ദോഹ: ആരോഗ്യരംഗത്തെ വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ ഖത്തർ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി അടുത്തവർഷം അഞ്ച് പുതിയ ആശുപത്രികളാണ് തുറക്കുന്നത്. ഇതിൽ മൂന്നെണ്ണം തൊഴിലാളികളെ ചികിത്സിക്കുവാൻ വേണ്ടി മാത്രവും. എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ മൂന്ന് ആശുപത്രികൾ പ്രവർത്തനമാരംഭിക്കുന്നത്. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ത്രിദിന ഖത്തർ രാജ്യാന്തര വൈദ്യ ശാസ്ത്ര സംരക്ഷണ പ്രദർശനം ഉദ്ഘാടനം ചെയ്യവെ ആരോഗ്യമന്ത്രി അബ്ദുല്ല ബിൻ ഖാലിദ് അൽ കഹ്തീനിയാണ് ഇക്കാര്യം അറിയിച്ചത്.

മിസൈദ്, ഇൻഡസ്ട്രിയൽ ഏരിയ, റാസ്ലഫാൻ എന്നിവിടങ്ങളിലാണ് തൊളിലാളികൾക്ക് മാത്രമായുള്ള ആശുപത്രികൾ ആരംഭിക്കുന്നത്. ഇവയിൽ ഒന്ന് സാംക്രമിക രോഗ ചികിത്സയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ദേശീയാരോഗ്യം ലക്ഷ്യമിട്ട് 2011ൽ സർക്കാർ ആരംഭിച്ച പഞ്ചവൽസര പദ്ധതിയുടെ 71 ശതമാനം ഇതിനോടകം തന്നെ പൂർത്തീകരിച്ചു. 37 പദ്ധതികളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇനിയും ഒരു വർഷത്തെ കാലാവധി സർക്കാറിന് ബാക്കി നിൽക്കുന്നു. രണ്ടാം പഞ്ചവൽസര പദ്ധതിക്ക് 2017 ൽ തുടക്കമാവുകയും ചെയ്യും.

എഴുപതിലേറെ രാജ്യാന്തര മെഡിക്കൽ ഉപകരണ നിർമ്മാണ കമ്പനികളാണ് എക്‌സിബിഷനിൽ പങ്കെടുക്കുന്നത്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പിഎച്ച്‌സിസി, അലി ബിൻ, അലി, ആസ്‌പെറ്റർ, വിഎൽസിസി വെൽനെസ് തുടങ്ങി ഖത്തറിലെ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അമേരിക്ക, ഇന്ത്യ, ചൈനാ, യുകെ, തായ്‌ലൻഡ്, തുർക്കി, യുഎഇ, സൗദി അറേബ്യാ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മെഡിക്കൽ കമ്പനികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ആരോഗ്യ സുപ്രീം കൗൺസിൽ ഖത്തർ ടൂറിസം അഥോറിറ്റി, ഖത്തർ ഡയബറ്റിസ് അസോസിയേഷൻ, ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റി, ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവയുമായി സഹകരിച്ചാണ് പ്രദർശനം.