- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമരിന്ദർ, ധാമി, ബാദൽ, സിദ്ദു, ഛന്നി,റാവത്ത്, ഉത്പൽ......; തെരഞ്ഞെടുപ്പിൽ കാലിടറി പ്രമുഖർ; വീണവരിൽ രണ്ട് മുഖ്യമന്ത്രിമാരും; അതിഥി സിംഗിന് റായ്ബറേലിയിൽ ജയം; കരുത്തരെ വീഴ്ത്തി ചരിത്രം കുറിച്ച് ആംആദ്മിയും
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും പാർട്ടി അധ്യക്ഷന്മാരും ഉൾപ്പെടെ നിരവധി പ്രമുഖർക്ക് തോൽവി. പഞ്ചാബിൽ രണ്ടു സീറ്റിൽ മത്സരിച്ച നിലവിലെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ചരൺജിത് സിങ് ഛന്നി രണ്ടിടത്തും തോറ്റു. ഉത്തരാഖണ്ഡിൽ നിലവിലെ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും തോൽവി രുചിച്ചു. സിറ്റിങ് സീറ്റായ ഖാത്തിമയിൽ മത്സരിച്ച ധാമി കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.
പഞ്ചാബിൽ ചംകോർ സാഹിബ് മണ്ഡലത്തിലും ബർണാല ജില്ലയിലെ ബദൗർ മണ്ഡലത്തിലുമാണ് ചരൺജിത് സിങ് ഛന്നി മത്സരിക്കാനിറങ്ങിയത്. എന്നാൽ രണ്ടിടത്തും ദയനീയ തോൽവി ഏറ്റുവാങ്ങി. കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിക്ക് ഒപ്പം ചേർന്ന മുൻ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് സ്ഥാപകനുമായ അമരീന്ദർ സിങ്ങിനും വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. പട്യാലയിൽ 19873 വോട്ടുകൾക്കാണ് ക്യാപ്റ്റൻ തോറ്റത്.
അമൃത്സർ ഈസ്റ്റിൽ പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു 6750 വോട്ടുകൾക്ക് തോറ്റു. ശിരോമണി അകാലിദളിന്റെ ബിക്രം സിങ് മജീദിയ മൂന്നാം സ്ഥാനത്തായി. എഎപി സ്ഥാനാർത്ഥി ജീവൻജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്. മുന്മുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവുമായ പ്രകാശ് സിങ് ബാദലും ജലാലാബാദിൽ മത്സരിച്ച പാർട്ടി അധ്യക്ഷൻ സുഖ്ബീർ ബാദലും തോറ്റു.
ഉത്തരാഖണ്ഡിൽ ബിജെപി ഭരണം നിലനിർത്തിയപ്പോഴും സിറ്റിങ് സീറ്റായ ഖാത്തിമയിൽ മത്സരിച്ച പുഷ്‌കർ സിങ് ധാമിയുടെ തോൽവി പാർട്ടിക്ക് വൻ തിരിച്ചടിയായി. കോൺഗ്രസിലെ ഭുവൻചന്ദ്ര കപാരിയോടാണ് ധാമി തോറ്റത്. ലാൽഖുവ മണ്ഡലത്തിൽ മത്സരിച്ച മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തും തോറ്റു. ഗംഗോത്രിയിൽ മത്സരിച്ച എഎപി മുഖ്യമന്ത്രി സ്ഥാനാർത്ഥി അജയ് കോത്തിയാലും തോൽവി രുചിച്ചു.
ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു സ്വന്തം തട്ടകമായ തംകുഹി രാജിൽ തോറ്റു. ഈ സീറ്റിൽ നിന്നുള്ള സിറ്റിങ് എംഎൽഎയായ ലല്ലു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏഴ് കോൺഗ്രസ് എംഎൽഎമാരിൽ ഒരാളായിരുന്നു. ഗോവയിൽ, മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ പനജിയിൽ തോറ്റു.
പഞ്ചാബ് ആംആദ്മി ചരിത്രമുന്നേറ്റം കൈവരിച്ചപ്പോൾ കാലിടറിയത് കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾക്കാണ്. മുഖ്യമന്ത്രി ചരൺജീത് സിങ് ഛന്നിക്ക് പുറമെ അമൃത്സർ ഈസ്റ്റിൽ മത്സരിച്ച പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു പരാജയപ്പെട്ടു.. ലാംബിയിൽ മത്സരിച്ച ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദലും തോൽവി ഏറ്റുവാങ്ങി.
കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം ചേർന്ന് മത്സരിച്ച അമരിന്ദറിനും എഎപിക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. പട്യാല അർബൻ മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു.
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും ഹരീഷ് റാവത്തും പരാജയപ്പെട്ടു. ഗോവയിൽ ബിജെപി വിട്ട് സ്വതന്ത്രനായി മത്സരിച്ച മുന്മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പനജിയിൽ തോറ്റു. ഉത്തർപ്രദേശ് ഹസ്തിനപുരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച നടിയും മോഡലുമായ അർച്ചന ഗൗതം ഏറെ പിന്നിലാണ്.
ഉത്തരാഖണ്ഡിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹരീഷ് റാവത്ത് ബിജെപിയുടെ മോഹൻ സിങ് ബിഷത്തിനോടാണ് പരാജയപ്പെട്ടത്. മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായി സുഖ്ബീർ സിങ് ബാദൽ ആം ആദ്മി സ്ഥാനാർത്ഥി ജഗദീപ് കാംഭോജിനോട് പരാജയപ്പെട്ടു.
ഉത്തർപ്രദേശിൽ ഭരണത്തുടർച്ച ഉറപ്പാക്കി ഗൊരഖ്പൂരിൽ നിന്നും ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് യോഗി ആദിത്യനാഥ് വിജയിച്ചു കയറിയത്. എസ്‌പി നേതാവ് അഖിലേഷ് യാദവ് കർഹാളിൽ വിജയിച്ചു. അഖിലേഷിന്റെ പിതൃസഹോദരാൻ ശിവപാൽ യാദവ് ജസ്വന്ത് നഗറിലും ജയിച്ചു കയറി. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അതിഥി സിങ് റായ്ബറേലിയിൽ വിജയിച്ചു.
ആംആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ ധുരിയിൽ വിജയിച്ചു. കോൺഗ്രസ് നേതാവ് മൈക്കിൾ ലോബോ ഗോവയിലെ ചലൻഗുഢിൽ നിന്നും ജയിച്ചു. മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ് ഹെയിൻഗംഗ് മണ്ഡലത്തിൽ നിന്നും വിജയിച്ചു
ന്യൂസ് ഡെസ്ക്