- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടകൾ വാഴുന്ന മത്സ്യമേഖല; മേഖലയിലെ ചൂഷണത്തെ അതിജീവിക്കാനാകാതെ ചെറുകിട മത്സ്യവ്യാപരികൾ; ഇനി ഏകവഴി ആത്മഹത്യമാത്രം; വൈറലായി മത്സ്യത്തൊഴിലാളിയുടെ കുറിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ചില്ലറ മത്സ്യവ്യാപാരികളുടെ പ്രതിസന്ധികൾക്ക് അറുതിയില്ല.കോവിഡ് പ്രതിസന്ധിയൊക്കെ അൽപ്പസ്വൽപ്പം തരണം ചെയ്ത് നേരെയായി വരുമ്പോഴാണ് പലവിധ ചൂഷണങ്ങളെ അതിജീവിക്കാനാകാതെ ചില്ലറ മത്സ്യവ്യാപാരികൾ ദുരിതം പേറുന്നത്. മൊത്തവ്യാപാരികളുടെ അടുത്തുനിന്ന് ബോക്‌സ് ആയി മത്സ്യങ്ങൾ വാങ്ങുമ്പോൾ തൂക്കത്തിൽ കുറവ് വരുന്നുണ്ടെന്നതാണ് ഇതിലെ പ്രധാന പ്രശ്‌നം.അസംഘടിത മേഖലയായതുകൊണ്ട് തന്നെ ഇവരുടെ പ്രശ്‌നപരിഹാരത്തിന് കാര്യക്ഷമമായ ഇടപെടൽ നടക്കുന്നില്ലെന്നാണ് മത്സ്യവ്യാപാരികൾ പറയുന്നത്.
ഉപജീവനത്തിനായി പരിശ്രമിക്കുന്ന ചെറുകിട മത്സ്യവ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. മലബാർ മേഖലയിലെ ഒരു ചെറുകിട മത്സ്യവ്യാപാരിയാണ് തന്റെ പ്രശ്‌നങ്ങൾ ലോകത്തിനുമുന്നിൽ പങ്കുവച്ചിരിക്കുന്നത്. ഇത് കേവലം ഒരാളുടെ മാത്രം പ്രശ്‌നമല്ലെന്ന് വ്യാപാരികൾ പറയുന്നു.
മത്സ്യവ്യാപാരി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ചുവടെ,
മരണം പതിയിരിക്കുന്ന മത്സ്യ വ്യാപാരം...
ആത്മഹത്യക്ക് മുമ്പ് എഴുതുന്ന കുറിപ്പാണിത്...
നിങ്ങൾ ഓരോരുത്തരും ഇത് വായിക്കണം... അധികാരികൾക്ക് മുന്നിലെത്തും വരെ ഷെയർ ചെയ്യണം..
കണ്ണൂരിലെയും തലശ്ശേരിയിലെയും ഹോൾസെയിൽ മത്സ്യ മാർക്കറ്റിൽ നിന്ന് കച്ചവടത്തിനു വേണ്ടി മീൻ എടുക്കുന്നവർ കടക്കെണിയിൽ അകപ്പെട്ട് ആത്മഹത്യയുടെ വക്കിലാണുള്ളത്. കടം കയറി മുടിഞ്ഞ് വീടും സ്ഥലവും വിറ്റ് കച്ചവടം നിർത്തിയവരേക്കാൾ കൂടുതൽ കടപ്പുറത്തെ ഗുണ്ടകൾക്ക് മുന്നിലേക്ക് പോകാൻ ഭയപ്പെട്ട് കച്ചവടം നിർത്തി നാടുവിട്ടവർ പലരാണ്..
കാരണം ഇതാണ്... 25 കിലോയെന്നും 30 കിലോയെന്നും പറഞ്ഞ് ബോക്‌സിൽ വരുന്ന മത്സ്യങ്ങൾ എല്ലാം തന്നെ പലതരം കളവിനൊടുവിൽ 20 കിലോ മുതൽ 22/25 കിലോ ആയി മാറുന്ന വൻ കൊള്ളയാണ് കണ്ണൂരും തലശേരിയിലും നടക്കുന്നത്. മത്സ്യവിപണനം നടക്കുന്ന സമയത്ത് ഈ മത്സ്യങ്ങളെല്ലാം തൂക്കി നോക്കാനോ എടുക്കാനോ കഴിയില്ല. അതിനുള്ള സജ്ജീകരണമോ സാഹചര്യമോ അവിടെയില്ല. ഉണ്ടെങ്കിൽത്തന്നെ തൂക്കി ഐസ് ഇട്ട മത്സ്യങ്ങൾ വീണ്ടും പുറത്തെടുത്ത് തൂക്കുക എന്നത് അസാധ്യമാണ് താനും. പ്രത്യേകിച്ച് ഒരു വണ്ടി നിറയെ മത്സ്യം എടുക്കുന്ന മൊത്ത വ്യാപാരികൾക്ക്.
ഈ സാധ്യതയാണ് കടപ്പുറത്തെ ഗുണ്ടാ കൊള്ളസംഘങ്ങൾ വഴി മുതലെടുക്കുന്നത്. എങ്ങിനെ ഈ കൊള്ള നടക്കുന്നു എന്ന് പരിശോധിക്കാം...
30 കിലോ തൂക്കി ഐസ് ഇട്ട് വരുന്ന സമയത്ത് അതിൽ കളവും ചതിയും നടത്തുന്ന ഒരു കൂട്ടർ. മത്സ്യവണ്ടിയിൽവച്ച് ഓരോ ബോക്‌സിലെയും മത്സ്യങ്ങളിൽനിന്ന് 2 കിലോ മുതൽ 5 കിലോ വരെ വാരി വേറെ ബോക്‌സിലാക്കി പുറത്തെ ഏജന്റുമാർക്ക് വിൽക്കുന്നവർ വേറെ... മത്സ്യം മാർക്കറ്റിലെത്തിയാൽ അത് ഇറക്കുന്നവരുടെ വകയായി കൂട്ടാൻ ഒരു കോരൽ. മുതലാളിമാർ വരുന്നതിന് മുമ്പ് തൊഴിലാളികൾ ഓരോ ബോക്‌സിലും കയ്യിട്ട് വാരി ചില്ലറ കച്ചവടക്കാർക്ക് വിൽക്കുന്ന വൻ കൊള്ളകൾ വേറെയും.
150 രൂപ വിലയുള്ള അയില ഒരു ബോക്‌സിൽ നിന്ന് 3 കിലോവച്ച് പോയാൽ നഷ്ടം 450 രൂപ. അത് കാൽകി ലോ മുതൽ അര കിലോ വരെവച്ച് തൂക്കി വിറ്റാൽ അതിലും ഒരു മൂന്നു കിലോ കുറവ്. നഷ്ടം 450+450=900. 30 രൂപ അധികത്തിൽ വിറ്റാൽ പോലും നഷ്ടം നികത്താൻ കഴിയില്ല.
ഇത് മത്തി മുതൽ ചെമ്മീനും ആവോലിയും അയക്കൂറയും വരെ എല്ലാതരം മത്സ്യത്തിലും ഈ കൊള്ളകൾ കാണാം. 500 രൂപ വിലയുള്ള അയക്കൂറ 3 കിലോ കട്ടെടുത്താൽ കള്ളന് മൂന്ന് കിലോ മത്സ്യത്തിന് 1500 ലാഭം. ഇതുകൊണ്ടുവന്ന് വിൽക്കുന്നവന്റെ കുടുംബം എപ്പോ പെരുവഴിയിലായി എന്ന് പറയേണ്ടതുണ്ടോ.
ഇനി തൂക്കക്കുറവ് സൂചിപ്പിച്ചാൽ...
തൊഴിലാളികളും മുതലാളിയും കൂടി അപ്പോ ചാടി വീഴും... നീ കള്ളനാണ് കളവ് പറയുന്നവനാണ്... നിനക്ക് മാത്രമേ ഈ കുറവുള്ളൂ എന്നും അലറി കണ്ണും ചുവപ്പിച്ച് വരും.
ആരും മിണ്ടില്ല...
കാരണം, ഒന്നാമതായി വല്ലതും പറഞ്ഞാൽ അപ്പോ തല്ലാൻ വരും. കൂട്ടത്തിൽ ആൾക്കാരുടെ ഇടയിൽ നിന്ന് കേട്ടാൽ അറയ്ക്കുന്ന തെറി വിളിയും. രണ്ട്, പലരും കടയിലെത്തിയാൽ മത്സ്യം തൂക്കി നോക്കാറില്ല എന്നതാണ് വാസ്തവം. അതിന് സമയവുമുണ്ടാവാറില്ല. മിനക്കെടാറുമില്ല. ഐസ് മാറ്റിയാൽ മത്സ്യം ചീത്തയാവുകയും ചെയ്യും.
യാഥാർഥ്യം
ഇതിൽ മത്സ്യം കയറ്റി അയയ്ക്കുന്ന മുതലാളിമാർ ചിലരൊഴികെ ഈ തട്ടിപ്പ് നടത്തുന്നില്ല. കണ്ണൂരിലും തലശ്ശേരിയിലും മത്സ്യം വിൽക്കുന്ന മുതലാളിമാരും ഈ കൊള്ള അറിയുന്നില്ല എന്നതാണ് വാസ്തവം. തൂക്കക്കുറവുണ്ടെന്ന് പറഞ്ഞാൽ മത്സ്യം അയച്ചവനും വിൽക്കുന്ന മുതലാളിയും എന്റെ മീൻ കുറയില്ല എന്ന് പറയുന്നത് യാഥാർഥ്യമായിരിക്കാം. കാരണം മത്സ്യം കയറുന്ന വണ്ടിയിലും ഇറക്കുന്ന സമയത്തും തൊഴിലാളികൾ നടത്തുന്ന ഈ കൊള്ളകൾ അവർ അറിയുന്നില്ലല്ലോ.
സ്വർണ്ണത്തേക്കാൾ വിലയുള്ള മത്സ്യം
500 രൂപ വിലയുള്ള അയക്കൂറ ഒരു ബോക്‌സിൽ നിന്ന് മൂന്ന് കിലോ മാറ്റിയാൽ, 10 ബോക്‌സിൽ നിന്ന് രൂപ 15,000 കൊള്ളക്കാർക്ക് കിട്ടി. ഇവിടെ കച്ചവടക്കാരന്റെ കുടുംബമാണ് വഴിയാധാരമാവുന്നത്..
ഒടുവിൽ ഗുണ്ടകളുടെ വരവ്
നഷ്ടം വന്നാലും ചീഞ്ഞതാണെങ്കിലും തൂക്കം കുറഞ്ഞാലും വിൽക്കാൻ കഴിയാതെ കുഴിച്ചിടേണ്ട മീനാണെങ്കിലും എടുത്താൽ പണം കൊടുക്കണം. ഇന്നെടുത്ത മത്സ്യത്തിന്റെ തുക പത്താം നാൾ കൊടുത്താൽ മതി എന്നതു കൊണ്ട് തിരിച്ചും മറിച്ചും നഷ്ടം വന്നാലും കടം കയറിയാലും കുറേ കാലം മുന്നോട്ട് പോവും. ഒടുവിൽ കടം കയറിയാൽ പിന്നെ വീട്ടിലും നിൽക്കാൻ വിടില്ല നാട്ടിലും നിൽക്കാൻ വിടില്ല. പിന്നെ ഗുണ്ടകളുടെ വരവാണ്... മത്സ്യമെടുക്കാൻ ചെന്നാൽ ചാവി ഊരലും എടുത്ത മത്സ്യവുമായി വണ്ടി വിടാതിരിക്കലും തെറിയും തല്ലുമായി വരുന്ന ഗുണ്ടാപ്പടയും വന്നാൽ എല്ലാം ഇട്ടെറിഞ്ഞ് ഒരു നാൾ ഈ പണി ഉപേക്ഷിക്കും. അപ്പോഴും ഇതൊക്കെ കടപ്പുറത്തുനിന്നും ഈ കച്ചവടക്കാരൻ അനുഭവിക്കുമ്പോഴും മാനാഭിമാനം നഷ്ടപ്പെടുമ്പോഴും ഈ കൊള്ളസംഘം നോക്കി നിന്ന് ഊറി ചിരിക്കുന്നുണ്ടാവും..
ഏറ്റവും വലിയ ഗതികേട്
ഒത്തൊരുമിച്ച് നിൽക്കാനോ ഈ കൊള്ളയെ ചോദ്യം ചെയ്യാനോ കഴിവില്ലാത്ത സ്വന്തം കാര്യം സിന്ദാബാദ് എന്ന കോലത്തിലുള്ള ചില്ലറ വ്യാപാരികളാണ് ഈ കണ്ണൂരിന്റെയും തലശേരിയുടെയും ശാപം. ഒന്നിച്ചൊരു ശബ്ദമായി നിന്നാൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്‌നം. പക്ഷേ, കോഴി കൊത്തുന്നിടം കാക്കയ്ക്ക് കണ്ടൂടാത്തതു പോലെയാണ് കച്ചവടക്കാരുടെ മനോനില. ഒന്നിന് ഒന്നിനെ കണ്ടൂടാ...
കടലിൽ നിന്ന് വരുന്ന പുതിയ മത്സ്യം പോലും സ്വന്തമായി കച്ചവടക്കാരനെ എടുക്കാൻ അനുവദിക്കാതെ ഓടത്തിൽ വരുന്ന മത്സ്യം മൊത്തം എടുത്ത് ഒരു ബോക്‌സിന് ആയിരമാണ് ഓടക്കാരന് കൊടുക്കുന്നതെങ്കിൽ 2000 രൂപ ചെറുകിട കച്ചവടക്കാരുടെ കയ്യിൽ നിന്ന് അടിച്ചു മാറ്റി ചീർത്ത് വീർത്ത് നടക്കുന്ന അധോലോക കൊള്ളകൾ വരെ കണ്ണൂരിൽ നടക്കുന്നുണ്ട്. അധികൃതരോ ഉത്തരവാദിത്തപ്പെട്ടവരോ ആരും തിരിഞ്ഞ് നോക്കുന്നില്ല.
ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനം ഒരു വമ്പിച്ച പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുകയോ, അതല്ലെങ്കിൽ ഫിഷറീസ് വകുപ്പോ ബന്ധപ്പെട്ട അധികാരികളോ ഈ വിഷമ പ്രതിസന്ധിയിൽ നിന്ന് പാവപ്പെട്ട മത്സ്യക്കച്ചവടക്കാരെ രക്ഷിക്കണമെന്ന് താഴ്മയായും വിനീതമായും അപേക്ഷിക്കുകയാണ്.
ദിനംപ്രതി പത്ത് ബോക്‌സിലധികം മത്സ്യം വിൽക്കുന്ന എനിക്ക് ഈ കഴിഞ്ഞ 5 മാസത്തിനുള്ളിൽ വന്ന കടം മൂന്നര ലക്ഷമാണ്.
ആരോടു പറയാൻ എന്ത് ചെയ്യാൻ... പത്ത് ബോക്‌സിലധികം മീൻ വിറ്റിട്ടും നാട് വിടാൻ തയ്യാറായ എന്റെ ഗതികേട് ഓർത്തുകൊണ്ടും
എന്നെ പോലെ നാട് വിട്ടോടിയ പലരേയും ഓർത്തു കൊണ്ടും ഞാൻ ഇത് സമർപ്പിക്കുന്നു...
മറുനാടന് മലയാളി ബ്യൂറോ