തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിൽ ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറത്തിൽ അപേക്ഷ ഫീസ് സഹിതം മാർച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിനു ജൂലൈ 30-നകം സമർപ്പിക്കണം.

ഫീസ് വിവരം: പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 500 രൂപ. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് പേപ്പർ ഒന്നിനു 300 രൂപ. സൂക്ഷ്മപരിശോധനയ്ക്കു പേപ്പർ ഒന്നിന് 100 രൂപ. യാതൊരു കാരണവശാലും അപേക്ഷ ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോറം സ്‌കൂളുകളിലും ഹയർസെക്കൻഡറി പോർട്ടലിലും ലഭിക്കും. സ്‌കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷ പരീക്ഷാസെക്രട്ടറി നൽകുന്ന സോഫ്ട്‌വെയർ ഉപയോഗിച്ച് ഓഗസ്റ്റ് അഞ്ചിനകം പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്യണം.