ഹൈദരാബാദ്: അസുഖം ബാധിച്ച അമ്മ സുഖമായി ഉറങ്ങുകയാണെന്ന് കരുതിയാണ് ഈ അഞ്ചു വയസ്സുകാരൻ ആശുപത്രി കിടക്കയിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങിയത്. അമ്മയുടെ കരങ്ങളിലെ സുരക്ഷിതത്വം തിരിച്ചറിഞ്ഞ ഈ കുഞ്ഞു മകൻ അമ്മയെ കെട്ടിപ്പിടിച്ച് സുഖമായി ഉറങ്ങുകയും ചെയ്തു. എന്നാൽ പിറ്റേന്ന് നേരം പുലരുമ്പോൾ മറ്റുള്ളവർ പറഞ്ഞാണ് അവൻ ആ വിവരം അറിയുന്നത്. താൻ ഒരു രാത്രി മുഴുവൻ കെട്ടിപ്പിടിച്ച് ഉറങ്ങിയത് അമ്മയുടെ ശവശരീരത്തെ ആയിരുന്നു എന്നത്.

ഹൈദരാബാദിലെ ഉസ്മാനിയ ജനറൽ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. കത്തേദൻ സ്വദേശിനി സമീന സുൽത്താന (36) ആണ് ചികിത്സയിരിക്കേ മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് ഇവരെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരോരും ഇല്ലാതിരുന്ന ഇവർക്ക് യാതൊരു വിധത്തിലുള്ള ശുശ്രൂഷയും ആശുപത്രിയിൽ നിന്നും ലഭിച്ചിരുന്നില്ല.

അഞ്ചു വയസ്സുള്ള മൂത്ത മകൻ ഷോയിബ് മാത്രമായിരുന്നു ഇവർക്ക് ഒപ്പമുണ്ടായിരുന്നത്. രാത്രിയോടെ ഹൃദയാഘാതത്തെ തുടർന്ന് ഇവർ മരിക്കുകയായിരുന്നു. എന്നാൽ അമ്മ മരിച്ചത് അറിയാതെ സമീപത്തു കിടന്നു ഷോയിബും ഉറങ്ങി. അമ്മ മരിച്ചകാര്യം ഉൾക്കൊള്ളാൻ പോലും ഷൊയിബിന് കഴിഞ്ഞിരുന്നില്ല. മൃതദേഹം കിട്ടുകൊടുക്കാതെ അവൻ കെട്ടിപിടിച്ച് കിടന്നു. ഒടുവിൽ ആശുപത്രി അധികൃതരും സന്നദ്ധ ആരോഗ്യപ്രവർത്തകരും വളരെ പാടുപെട്ടാണ് മരണവിവരം അവനെ പറഞ്ഞുമനസ്സിലാക്കിയത്. മൃതദേഹം പിന്നീട് മോർച്ചറിയിലേക്ക് മാറ്റി.

ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു സമീനയെ ഇവർക്കൊപ്പം താമസിച്ചിരുന്ന മറ്റൊരാളാണ് ആശുപത്രിയിൽ എത്തിച്ചത്. സമീനയേയും ഷോയിബിനെയും ആശുപത്രിയിൽ തനിച്ചാക്കി ഇയാൾ മുങ്ങുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 12.30 ഓടെ സമീന മരണമടഞ്ഞു. എന്നാൽ ഇക്കാര്യമൊന്നുമറിയാതെ മകൻ രണ്ടു മണി വരെ അമ്മയുടെ മൃതദേഹവും കെട്ടിപ്പിടിച്ച് കിടന്നുറങ്ങുകയായിരുന്നു.

അധികൃതർ തിരിഞ്ഞുനോക്കാതെ വന്നതോടെ വിവരം അറിഞ്ഞെത്തിയ സന്നദ്ധ പ്രവർത്തകരാണ് ഇവർക്കു വേണ്ടി സൗകര്യം ഒരുക്കിയത്. ഇവരുടെ ഭർത്താവ് ആയൂബ് മൂന്നു വർഷം മുൻപ് ഇവരെ ഉപേക്ഷിച്ച് മഹാരാഷ്ട്രയിലേക്ക് പോയിരുന്നു.

സമീനയുടെ ബാഗിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരുടെ ബന്ധുക്കളെ തേടിപ്പിടിച്ചു കണ്ടെത്തി. മൃതദേഹം സമീനയുടെ സഹോദരൻ മുഷ്താഖ് പട്ടേലിനു കൈമാറി. മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് അറിയിച്ചു