വികസന-ക്ഷേമ പ്രവർത്തനങ്ങൾ തുടരും; അസമത്വം ഇല്ലാതാക്കും; പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ്; എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനാക്കും; വായ്പ പരിധി ഉയർത്താൻ അനുവദിക്കാത്തതിലും സഹകരണ മേഖലയിലെ നയങ്ങൾക്കും കേന്ദ്രത്തിന് വിമർശനം; നയപ്രഖ്യാപനത്തിൽ നിറയുന്നത് ക്ഷേമപ്രഖ്യാപനങ്ങൾ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വികസനത്തിനും ക്ഷേമത്തിനും മുൻഗണന നൽകുമെന്ന് വ്യക്തമാക്കി രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരിപ്പിച്ചു. പിണറായി സർക്കാരിന്റേത് അസാധാരണ ജനവിധിയെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു.
ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും. വികസനത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന സർക്കാർ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും. അസമത്വം ഇല്ലാതാക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.
ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും. കൊവിഡിനെ നേരിടാൻ 20,000 കോടിയുടെ സഹായം സർക്കാർ ചെയ്തുവെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
സമൂഹത്തിൽ വിവേചനം പാടില്ല എന്നതാണ് സർക്കാർ നയം. സ്ത്രീ സമത്വത്തിന് പ്രധാന്യം നൽകും. ഗുരുതര പ്രതിസന്ധികൾക്കിടയിലും കൊവിഡിനെ പ്രതിരോധിക്കാനായി. കോവിഡ് വാക്സിൻ സർക്കാർ സൗജന്യമായി നടപ്പാക്കുന്നു. മൂന്ന് കോടി ഡോസ് വാങ്ങാൻ ആഗോള ടെൻഡർ നൽകുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി.
കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുന്നത് പരിഗണനയിലാണ്. എല്ലാവർക്കും സൗജന്യ വാക്സിൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ ഇതിനായി ചെലവാക്കും. കൊവിഡിനെ നേരിടാൻ 20,000 കോടിയുടെ സഹായം സർക്കാർ ചെയ്തുവെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന പരാമർശങ്ങളും നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയർത്തണമെന്ന ആവശ്യം കേന്ദ്രം അഗീകരിക്കുന്നില്ല. ഇത് ഫെഡറിലിസത്തിന് ചേരാത്തതാണെന്നും സഹകരണ മേഖലയിലെ കേന്ദ്ര നയങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു.
പോയ വർഷം സംസ്ഥാനം കടന്നുപോയത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്. ഇതിനിടയിലും കോവിഡിനെ പ്രതിരോധിക്കാനായി. കോവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിർത്താൻ സാധിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളിലാണ് സംസ്ഥാനം.
ക്ഷേമ വികസന പദ്ധതികൾ തുടരുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും.
ഒമ്പതുമണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കർ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗം 10.56ന് അവസാനിച്ചു
നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമർശങ്ങൾ
സമൂഹത്തിൽ വിവേചനം പാടില്ല എന്നതാണ് സർക്കാർ നയം.
ഗുരുതര പ്രതിസന്ധിക്കിടയിലും കോവിഡിനെ പ്രതിരോധിക്കാനായി.
കോവിഡ് വാക്സിൻ സർക്കാർ സൗജന്യമായി നൽകുന്നു.
മൂന്നു കോടി ഡോസ് വാങ്ങാൻ ആഗോള ടെൻഡർ നൽകും.
കോവിഡ് ഒന്നാം തരംഗത്തിൽ സമഗ്ര പാക്കേജ് നടപ്പാക്കി.
കോവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിർത്താൻ സാധിച്ചു.
നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകൾ 19 ലക്ഷം കുടുംബങ്ങൾക്ക് നൽകി.
ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു.
കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നൽകി.
പെൻഷൻ ഉൾപ്പെടെയുള്ളവ കുടിശ്ശിക തീർപ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു.
കോവിഡ് പ്രതിരോധ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഉൾപ്പെടെ മുന്നോട്ടുവന്നു.
ആശുപത്രികളിൽ ഐ.സി.യു. ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്സിജൻ വിതരണവും വർധിപ്പിച്ചു.
ഒന്നാം കോവിഡ് തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ ഭരണകൂടങ്ങളും നിർണായക പങ്കുവഹിച്ചു
6.6%സാമ്പത്തിക വളർച്ചയാണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം. എന്നാൽ കോവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു.
റവന്യു വരുമാനത്തിൽ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് കോവിഡ് ഭീഷണി ഉയർത്തുന്നു.
കെ ഫോൺ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും.
താഴെത്തട്ടിൽ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികൾ തുടരും.
സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാർട്ട് കൃഷി ഭവനുകളാക്കും.
കേരള കാർഷിക സർവകലാശാലയിൽനിന്നും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നുമുള്ള ഗവേഷണഫലങ്ങൾ പൂർണമായും ഉത്പാദന വർധനയ്ക്കായി ഉപയോഗപ്പെടുത്തും.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം 50% വർധിപ്പിക്കും.
കർഷകർക്കുള്ള വെറ്ററിനറി സേവനങ്ങൾക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് 2450 കോടിയുടെ പുനർഗേഹം പദ്ധതി.
ഉൾനാടൻ മത്സ്യോത്പാദനം ഇരട്ടിയാക്കും.
ഗോത്രവർഗ മേഖലകളിൽ മൊബൈൽ റേഷൻ കടകൾ തുറക്കും
യുവസംരംഭകരെയും സേവനദാതാക്കളെയും ലക്ഷ്യമിട്ട് 25 കോർപറേറ്റീവ് സൊസൈറ്റികൾ രൂപവത്കരിക്കും.
പാഡി കോഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിക്കും.
പാലക്കാട് മാതൃകയിൽ രണ്ട് ആധുനിക റൈസ് മില്ലുകൾ സ്ഥാപിക്കും.
കേരളത്തിലെ നവോത്ഥാന നായകരുടെ പേരിൽ ജില്ലകളിൽ ഒന്നുവീതം കൾച്ചറൽ കോംപ്ലക്സുകൾ നിർമ്മിക്കും.
കേരള കൾച്ചറൽ മ്യൂസിയം സ്ഥാപിക്കും.
സാംസ്കാരിക പരിപാടികൾക്കായി പ്രാദേശിക സാസ്കാരിക കേന്ദ്രങ്ങൾ ഒരുക്കും.
ഇലക്ട്രോണിക് ഫയൽ പ്രൊസസിങ് സമ്പ്രദായം എല്ലാ സർക്കാർ ഓഫീസുകളിലും നടപ്പാക്കും
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരളയെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നോവേഷൻ ആൻ ടെക്നോളജിയാക്കി മാറ്റും.
വിമുക്തി മിഷനും സർക്കാർ ആശുപത്രികളും സംയുക്തമായി 14 വിമുക്തി ഡീഅഡിക്ഷൻ സെന്ററുകൾ സ്ഥാപിച്ചു. ഇതുവരെ 44,673 പേർ ഈ ഡീഅഡിക്ഷൻ സെന്ററുകളിൽ ചികിത്സ തേടിയിട്ടുണ്ട്.
വാർഡ് മെമ്പറോ കൗൺസിലറോ കൺവീനർ ആയിട്ടുള്ള വിമുക്തി ജാഗ്രതാ സമിതികൾ രൂപവത്കരിക്കും.
സ്കൂളുകളും കോളേജ് കാമ്പസുകളും ലഹരിമുക്തമാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ 5741 ആന്റി ഡ്രഗ് ക്ലബ്ബുകൾ കോളേജുകളിലും സ്കൂളുകളിലുമായി പ്രവർത്തിക്കുന്നുണ്ട്. ആന്റി ഡ്രഗ് ക്ലബുകൾ എല്ലാ സ്വകാര്യ-പൊതുമേഖലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും.
ന്യൂസ് ഡെസ്ക്