടെയുണ്ട്. ഇത് നിശ്ചയിക്കുന്നത് ഫേസ്‌ബുക്ക് ലൈക്കിന്റെ അടിസ്ഥാനത്തിലാണ്. പബ്ലിക്ക് ചോയിസ് അവാർഡിനു വോട്ട് ചെയ്തു സപ്പോർട്ട് ചെയ്യാൻ ഈ പേജ് ലൈക്ക് ചെയ്യുക. https://www.facebook.com/pages/Divya-Raj-For-Mrs-South-Asia-Canada-2015/1574874006100830

കേരളത്തിൽ പഠിക്കുന്ന കാലത്ത് ജീവൻ ടിവി, ഏഷ്യാനെറ്റ് പ്ലസ്, ശാലോം ടിവി എന്നിവയിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ കൈരളി ടിവിയുടെ സ്വരലയം തുടങ്ങി അനവധി സ്റ്റേജ് ഷോകളിൽ അവതാരകയായിട്ടുണ്ട്. ഡാൻസും മോഡലിംഗും ഇനിയും മുന്നോട്ട് കൊണ്ടുപോകണമെന്നും എല്ലാ കുടുംബിനികൾക്കും ഒരു മോട്ടിവേഷൻ ആകണം എന്നതാണ് ദിവ്യയുടെ ലക്ഷ്യം. വിവാഹത്തിനുശേഷവും കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം നമ്മുടെ കഴിവും താൽപര്യവും മുന്നോട്ട് കൊണ്ടു വരാനുള്ള ഒരു പ്രചോദനം നൽകാനൊരു ശ്രമം കൂടിയാണിതെന്ന് ദിവ്യ വ്യക്തമാക്കുന്നു. ഭർത്താവ് രാജേഷ് നായർ, ഐടി പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്നു. മൂന്നു വയസ്സുള്ള ഒരു മകൾ ഉണ്ട്. ധന്യയാണ് സഹോദരി.