തിരുവനന്തപുരം: മലപ്പുറത്ത് ഹിജാബ് ധരിച്ച മൂന്ന് പെൺകുട്ടികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ശക്തമായ ആക്രമണമാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിൽ പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയായ ടാഗോർ തിയേറ്ററിൽ ഫ്‌ളാഷ് മോബ് പ്രതിഷേധം നടന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഗൗരിശങ്കരി, പാർവതി പ്രസാദ്, നമിത ഫർസാന സജിത്, മിലി പ്രതീഷ് തോമസ്, ആതിര എം.എ, വിഷ്ണു വി.ജി, ചാരു ജെ.എം. എന്നിവരാണ് നൃത്തം ചവുട്ടിയത്.

മലപ്പുറത്ത് കുന്നുമ്മൽ ടൗണിൽ ഫ്‌ളാഷ് മോബ് നടത്തിയ പെൺകുട്ടികളെ അധിക്ഷേപിച്ചും,വിമർശിച്ചും മതപണ്ഡിതന്മാരും, മൗലികവാദികളും കടുത്ത ആക്രമണമാണ് സോഷ്യൽ മീഡിയയിലൂടെയും പരസ്യമായും അഴിച്ചുവിട്ടത്. ഈ വിമർശനത്തിന് ബദലായി പെൺകുട്ടികളെ അനുകൂലിച്ചുള്ള പോസ്റ്റുകളും ധാരാളം വന്നു. തുറന്ന സംവാദങ്ങൾക്കും, അഭിപ്രായ സ്വാതന്ത്ര്യ പ്രകടനങ്ങൾക്കും വേദിയാവുന്ന ഐഎഫ്എഫ്‌കെയിൽ പെൺകുട്ടികളെ പിന്തുണച്ച് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത് ഉചിതമായെന്നാണ് ഭൂരിപക്ഷം ഡെലിഗേറ്റുകളുടെയും അഭിപ്രായം.