മസ്‌കത്ത്: ബർക്കയിൽ കേടുവന്ന അരി പിടിച്ചെടുത്ത സംഭവത്തിൽ അഞ്ചു വിദേശികൾക്ക് തടവും പിഴയും വിധിച്ച് കോടതി ഉത്തരവ്. സംഭവത്തിൽ പ്രതികളായ അഞ്ച് വിദേശികൾക്ക് തടവും പിഴയും ശിക്ഷക്ക് ശേഷം മുഴുവൻ പ്രതികളെയും നാടുകടത്താനും ബർക്ക പ്രൈമറി കോടതി വിധിച്ചു. കേസിലെ ആദ്യ മൂന്ന് പ്രതികൾക്ക് രണ്ട് വർഷം വീതം തടവും 10,000 റിയാൽ പിഴയുമാണ് ശിക്ഷ. അഞ്ചും ആറും പ്രതികൾ ഒരു വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും 5000 റിയാൽ പിഴ അടക്കുകയും വേണം. നാലാം പ്രതിയെ കോടതി വിട്ടയക്കുകയും ചെയ്തു.

ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ അനുശാസിക്കുന്ന സുതാര്യതക്കും വിശ്വാസ്യതക്കും വിരുദ്ധമായി അഴുകിയ ഭക്ഷണം വിൽപന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ വിചാരണ ചെയ്തത്.

പിടിച്ചെടുത്ത അരി പ്രതികളുടെ ചെലവിൽ നശിപ്പിക്കുകയും വേണം. ജാമ്യം ലഭിക്കുന്നപക്ഷം ഓരോ പ്രതിയും മൂവായിരം റിയാൽ വീതവും അടക്കണം. കഴിഞ്ഞ മെയ്‌ മാസം പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ബർക്കയിലെ വിതരണ കമ്പനിയുടെ ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത അരി പിടിച്ചെടുത്തത്. അഴുകിയ അരി പുതിയ ചാക്കുകളിലാക്കി പാക്ക് ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് പിടിയിലായത്. ചീത്തയായ അരി കഴുകി വൃത്തിയാക്കി പുതിയ പാക്കറ്റുകളിൽ നിറച്ച് ഉൽപാദന തീയതിയും എക്‌സ്പയറി തീയതിയും മാറ്റി വിപണനം ചെയ്യുകയാണ് ഇവർ ചെയ്തിരുന്നതെന്ന് അധികൃതർ കോടതിയിൽ അറിയിച്ചു.

പൊടിയും പ്രാണികളും നിറഞ്ഞ അരി വൃത്തിയാക്കാതെ തങ്ങൾ പുതിയ ചാക്കുകളിൽ നിറച്ചതായി പ്രതികൾ കോടതിയിൽ സമ്മതിച്ചിരുന്നു. അരിച്ചാക്കുകളിലെ കാലാവധി തിരുത്തുന്നതടക്കം ജോലികൾ സൂപ്പർവൈസർമാരുടെ അറിവോടെയാണ് ചെയ്തിരുന്നതെന്നും ഇവർ മൊഴി നൽകിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി ബർക്ക മേധാവിയടക്കമുള്ളവരുടെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.