- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസന സാധ്യതയിലേക്ക് മിഴിതുറന്ന് ലക്ഷദ്വീപ്; എയർ ഇന്ത്യ ചരക്ക് വിമാനത്തിൽ ദ്വീപിൽ നിന്ന് അഞ്ച് ടൺ ചൂര ജപ്പാനിലേക്ക്; തുറക്കുന്നത് വൻ തൊഴിലവസരങ്ങൾ
അഗത്തി: ലക്ഷദ്വീപിൽ വൻ തൊഴിലവസരങ്ങൾക്കുള്ള സാധ്യത തുറന്നുകാട്ടി ദ്വീപിൽ നിന്ന് ജപ്പാനിലേക്ക് ആദ്യ ചൂര കയറ്റുമതി. ശനിയാഴ്ച അഗത്തിയിൽ നിന്നുള്ള ആദ്യ ചൂര കയറ്റുമതി കണ്ടെയ്നർ ബെംഗളൂരുവിലെത്തി. അവിടെ നിന്നാണ് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുക. ബെംഗളൂരുവിലെ ഷഷ്നി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ലക്ഷദ്വീപ് ചൂര ജപ്പാനിലെ ടോക്കിയോവിലെത്തിക്കുക. ആദ്യഘട്ടമായി അഞ്ച് ടൺ ചൂരയാണ് കയറ്റുമതി ചെയ്തത്.
ബെംഗളൂരുവിൽ നിന്ന് ദ്വീപിലേക്ക് ചരക്ക് എത്തിക്കുന്ന എയർ ഇന്ത്യ ചരക്ക് വിമാനം മടങ്ങുമ്പോഴാണ് കയറ്റുമതിക്കുള്ള ചൂര കണ്ടെയ്നറുകൾ അയയ്ക്കുന്നത്. ജൈവ സമ്പൂർണമായ ദ്വീപ് സമൂഹങ്ങളിലെ ചൂര മത്സ്യം ജപ്പാൻ, ജർമ്മൻ വിപണികളിൽ ഏറെ പ്രിയമുള്ളവയാണ്. കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന മെഗാ ലക്ഷദ്വീപ് ട്യൂണ എക്സ്പോർട്ടേഴ്സ് സ്റ്റേക്ക് ഹോൾഡേഴ്സ് മീറ്റാണ് കയറ്റുമതി സാധ്യതകൾ തുറന്നത്.
അമ്പതോളം കയറ്റുമതിക്കാരാണ് ഇതിൽ പങ്കെടുത്തത്. ബെംഗളൂരു കമ്പനിക്ക് പിന്നാലെ കൂടുതൽ കമ്പനികൾ ദ്വീപ് ചൂര കയറ്റുമതിക്കായി കാത്തിരിക്കുന്നു. മുപ്പത്താറോളം ദ്വീപുകളിൽ ജനവാസമുള്ള പത്ത് ദ്വീപുകളിലായി രണ്ടായിരത്തോളം യാനങ്ങളും ഏഴായിരത്തിലേറെ മത്സ്യത്തൊഴിലാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവിടത്തെ സൊസൈറ്റികളുമായി സഹകരിച്ചാണ് കയറ്റുമതി പ്രവർത്തനം. ചൂര സംഭരണത്തിനും സൂക്ഷിപ്പിനുമായി അഗതി, മിനികോയ്, അമിനി ദ്വീപുകളിൽ ജർമ്മൻ സാങ്കേതികവിദ്യയോടെയുള്ള കണ്ടെയ്നർ ഐസ് പ്ലാന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.
ദ്വീപിൽ നിന്നുള്ള ചൂര കയറ്റുമതി ലക്ഷദ്വീപിൽ ഒട്ടെറെ തൊഴിലവസരത്തിനും സാമ്പത്തിക നേട്ടത്തിനുമിടയാക്കുമെന്നാണ് വിലയിരുത്തൽ. കാലവർഷത്തിൽ ചരക്ക് വിമാനം വഴി കൂടുതൽ ചൂര കയറ്റുമതി നടത്താനും സെപ്റ്റംബറോടെ കയറ്റുമതിക്കായി പ്രത്യേക കപ്പൽ സംവിധാനമൊരുക്കാനുമാണ് ലക്ഷ്യമിടുന്നത്. ചൂര കയറ്റുമതി ദ്വീപിന്റെ വികസന സാധ്യതകൾക്ക് കരുത്തേകുമെന്നാണ് മത്സ്യ കയറ്റുമതി വൃത്തങ്ങളിൽ നിന്നുള്ള വിവരം.
ന്യൂസ് ഡെസ്ക്