നിയമസഭയിൽ രമ പണിതുടങ്ങി; പുറമെ നിന്നുള്ള അഭിഭാഷകർക്ക് സർക്കാർ ഖജനാവിൽ നിന്നും എണ്ണിക്കൊടുത്ത പണം എണ്ണിപ്പറയിച്ച് വടകര എംഎൽഎ; 18 കോടി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അധികമായി ചെലവഴിച്ചത് ശമ്പളം കൊടുത്ത് സർക്കാർ പോറ്റുന്ന സർക്കാർ അഭിഭാഷകർ ഉള്ളപ്പോൾ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വടകരയിൽ നിന്നും ആർഎംപിയുടെ കെകെ രമ വിജയിച്ചപ്പോൾ തന്നെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്തുണ നൽകുന്നവർ സഭയ്ക്കുള്ളിൽ വിയർക്കേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചിരുന്നതാണ്. അതിനെ ശരി വയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുറത്ത് നിന്ന് കൊണ്ടുവന്ന അഭിഭാഷകർക്ക് ഖജനാവിൽ നിന്നും നൽകിയ തുകയെ കുറിച്ചായിരുന്നു നിയമസഭയിൽ ഇന്ന് രമയുടെ ചോദ്യം. മട്ടന്നൂർ ഷുഹൈബ് കൊലപാതകത്തിലും പെരിയ കൊലക്കേസിലും സിബിഐ അന്വേഷണം വേണ്ടെന്ന് വാദിക്കാൻ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിന്നും കോടികൾ നൽകി അഭിഭാഷകരെ കൊണ്ടുവന്നത് ഏറെ വിവാദമായിരുന്നു.
ഒന്നാം എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ സർക്കാരിനുവേണ്ടി കേസുകൾ നടത്തുന്നതിന് വേണ്ടി പുറത്തുനിന്നു നിയോഗിച്ച അഭിഭാഷകർ വേണ്ടി വൻ തുക ചെലവഴക്കേണ്ടി വന്നെന്ന് നിയമവകുപ്പ് മന്ത്രി പി. രാജീവിന് രമയുടെ ചോദ്യത്തിന് മറുപടിയായി സമ്മതിക്കേണ്ടി വന്നു. 2021 മെയ് 31 വരെ രാജ്യത്തെ വിവിധ കോടതികളിൽ സർക്കാരിനുവേണ്ടി കേസുകൾ നടത്തുന്നതിനായി നിയോഗിച്ച അഭിഭാഷകരുടെ ഫീസ് മന്ത്രി ചോദ്യത്തിനുത്തരമായി വെളിപ്പെടുത്തി.
മന്ത്രി നൽകിയ കണക്കുപ്രകാരം, അഭിഭാഷകരുടെ ഫീസിനത്തിൽ പതിനെട്ടുകോടി തൊണ്ണൂറ്റിയേഴ് ലക്ഷത്തി എൻപത്തൊമ്പതിനായിത്തി എണ്ണൂറ്റി ഇരുപത്തിമൂന്ന് രൂപ ( 18,97,89,823) പുറമെ നിന്നുള്ള അഭിഭാഷകർക്ക് ഫീസിനത്തിൽ ചെലവാക്കിയിട്ടുണ്ട്. സർക്കാർ അഭിഭാഷകർ ഉള്ളപ്പോഴും എന്തുകൊണ്ടാണ് കേസുകൾ വാദിക്കുന്നതിന് പുറമെ നിന്ന് അഭിഭാഷകരെ നിയമിക്കുന്നത് എന്ന ചോദ്യത്തിന് പ്രത്യേക നിയമ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാവഹാരങ്ങളിൽ ആ വിഷയങ്ങളിൽ പ്രത്യേക പ്രവർത്തന പരിചയമുള്ള അഭിഭാഷകരുടെ സേവനം ഉപയോഗിക്കേണ്ടതായി വരുമെന്നാണ് ഉത്തരം.
സഭയിലുയരുന്നത് ടിപി ചന്ദ്രശേഖരന്റെ ശബ്ദമായിരിക്കുമെന്ന് രമ ജയിച്ചപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിനെതിരെയായിരിക്കും തന്റെ പോരാട്ടമെന്ന് അവർ പറഞ്ഞിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിയായിരിക്കുന്നവരെ സംരക്ഷിക്കാൻ സിപിഎം സർക്കാർ ചെലവിൽ പുറത്തുനിന്ന് വിദഗ്ധരായ അഭിഭാഷകരെ കൊണ്ടുവരുന്നതിനെതിരായ പ്രചരണത്തിന്റെ ആദ്യചുവടുവയ്‌പ്പായി സഭയിലെ ചോദ്യത്തെ കാണുന്നവരുണ്ട്.
മറുനാടന് മലയാളി ബ്യൂറോ