കോട്ടയം: പാലായിൽ മോഷണം പതിവാക്കിയ യുവാക്കളുടെ രീതികൾ കണ്ട് അമ്പരന്നിരിക്കുകയാണ് പൊലീസ്. പകൽ മാന്യമായ വസ്ത്രം ധരിച്ച് ആഡംബര ബൈക്കുകളിൽ കറങ്ങും. വിലകൂടിയ മൊബൈൽ ഫോണുകളും വസ്ത്രങ്ങളും . കാമുകി മാരുമൊത്ത് പല സ്ഥലങ്ങളിലും സഞ്ചാരം. മോഷണം പതിവാക്കിയ യുവാക്കളുടെ രീതികൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പാലാ പൊലീസ്. ഇന്ന് രാവിലെ ഡിജിപിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം പാലാ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ കുടുങ്ങിയത് അഞ്ച് യുവാക്കളാണ്. ന്യൂജനറേഷൻ ബൈക്കുകളിൽ ചുറ്റിസഞ്ചരിച്ച് മോഷണം പതിവാക്കിയിരുന്നവരാണ് ഈ അഞ്ചു യുവാക്കളും. പൊലീസ് നടത്തിയ രാത്രികാല വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്. ചോദ്യം ചെയ്യലിൽ വന്മോഷണപരമ്പരയാണ് ചുരുളഴിഞ്ഞത്.

രാമപുരം പിഴക് തോട്ടത്തിൽ ടോം ജോൺ (27), ഈരാറ്റുപേട്ട പ്ലാശനാൽ നാഗപ്പുഴ വീട്ടിൽ ജീവൻ സജി (20), പാലാ നെച്ചിപ്പുഴൂർ പള്ളിയാടിയിൽ സിജു സിബി (20), രാമപുരം ചക്കാമ്പുഴ കൊട്ടിച്ചേരിൽ ഒബാമ എന്നുവിളിക്കുന്ന ആനന്ദ കെ സിബി (21), രാമപുരം ബസാർ ചിറയിൽ അസിൻ (20) എന്നിവരാണ് പിടിയിലായത്. പലസംഘങ്ങളായി ഇവർ നടത്തിയ മോഷണ പരമ്പരകൾ ഞെട്ടിക്കുന്നതാണ്.

പാലാ വള്ളിച്ചിറ പാറേക്കണ്ടത്ത് വെച്ച് ബസ് കാത്തുനിന്ന സ്ത്രീയുടെ രണ്ട് പവനോളം തൂക്കംവരുന്ന മാല കവർന്നത് ടോമും ജീവൻ സജിയും ചേർന്നാണെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തി. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. സിജുവിനൊപ്പം ചേർന്ന് ടോം മോഷണം പതിവാക്കിയിരുന്നു. ഇരുവരും ചേർന്ന് ഇടുക്കി ഉപ്പുതറയയിൽ നിന്നും ഒരു സ്വർണമാലയും മൂവാറ്റുപുഴ ആരക്കുഴ ഭാഗത്ത് നിന്നും 2 പവൻ വരുന്ന മാലയും കോലഞ്ചേരി ഭാഗത്ത് നിന്നും മറ്റൊരു സ്വർണമാലയും പൊട്ടിച്ചെടുത്തു.

ആനന്ദിനൊപ്പം ടോം കണ്ണിൽച്ചോരയില്ലാത്ത മോഷണവും നടത്തി. മേലുകാവ് ഇടമറുകിൽ പെട്ടിക്കട നടത്തി ഉപജീവനം കഴിച്ചിരുന്ന വയോധികയായ ഓമന എന്ന സ്ത്രീയുടെ മാലയാണ് മോഷ്ടിച്ചത്. സിഗററ്റ് വാങ്ങനെന്ന വ്യാജേനയെത്തിയായിരുന്നു മോഷണം.

സിജു സിബിയും ആനന്ദും ചേർന്ന് മൂന്ന് മാലപൊട്ടിക്കലുകളാണ് നടത്തിയത്. മരങ്ങാട്ടുപിള്ളി മണ്ണക്കനാട് ഭാഗത്ത് വഴിചോദിക്കാനെന്ന വ്യാജേനയെത്തി വീടിന് മുന്നിൽ നിന്ന സ്ത്രിയോട് വെള്ളം ചോദിച്ച ശേഷം ഒരുപവൻ വരുന്ന മാല കവർന്നു. പാമ്പാടി കൂരോപ്പട ഭാഗത്ത് കട നടത്തിയിരുന്ന ശോഭന എന്ന സ്ത്രീയുടെ മൂന്ന് പവൻവരുന്ന മാലയും സംഘം പൊട്ടിച്ചെടുത്തു. ഈരാറ്റുപേട്ട മലമേൽ ഭാഗത്ത് റോഡിലൂടെ പോവുകയായിരുന്ന വാളിയാങ്കൽ മിനിയുടെ 2 പവന്മാല പൊട്ടിച്ചെടുത്തതും ഇവർ രണ്ടുപേരുംകൂടിയായിരുന്നു.

സിജുവും അസിനും ചേർന്ന് തിരുവല്ലയിലാണ് മോഷണം നടത്തിയത്. മൂന്ന് പവൻവരുന്ന മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. അസിൻ സുഹൃത്തായ രാമപുരം സ്വദേശി പുലിയനാട്ട് അലക്‌സിനൊപ്പം ചേർന്ന് അയൽവീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച കേസിലും മറ്റൊരു പുരയിടത്തിൽ നിന്നും മോട്ടോറും ചെമ്പ് പാത്രങ്ങളും മോഷ്ടിച്ച കേസിലും ബന്ധുവീട്ടിൽ നിന്നും സ്വർണമാല മോഷ്ടിച്ച കേസിലും പ്രതിയാണ്.

നമ്പരില്ലാത്ത ന്യൂജനറേഷൻ ബൈക്കുകളിൽ മോഷണം നടത്തിയശേഷം അതിവേഗത്തിൽ രക്ഷപെടുന്നതാണ് ഇവരുടെ രീതി. മോഷ്ടിക്കുന്ന സ്വർണം പാലാ, രാമപുരം, ഭാഗങ്ങളിലുള്ള സ്വർണപണയ സ്ഥാപനങ്ങളിലും ജൂവലറികളിലും വിറ്റും പണയം വെച്ചുംകിട്ടുന്നപണം ആഡംബര ജീവിതത്തിനും ലഹരിഉപയോഗത്തിനുമാണ് ഉപയോഗിച്ചിരുന്നത്. പ്രതികളെല്ലാവരും ലഹരി, മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കൂടാതെ കാമുകിമാർക്ക് വിലകൂടിയ വസ്ത്രങ്ങളും മൊബൈൽ ഫോണുകളും വാങ്ങി കൊടുക്കാനാണ് മോഷണ മുതൽ വിറ്റു കിട്ടിയിരുന്ന പണം ഉപയോഗിച്ചിരുന്നത്. പാലാ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ മോഷണ പരമ്പര പെരുകുമ്പോളാണ് പൊലീസ് യുവാക്കളെ പിടികൂടിയത്. മുൻപ് നടന്ന കവർച്ചകളിൽ ഇവർക്ക് പങ്കുണ്ടോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പാലാ ഡിവൈഎസ്‌പി ഷാജിമോൻ ജോസഫ്, സർക്കിൾ ഇൻസ്‌പെക്ടർ രാജൻ കെ അരമന, രാമപുരം സിഐ ജോയി മാത്യു, പാലാ എസ്‌ഐ ബിനോദ് കുമാർ, മേലുകാവ് എസ്‌ഐ സന്ദീപ്, മരങ്ങാട്ടുപിള്ളി എസ്‌ഐ സിബി തോമസ്, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ അനിൽകുമാർ, സുനിൽകുമാർ, രാജേഷ്, ബിജു സ്‌കറിയ, വിജയകുമാർ, അനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.