ഭൂമിയെക്കാൾ കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പിറവിയെടുത്ത അഞ്ച് പുരാതന ഗ്രഹങ്ങളിൽ ജീവനുണ്ടായിരുന്നതായി ശാസ്ത്രലോകം. മനുഷ്യനെക്കാൾ ഏറെ മുന്നിൽനിൽക്കുന്ന ജീവിവർഗം ഈ ഗ്രഹങ്ങളിലുണ്ടെന്നും ശാസ്ത്രജ്ഞരിൽ വലിയൊരു വിഭാഗം വിശ്വസിക്കുന്നു. കെപ്ലർ-444 എന്ന സൂര്യനെ വലംവച്ചിരുന്നതാണ് ഈ ഗ്രഹങ്ങൾ. ഭൂമിയിൽനിന്ന് 117 പ്രകാശവർഷം അകലെയാണ് കെപ്ലർ-444. ഭൂമിയെക്കാൾ 1120 കോടി വർഷം പഴക്കമുള്ളതും.

കെപ്ലർ-444 നക്ഷത്രത്തെ വലംവച്ചിരുന്ന അഞ്ച് ഗ്രഹങ്ങളെ ജനുവരിയിലാണ് കണ്ടെത്തുന്നത്. ബർമ്മിങ്ങാം സർവകലാശാലയിലെ ടിയാഗോ കാംപന്റെ എന്ന ഗവേഷകന്റെ നേതൃത്വത്തിലാണ് പാറകളായി ഉറച്ചുപോയ ഈ ഗ്രഹങ്ങൾ കണ്ടെത്തിയത്. ഈ കണ്ടെത്തൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ സഹായിക്കുമെന്ന് ടിയാഗോ പറയുന്നു.

നാസയുടെ കെപ്ലർ ടെലിസ്‌കോപ്പ് ശേഖരിച്ച വിവരങ്ങൾ പരിശോധിച്ചാണ് ടിയാഗോയും സംഘവും ഈ അഞ്ച് ഗ്രഹങ്ങളുടെ സാന്നിധ്യംകണ്ടെത്തിയത്. ഭൂമിയെപ്പോലെ ജീവികൾ ഉള്ള മറ്റ് ഗ്രഹങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്ന് അവർ പറയുന്നു. അതിനുള്ള ശ്രമങ്ങൾ വേണ്ടത്ര ഉണ്ടാകാത്തതാണ് കണ്ടെത്തൽ വൈകാൻ കാരണമെന്നും ടിയാഗോ പറയുന്നു.

ഭൂമിയുടെ അതേ വലിപ്പമോ അൽപം ചെറുതോ ആയ ഗ്രഹങ്ങളാണ് കെപ്ലർ-444 നക്ഷത്രത്തെ ചുറ്റിയിരുന്നത്. ഭൂമിയെപ്പോലുള്ള ഗ്രഹങ്ങൾ വേറെയുമുണ്ടെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവയിൽ ജീവന്റെ സാന്നിധ്യമുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. ഭൂമി പിറവിയെടുക്കുമ്പോൾത്തന്നെ ഈ ഗ്രഹങ്ങൾക്ക് ഭൂമിക്ക് ഇപ്പോഴുള്ളതിനെക്കാൾ പ്രായമുണ്ടായിരുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.