മലപ്പുറം: രാജ്യത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് അരക്ഷിതാവസ്ഥയും അസഹിഷ്ണുതയും വിതച്ച് മുന്നോട്ട് പോകുന്ന മോദി സർക്കാർ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ഫാക്ടറികളുൾ പ്പെടെയുള്ള തൊഴിലിടങ്ങളിൽ തൊഴിലാളികൾക്കുണ്ടായിരുന്ന തൊഴിലവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുത്ത് തൊഴിലാളികളെ തെരുവിലിറക്കുകയാണെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

സ്പെഷ്യൽ ഇക്കണോമിക് സോണുകൾ തൊഴിലാളികളുടെ കൊലാലയ ശാലകളാണ്. കേരളത്തിലെ തോട്ടം തൊഴിലാളികൾ വലിയ പ്രതിസന്ധികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ടാറ്റ, ഹാരിസൺ, പോബ്സൺ കമ്പനികളിൽ നിന്ന് പാട്ടത്തിന് കൊടുത്ത തോട്ടം ഭൂമി തിരിച്ച് പിടിച്ച് ഒരേക്കർ മുതൽ നാല് ഏക്കർ വരെ തൊഴിലാളികൾക്ക് വീതിച്ച് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിനിമം കൂലിയുടെ പകുതിയെങ്കിലും പെൻഷൻ തുകയായി നിശ്ചയിച്ച് ക്ഷേമ പദ്ധതികളും തൊഴിലാളി പെൻഷനുകളും സമഗ്ര പരിഷ്‌കരണത്തിന് കേരള സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

എഫ്.ഐ.ടി.യു മലപ്പുറം ജില്ല സമ്മേളനം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എം.ഐ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ പരമാനന്ദൻ മങ്കട സ്വാഗതവും എഫ്.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിൽ എഫ്.ഐ.ടി.യു സംസ്ഥാന ഭാരവാഹികളായ ഉസ്മാൻ മുല്ലക്കര, ഷാനവാസ് കോട്ടയം, മുഹമ്മദ് പൊന്നാനി, ജില്ല ഭാരവാഹികളായ അറഫാത്ത് പാണ്ടിക്കാട്, അഷ്റഫ് വൈലത്തൂർ, റീന സോനു എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനവും പുതിയ ഭാരവാഹി പ്രഖ്യാപനവും എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി വനിത വിഭാഗം കൺവീനർ റംല മമ്പാട്, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ, അസറ്റ് ജില്ല ജനറൽ സെക്രട്ടറി കെ.ടി ഹനീഫ, സജീർ ചെറയക്കുത്ത് എന്നിവർ സംസാരിച്ചു.

എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി ഫസൽ തിരൂർക്കാട് സ്വാഗതവും സ്വാഗതസംഘം കൺവീനർ എ സദറുദ്ദീൻ നന്ദിയും പറഞ്ഞു.