ദുബായ് : സ്വദേശി നഴസിനെ ആദരിച്ച് കാരുണ്യത്തിന്റെ മണ്ണ്. ദുബായിലെ ആദ്യ നഴ്‌സായ ഹുസൈൻ റാഇദിനെയാണ് സ്വന്തം നാട് ആദരിച്ചത്. ഹംദാൻ മെഡിക്കൽ പുരസ്‌കാര ചടങ്ങിലായിരുന്നു ആതുര സേവനത്തിന്റെ പര്യായമായ കരങ്ങളിലേക്ക് പുരസ്‌കാരം ലഭിച്ചത്.ദുബായ് ഉപഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമാണ് ഹുസൈനിന് പുരസ്‌കാരം നൽകി ആദരിച്ചത്.

നീണ്ട 60 വർഷമാണ് ഹുസൈൻ ആതുര സേവന രംഗത്ത് പ്രവർത്തിച്ചത്. രോഗികളുടെ ഏക ആശ്രയമായിരുന്ന ഇന്ത്യൻ ഡോക്ടറോടൊപ്പമാണ് ആദ്യകാലത്ത് പ്രവർത്തിച്ചതെന്ന് ഹുസൈൻ ഓർക്കുന്നു. 1951ൽ 16-ാം വയസ്സിലായിരുന്നു അത്. സഹായിയാകാമോ എന്നു ചോദിച്ചപ്പോൾ സന്തോഷത്തോടെ ഒപ്പം കൂടുകയായിരുന്നു.

ദെയ്‌റയിൽ മരത്തടികൊണ്ടു തട്ടിക്കൂട്ടിയ മുറിയായിരുന്നു ക്ലിനിക്ക്. യുഎഇയിലെ പഴയകാല ഡോക്ടർമാർക്കും ഹെൽത്ത് അഥോറിറ്റി തലവന്മാർക്കും ഹുസൈൻ സുപരിചിതനാണ്. സ്‌പെഷ്യൽറ്റി ആശുപത്രികളും ക്ലിനിക്കുകളും ഇല്ലാത്തകാലത്ത് തെരുവോരങ്ങളിലാണ് പ്രതിരോധ കുത്തിവയ്പും മറ്റും നൽകിയിരുന്നത്. 2010ൽ വിരമിച്ച ഹുസൈൻ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയാണ്.