ദോഹ. ഖത്തറിന്റെ അഭിമാന പദ്ധതികളായ ദോഹാ ഇന്റർനാഷണൽ എയർപോർട്ട്, മുശൈരിബ് പ്രൊജക്ട് എന്നിവയിലെ വിജയകരമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും ഖത്തർ മെട്രോ റെയിൽ, ഖത്തർ യൂണിവേർസിറ്റി, മാൾ ഓഫ് ഖത്തർ, ദോഹാ പോർട്ട്, ഖത്തർ യൂണിവേർസിറ്റി മുതലായ സ്വപ്‌ന പദ്ധതികളുടെ ഭാഗമാവുകയും ചെയ്ത ജർമൻ കമ്പനിയായ ഫിഷർ ഖത്തറിലെ വിജയകരമായ പ്രവർത്തനങ്ങളുടെ പത്താം വാർഷികം ഇന്ന് വൈകുന്നരം ദോഹാ ഷെറാട്ടൺ ഹോട്ടലിൽ ആഘോഷിക്കുമെന്ന് അഡാസ്ട്ര ഫിഷർ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫിഷർ ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന മിക്ക സ്ഥാപനങ്ങളുടേയും പ്രതിനിധികൾ ആഘോഷ പരിപാടികളിൽ പങ്കെടുക്കും.

1948 ൽ ജർമനിയിൽ ആരംഭിച്ച ഫിഷർ 2006 ലാണ് ഖത്തറിലേക്ക് പ്രവേശിച്ചത്. തുടക്കത്തിൽ വിതരണക്കാരും ഏജന്റുമാരുമായും സഹകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ 2013 മുതൽ ഖത്തറിലെ നിർമ്മാണ രംഗത്ത് സജീവ സാന്നിധ്യമായ അഡാസ്ട്രയുമായി സംയുക്ത സംരംഭമായാണ് ഫിഷർ പ്രവർത്തിക്കുന്നത്. ഇതോടെ വാണിജ്യ രംഗത്ത് ഫിഷർ അതിന്റെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ്. ഗുണനിലവാരമുള്ള ഫിഷർ ഉൽപന്നങ്ങൾ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിക്കുന്നതും അംഗീകാരങ്ങൾ നേടിയതുമാണ്. ഖത്തറിലെ പ്രമുഖമായ മിക്ക പദ്ധതികളിലും ഫിഷറിന് പങ്കാളിത്തമുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ പൂർത്തീകരിക്കുവാൻ ശ്രമിക്കുന്ന ഖത്തറിൽ കമ്പനിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

അഡാസ്ട്ര മാനേജിങ് ഡയറക്ടർ മുഹമ്മദ് അൻവർ സാദത്ത്, ഡയറക്ടർ നബീൽ പുത്തിലകത്ത്, ഫിഷർ സെയിൽസ് മാനേജർ എം.ആർ.രതീഷ് ബാബു, ടെക്‌നിക്കൽ മാനേജർ ഖൽദൂൻ ബസാഹി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.