ഫോറെസിലുള്ള അഞ്ച് വയസുകാരിയായ എയ്ലിയ്ഡ് പാറ്റേർസൻ ആറ് വയസുകാരനായ തന്റെ കൂട്ടുകാരൻ ഹാരിസൻ ഗ്രിയറെ മിന്നു കെട്ടി. ഗുരുതരമായ ന്യൂറോബ്ലാസ്റ്റോമ എന്ന രോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് കൊണ്ടിരിക്കുന്ന എയ്ലിയ്ഡിന്റെ അവസാന ആഗ്രഹപ്രകാരമാണ് ഉറ്റവർ ഈ വിവാഹം നടത്തിയിരിക്കുന്നത്. കല്യാണ വസ്ത്രത്തിനുള്ളിൽ ഈ കൊച്ചു സുന്ദരി നാണം കുണുങ്ങി നിന്നപ്പോൾ വരനായ ഹാരിസൻ അഭിമാനത്തോടെ അവളുടെ കൈ പിടിച്ച് തല ഉയർത്തിയാണ് നിന്നത്...ദൃക്സാക്ഷികളായവർക്ക് ഈ കാഴ്ച ഒരേ സമയം കൗതുകവും ദുഃഖവുമേകിയിരുന്നുവെന്നാണ് റിപ്പോർട്ട്.

കുട്ടികളെ ബാധിക്കുന്ന വളരെ അപൂർവമായ കാൻസർ ബാധിച്ചപ്പോൾ ഈ കൊച്ചുസുന്ദരി പ്രകടിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹമായിരുന്നു ഈ വിവാഹം . ഇന്നലെയാണ് ഉറ്റവരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വച്ച് ഇവളുടെ ആഗ്രഹ സാഫല്യമുണ്ടായിരിക്കുുന്നത്. തങ്ങൾ എക്കാലത്തെയും മികച്ച സുഹൃത്തുക്കളായി നിലകൊള്ളുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു രാജകുമാരിയെപ്പോലെ വസ്ത്രം ധരിച്ചായിരന്നു അഞ്ച് വയസുകാരി വിവാഹവേദിയിലെത്തിയിരുന്നത്. അബെർഡീനിലെ എഇസിസി മീറ്റിങ് റൂമിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

ഇരുവരും മിന്നുകെട്ടിന് ശേഷം കൈപിടിച്ച് നടക്കുന്നത് ഏവരും കൗതുകത്തോടെ നോക്കി നിൽക്കുന്നത് ഈ ചിത്രങ്ങളിൽ വ്യക്തമാണ്. ഹാരിസൻ ഇതിന് മുമ്പ് ഒരു വിവാഹത്തിൽ പോലും പങ്കെടുത്തിരുന്നില്ലെങ്കിലും ഈ അപൂർവ വിവാഹത്തിലെ വരനായി മാറിയപ്പോൾ അവൻ ഓരോ നിമിഷവും ആസ്വദിക്കുന്നുണ്ടായിരുന്നുവെന്നാണ് ഹാരിസന്റെ പിതാവായ ബില്ലി വെളിപ്പെടുത്തുന്നത്. തന്റെ എക്കാലത്തെയും വലിയ കൂട്ടുകാരിയെ മിന്നു കെട്ടുന്ന വേളയിൽ അവൻ കടുത്ത സന്തോഷതത്തിലും ആവേശത്തിലുമായിരുന്നുവെന്നും പിതാവ് പറയുന്നു.

എയ്ലിയ്ഡിനെ സംബന്ധിച്ചിടത്തോളം ഈ ചടങ്ങ് എത്രത്തോളം പ്രധാനമായിരുന്നുവെന്ന് അവൻ തിരിച്ചറിഞ്ഞിരുന്നുവെന്നും ബില്ലി പറയുന്നു. തന്റെ മൂത്ത സഹോദരൻ കാളമിനൊപ്പമായിരുന്നു വിവാഹവസ്ത്രത്തിൽ കൊച്ചു സുന്ദരി എയ്സ്ലെയിലേക്ക് വന്നത്. എയ്ലിയ്ഡിന്റെ അതിശയകരമായ കഥ സാറ ഗ്രാന്റ് വേദിയിൽ വച്ച് വായിച്ചിരുന്നു ചിൽഡ്രൻസ് എന്റർടെയിന്മെന്റ് ഫേമായ ലൗ റാറയുടെ ഓപ്പറേറ്ററാണ് സാറ. ഒരു ഫെയറി ടെയിലിന്റെ മനോഹാരിതയിലാണ് സാറ ഇത് എഴുതി അവതരിപ്പിച്ചിരുന്നത്. മരിക്കുന്നതിന് മുമ്പ് തനിക്ക് സാധിക്കേണ്ട ആഗ്രഹങ്ങളുടെ ലിസ്റ്റിൽ മത്സ്യകന്യകക്കൊപ്പം നീന്തുന്ന കാര്യവും എയ്ലിയ്ഡ് ഉൾപ്പെടുത്തിയിരുന്നു.

ഇതിന് പുറമെ ഡോൾഫിനൊപ്പം നീന്തൽ, ബീച്ചിൽ കളിക്കൽ, വാട്ടർപാർക്ക് സന്ദർശിക്കൽ, കടുത്ത മഞ്ഞ് നേരിട്ട് കാണൽ തുടങ്ങിയവയും ഈ ലിസ്റ്റിലുണ്ട്. അതിൽ ഏറ്റവും പ്രധാപ്പെട്ട ആഗ്രഹമായിരുന്നു ഹാരിസനുമായുള്ള വിവാഹം. അതിന്റെ സാഫല്യത്തിൽ സന്തോഷത്തിന്റെ പരകോടിയിലെത്തിയിരിക്കുകയാണീ സുന്ദരി.