തെന്മല (കൊല്ലം): തെങ്കാശി ജില്ലയിൽ നരബലിക്കു ശ്രമിച്ച സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പശ്ചിമഘട്ട മലയടിവാരത്തുള്ള കടനാനദി അണക്കെട്ടിനു സമീപം വനത്തോടു ചേർന്നുള്ള ക്ഷേത്രത്തിനു സമീപത്താണ് സംഭവം. കുട്ടിയുടെ മാതാവും ക്ഷേത്രം പൂജാരിയും ഉൾപ്പടെയാണ് പിടിയിലായത്.45 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണു നരബലിക്കായി എത്തിച്ചത്.

വനംവകുപ്പിന്റെ അനുമതിയോടുകൂടി മാത്രമാണ് പൗർണമി, അമാവാസി ദിവസങ്ങളിൽ ക്ഷേത്രം തുറക്കുന്നത്. ഇ ക്ഷേത്രത്തിനു സമീപമാണു ശിവകാശി സ്വദേശികൾ തിങ്കൾ സന്ധ്യയ്ക്ക് കുഞ്ഞുമായി എത്തിയത്. പകൽപോലും പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് അതിവേഗത്തിലെത്തിയ കാർ കണ്ടു സംശയം തോന്നിയ നാട്ടുകാരായ ചിലർ ഇവരെ പിൻതുടർന്നു.

ക്ഷേത്രത്തിനു സമീപം കാർ നിർത്തി പൂജ ആരംഭിച്ച പൂജാരി കുഞ്ഞിനെ തലകീഴായി പിടിച്ചതു ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൂജ തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു.നരബലിക്ക് അല്ല വന്നതെന്നും ശിവകാശിയിൽ നിന്നു ശങ്കരൻകോവിലിലെ ഒരു ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വനക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയതാണെന്നുമാണ് പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇവർ പറഞ്ഞത്.

സന്ധ്യ കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ നിന്നു ദൂരെമാറി പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു. നരബലി നടത്താനല്ല ഇവർ വന്നതെന്നും ഇതു വ്യാജ പ്രചരണമാണെന്നും തെങ്കാശി എസ്‌പി ആർ. കൃഷ്ണരാജ് അറിയിച്ചു.