ലണ്ടൻ: ഗ്രെൻഫെൽ ടവർ തീപിടിത്തത്തിൽ ഫ്‌ലാറ്റ് കത്തിപ്പോയവർക്ക് കെൻസിങ്ടണിലെ രണ്ട് ബില്യൺ പൗണ്ട് വിലയുള്ള ലക്ഷ്വറി ബ്ലോക്കിൽ താമസിപ്പിച്ചത് ആകെ പ്രശ്‌നമാകുന്നു. ഇത്തരം അഗതികളെ താമസിപ്പിക്കാനുള്ളതല്ല തങ്ങളുടെ അപ്പാർട്ട്‌മെന്റെന്ന് ആരോപിച്ചാണ് ഇവിടുത്തെ താമസക്കാർ രംഗത്തെത്തിയിരിക്കുന്നത്. തീപിടിത്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക വിഐപി ഫ്‌ലാറ്റുകൾ നൽകിയതിനെതിരെ ഇവർ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. പാവങ്ങളെ സമ്പന്നർക്കൊപ്പം താമസിപ്പിച്ചാൽ എന്താണ് സംഭവിക്കുകയെന്നതിന്റെ ഏറ്റവും നല്ലൊരു ഉദാഹരണമായിട്ടാണ് ഇതിനെ ചിലർ എടുത്ത് കാട്ടുന്നത്.

ഗ്രെൻഫെൽ ടവർ അഗ്‌നിബാധയിൽ നിന്നും അതിജീവിച്ച 250 പേർക്കാണിവിടെ അഭയം നൽകിയിരിക്കുന്നത്. ഇവിടെയുള്ള 68 പ്രോപ്പർട്ടികളിൽ ഒന്നും രണ്ടും മൂന്നും ബെഡ്‌റൂമുകളുള്ള അപാർട്ട്‌മെന്റുകളാണുള്ളത്. ഇവിടെ ഒരു പ്രോപ്പർട്ടിക്ക് ചുരുങ്ങിയത് 10 മില്യൺ പൗണ്ടാണ് വില. ഒരാഴ്ച മുമ്പുണ്ടായ ഗ്രെൻഫെൽ ടവർ അഗ്‌നിബാധയിൽ 79 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തിൽ എല്ലാം നഷ്ടപ്പെട്ട് അതിജീവിച്ച നിരവധി പേർക്ക് സമീപത്തെ നിരവധി ഫ്‌ലാറ്റുകളിലും ഹോട്ടലുകളിലും താൽക്കാലിക താമസസ്ഥലങ്ങളിലുമാണ് താമസസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ ഗ്രെൻഫെൽ അഭയാർത്ഥികളെ അധിവസിപ്പിച്ചിരിക്കുന്നത് തികച്ചും അനീതികരമാണെന്നാണ് ഇവിടുത്തെ താമസക്കാരിലൊരാളായ മരിയ ആരോപിക്കുന്നത്. ഇവിടെ ജീവിക്കാൻ വേണ്ടി തങ്ങൾ വളരെയധികം പണം നൽകുന്നുണ്ടെന്നും ഇതിനായി തങ്ങൾ വളരെ കഠിനമായി അധ്വാനിക്കുന്നുണ്ടെന്നും അവർ പറയുന്നു. എന്നാൽ ഗ്രെൻഫെലിൽ നിന്നെത്തിയവർ യാതൊരു വിധ പ്രയത്‌നവും ഇല്ലാതെ ഇത്രയും ആഡംബരമായ ജീവിതസാഹചര്യത്തിലെത്തിയിരിക്കുന്നതെന്നും മരിയ പറയുന്നു.ഇവരിൽ നിന്നും സർവീസ് ചാർജ് പോലും ഈടാക്കാത്തതിനാലാണ് ഇവിടുത്തുകാർക്ക് പരാതിയേറെയുള്ളത്.

ഇവിടുത്തെ നിരവധി കുടുംബങ്ങൾ ഗ്രാൻഫെൽ അഗ്‌നിബാധയെ തുടർന്നുണ്ടായ സാഹചര്യത്തിൽ നിന്നും പണമുണ്ടാക്കുന്നതിനായി ഇവിടുത്തെ പ്രോപ്പർട്ടികൾ വാടകക്ക് കൊടുത്തിരിക്കുന്നുവെന്നും അത് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കെൻസിങ്ടൺ അപാർട്ട്‌മെന്റിലെ സേവനമനോഭാവമില്ലാത്ത നിരവധി പേർ മുറുമുറുക്കുന്നു. ഇവിടുത്തെ 68 ഫ്‌ലാറ്റുകളിൽ അഞ്ചെണ്ണം മാത്രമേ ഗ്രെൻഫെൽ അഭയാർത്ഥികൾക്കായി വാങ്ങിയിട്ടുള്ളൂവെന്നാണ് ന്യൂ കെൻസിങ്ൺ എംപിയായ എമ്മ ഡെന്റ് കോഡ് വെളിപ്പെടുത്തുന്നത്. ഗ്രെൻഫെലിൽ നിന്നും രക്ഷപ്പെട്ട 250 പേർ സമീപത്തെ ഹോട്ടലുകളിലാണുള്ളത്. 

എവിടെയും ഇടം കിട്ടാത്തവർ പാർക്കുകളിലും തങ്ങളുടെ കാറുകളിലും ഉറങ്ങേണ്ടുന്ന ഗതികേടും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ജൂലൈ അവസാനം മുതൽ ഇവരിൽ നിരവധി പേർക്ക് കെൻസിങ്ടൺ ഹൈ സ്ട്രീറ്റിലെ പുതിയ താമസസ്ഥലം ലഭിക്കും. ലണ്ടനിലെ പ്രധാനപ്പെട്ട ഒരു റെസിഡൻഷ്യൽ ഏരിയയാണിത്. ഈ അപാർട്ട്‌മെന്റുകളിൽ വലിയ റൂമുകളും ബാൽക്കെണികളുമുണ്ട്. ലണ്ടന്റെ മനോഹരമായ കാഴ്ചയും ഇവിടെ നിന്നും സാധ്യമാണ്.