- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് ഡോക്ടർക്ക്; സമ്പർക്ക പട്ടികയിലെ അഞ്ചുപേർക്ക് കോവിഡ്; സാമ്പിളുകൾ ജീനോം പരിശോധനയ്ക്ക് അയച്ചു; ദക്ഷിണാഫ്രിക്കൻ സ്വദേശി ദുബായിലേക്ക് മടങ്ങിയത് സ്വകാര്യ ലാബിൽ നിന്നുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി; 24 രാജ്യങ്ങളിൽ ഒമിക്രോൺ എത്തിപ്പെട്ടതായി ലോകാരോഗ്യ സംഘടന
ബെംഗളൂരു: കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടുപേരിൽ ഒരാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട അഞ്ചുപേർ കോവിഡ് പോസിറ്റീവ്. ഇവരെ ഐസൊലേറ്റ് ചെയ്തു. സാമ്പിളുകൾ ജീനോം പരിശോധനയ്ക്കായി അയച്ചതായി കർണാടക സർക്കാർ അറിയിച്ചു. 66-ഉം 46-ഉം വയസ്സുള്ള രണ്ടു പുരുഷന്മാർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതായി വ്യാഴാഴ്ച വൈകീട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
ബെംഗളുരുവിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത് ഒരു ഡോക്ടർക്കെന്നാണ് റിപ്പോർട്ടുകൾ. 46-കാരനാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇദ്ദേഹം നിലവിൽ ബെംഗളുരുവിൽ ചികിത്സയിലാണ്.
നവംബർ 21-ന് ഇദ്ദേഹത്തിന് പനിയും ശരീരവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പിറ്റേന്ന് നടത്തിയ പരിശോധനയിൽ രോഗബാധ സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ അന്നു തന്നെ ജനിതക ശ്രേണീകരണത്തിന് അയച്ചു. തുടർന്ന് മൂന്നുദിവസത്തിനു ശേഷം ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. 46-കാരനായ ഡോക്ടറുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 13 പേരുണ്ടെന്നും ദ്വിതീയ സമ്പർക്കപ്പട്ടികയിൽ 250-ൽ അധികം പേരുമുണ്ടെന്നും കർണാടക സർക്കാർ അറിയിച്ചു.
ആദ്യം ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരൻ കോവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായും കർണാടക സർക്കാർ വ്യക്തമാക്കി. ഇരുവരും തമ്മിൽ ബന്ധമൊന്നുമില്ലെന്നും, ആദ്യത്തെയാൾ മാത്രമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയെന്നും കർണാടക സർക്കാർ അറിയിച്ചു.
ആദ്യമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയെ പരിശോധനയിൽ നെഗറ്റീവാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് രാജ്യം വിടാൻ അനുവദിച്ചത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതും യാത്രാനുമതി നൽകുന്നതിൽ നിർണായകമായി. വൈറസ് ബാധ സ്ഥിരീകരിച്ച സമയത്ത് ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. നവംബർ ഇരുപതിന് ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ ഇദ്ദേഹം ഏഴ് ദിവസം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ ദക്ഷിണാഫ്രിക്കൻ സ്വദേശി സ്വകാര്യ ലാബിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതായും നവംബർ 27-ന് രാജ്യം വിട്ടതായുമാണ് ബെംഗളൂരു കോർപറേഷൻ വ്യക്തമാക്കിയത്. ഇയാളുടെ യാത്രാ വിവരങ്ങൾ കോർപറേഷൻ പുറത്തുവിട്ടു. നവംബർ 20-ന് ഇന്ത്യയിലെത്തിയ 66 കാരനായ ഇയാൾക്ക് കോവിഡ് സ്ഥരീകരിച്ചിരുന്നു. ഏഴ് ദിവസത്തിന് ശേഷം ദുബായിലേക്ക് പോകുകയായിരുന്നു. ഇയാൾ കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു.
നവംബർ 20-ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഇയാൾ അവിടെ നിന്നുള്ള കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കിയിരുന്നു. തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയനായ ഇയാൾ ഹോട്ടലിലേക്ക് മാറി. കോവിഡ് സ്ഥിരീകരിച്ച ഇയാളെ ഹോട്ടലിലെത്തി യുപിഎച്ച്സി ഡോക്ടർ പരിശോധിക്കുകയും രോഗലക്ഷണങ്ങളില്ലാത്തതിനാൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഇയാളുടെ സാമ്പിളുകൾ ശേഖരിക്കുകയും ജനിതക ശ്രേണീകരണത്തിനായി അയക്കുകയും ചെയ്തു. പിറ്റേ ദിവസം സ്വകാര്യ ലാബിൽ സ്വയം പരിശേധനക്ക് വിധേയനായ ഇയാൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചു.
ഈ മാസം 20-നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരൻ ദുബായ് വഴി ബംഗ്ലൂരുവിലെത്തിയത്. 24 പ്രൈമറി കോണ്ടാക്ടുകളാണ് 66-കാരന് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. എല്ലാവരെയും കണ്ടെത്തി പരിശോധിച്ചു. നെഗറ്റീവാണെന്നാണ് ഫലം വന്നിരിക്കുന്നത്. 240 സെക്കന്ററി കോണ്ടാക്ടുകളാണ് ഇദ്ദേഹത്തിനുള്ളത്. ഇവരെല്ലാവരും നെഗറ്റീവാണ്. ഇദ്ദേഹത്തെ പരിശോധിക്കാൻ എത്തിയ ഡോക്ടറും സഹപ്രവർത്തകരും നിരീക്ഷണത്തിലാണ്.
അതേസമയം, ഒമിക്രോൺ ലോകത്ത് ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ, രോഗം അതിവേഗം വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നവംബർ എട്ടിനാണ് ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ലോകരാജ്യങ്ങൾ ഒമിക്രോൺ പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ്. ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽനിന്നെത്തിയ യാത്രക്കാരുടെ വിവരങ്ങൾ കൈമാറാൻ വിമാനക്കമ്പനികളോട് അമേരിക്കൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് 24 രാജ്യങ്ങളിൽ ഒമിക്രോൺ എത്തിപ്പെട്ടിട്ടുണ്ടാവുമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന വിവരം.
മുൻപുണ്ടായ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് കൂടുതൽ വ്യാപനശേഷിയുണ്ടെന്നാണ് പ്രാഥമിക സൂചനകൾ. ഒമിക്രോൺ വകഭേദത്തിന്റെ വരവ് ഫിനാൻഷ്യൽ മാർക്കറ്റുകളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ആഘാതത്തിൽനിന്ന് പൂർണമായും മോചിതമാകാത്ത പശ്ചാത്തലത്തിൽ ഒമിക്രോണിന്റെ വരവ് പുതിയ നിയന്ത്രണങ്ങൾക്ക് വഴിവെച്ചേക്കുമോ എന്ന ഭയത്തെ തുടർന്നാണിത്.
രോഗപ്രതിരോധശേഷിയെ കുറച്ചൊക്കെ അതിജീവിക്കാൻ ഒമിക്രോണിന് സാധിക്കും. എങ്കിലും നിലവിലുള്ള വാക്സിനുകൾക്ക് രോഗം ഗുരുതരമാകുന്നതിനെയും മരണത്തെയും ഒഴിവാക്കാൻ സാധിക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്കയിൽ ബുധനാഴ്ച പുതുതായി സ്ഥിരീകരിച്ചത് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടി കേസുകളാണ്.
ഒമിക്രോണിന്റെ വ്യാപനശേഷിയെ എത്രത്തോളമാണ് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ദിവസങ്ങൾക്കുള്ളിൽ ലഭ്യമാകുമെന്ന് ലോകാരോഗ്യ സംഘടനാ എപിഡെമിയോളജിസ്റ്റ് മരിയ വാൻ കെർഖോവെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ