ദുബായ്: അനാവശ്യബില്ലുകൾ ഒഴിവാക്കുന്നതിനായി വീടിനുള്ളിലെ ചെറിയ ലീക്കുകൾ പോലും പരിശോധിച്ച് ശരിയാക്കണമെന്ന് ഉപയോക്താക്കളോട് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി (Deva). പുറത്തുള്ള ലീക്കുകൾ അറിയാൻ സംവിധാനമുണ്ടെന്നും മീറ്റർ ഘടിപ്പിച്ചതിനു ശേഷമുള്ള ലീക്കുകൾ വീട്ടുകാർ തന്നെ ഇടയ്ക്ക് പരിശോധിച്ച് നന്നാക്കുന്നതാണ് ഉചിതമെന്നും ദേവാ മുന്നറിയിപ്പു നൽകി.

പതിവായി യൂട്ടിലിറ്റി ബില്ലുകൾ വർധിച്ചു വന്ന ഒരു ഉപയോക്താവിന്റെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് ദേവ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ചെറിയ ലീക്കുകൾ ശ്രദ്ധയിൽ പെടാതെ പോകുകയാണെന്നും എന്നാൽ അവ യൂട്ടിലിറ്റി ബില്ലിൽ വർധനയ്ക്കു കാരണമാകുമെന്നും അധികൃതർ ഓർമിപ്പിച്ചു. ലീക്കുകൾ യഥാസമയം നന്നാക്കുന്നത് വെള്ളം പാഴാകുന്നത് തടയുന്നതിനൊപ്പം തന്നെ മാസമുള്ള ബില്ലിൽ ഏറെ കുറവും വരുത്തും.

ഉപയോക്താക്കൾ പതിവായി തങ്ങളുടെ വാട്ടർ, ഇലക്ട്രിസിറ്റ് കണക്ഷനുകൾ മികച്ച ടെക്‌നീഷ്യനെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും ബില്ലിൽ വർധന കണ്ടാൽ കാരണം കണ്ടെത്തി പരിഹാരം ചെയ്യണമെന്നും ദേവ കസ്റ്റമർ റിലേഷൻസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അബ്ദുള്ള അൽ ഹാജ്‌റി ഓർമിപ്പിച്ചു.