രാജ്യത്ത് കൻആദ് മീൻ പിടിക്കുന്നതിനും വില്പന നടത്തുന്നതിനും നിരോധനം.കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് അയക്കൂറ (കിങ് ഫിഷ്) ഇനത്തിൽപ്പെട്ട കൻആദ് മീൻ പിടിക്കുന്നതിന് നഗരസഭ പരിസ്ഥിതി മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്.

വിലക്കേർപ്പെടുത്തിയിരിക്കുന്ന ഒക്ടോബർ 15 വരെനിരോധിത കാലയളവിൽ കൻആദ് മീൻ കച്ചവടം നടത്താനും അനുമതിയില്ല. കൻആദ് മീൻ പിടിക്കാനായി ഉപയോഗിക്കുന്ന ഹലാഖ് എന്ന പ്രത്യേകയിനം വലയുടെ വിൽപ്പനയും ഈ മാസങ്ങളിൽ നിരോധിക്കാറാണ് പതിവ്.

നിരോധിത കാലയളവിൽ മീൻപിടുത്തം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിക്കാറുണ്ട്. അതേസമയം വല ഉപയോഗിച്ച് അയക്കൂറ പിടിക്കുന്നതിന് മാത്രമല്ല മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ മൊത്തം ട്രോളിങ് നിരോധനവും ഏർപ്പെടുത്താറുണ്ട്.

ട്രോളിങ് സമയത്ത് വലയ്ക്ക് പകരമായി ഗാർഗൂർ, പരമ്പരാഗത കൈത്തറി മീൻ വല, ശൂലം, ചാട്ടുളി എന്നിവ ഉപയോഗിച്ച് മീൻ പിടിക്കാം. നിരോധന കാലത്ത് മൂന്ന് തവണയിൽ കൂടുതൽ കടലിൽ പോകാൻ മീൻപിടിത്ത ബോട്ടുകൾക്കും അനുമതിയില്ല.