- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പതു കിലോ വരുന്ന പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ച് കഴിച്ചു; പല്ലും നഖവും തോലും മാറ്റിവെച്ചത് വിറ്റ് കാശുവാങ്ങാൻ; ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് പിടികൂടിയത് അഞ്ചുപേരെ
പൈനാവ്: പുള്ളിപ്പുലിയെ കെണിവെച്ചു പിടിച്ച് കൊന്നു തിന്ന അഞ്ചുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മുനിപാറ സ്വദേശികളായ പി.കെ. വിനോദ്, വി.പി. കുര്യാക്കോസ്, സി.എസ്. ബിനു, സാലിം കുഞ്ഞപ്പൻ, വിൻസെന്റ് എന്നിവരെയാണ് പിടികൂടിയത്. ഇടുക്കി മാങ്കുളം മുനിപാറയിലാണ് സംഭവം. ബുധനാഴ്ച പിടിച്ച പുലിയ ഇന്നലെയാണ് തോലുരിഞ്ഞ് ഇറച്ചി കറിയാക്കിയത്.
വനം വകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. ആറുവയസ്സ് പ്രായം വരുന്ന അമ്പതു കിലോയോളം ഭാരമുള്ള പുള്ളിപ്പുലിയെ ആണ് ഇവർ കൊന്നത്. വിനോദിന്റെ കൃഷിയിടത്തിലായിരുന്നു പുലിക്കു വേണ്ടി കുടുക്ക് വെച്ചിരുന്നത്. കെണിയിൽ വീണ പുള്ളിപ്പുലിയെ കൊന്ന് ഇറച്ചിയാക്കി കറിവെച്ച് പ്രതികൾ ഭക്ഷിച്ചു. ശേഷം പല്ലും നഖവും തോലും വിൽപ്പനയ്ക്ക് മാറ്റുകയും ചെയ്തു. ബാക്കിവന്ന ഇറച്ചി വീതം വെച്ചെടുക്കുകയും ചെയ്തു.
പത്തു കിലോയോളം ഇറച്ചിയെടുത്ത് കറിവയ്ക്കുകയായിരുന്നു. തോലും പല്ലും നഖവും വിൽപ്പനയ്ക്കായി ഉരിഞ്ഞു മാറ്റി. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തു. മാങ്കുളം വനം റേഞ്ച് ഓഫീസർ ഉദയസൂര്യന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
പുലിയുടെ പല്ലും തോലും ഇറച്ചിയുടെ ബാക്കിഭാഗവും വനം വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഒന്നാം പ്രതിയായ വിനോദാണ് എല്ലാറ്റിനും നേതൃത്വം കൊടുത്തതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.അന്വേഷണത്തിൽ വനംവകുപ്പ് ജീവനക്കാരായ അജയ് ഘോഷ്, ദിലീപ് ഖാൻ, അബ്ബാസ്, ജോമോൻ, അഖിൽ, ആൽബിൻ, സാബു കുര്യൻ, അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.
മറുനാടന് ഡെസ്ക്