ദുബായ്: ദുബായിലെ വില്ലകളിലും ഫ്‌ളാറ്റുകളിലും പരിശോധന ശക്തമാക്കി പൊലീസ്് തിരച്ചിൽ നടത്തുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പൊലീസ് വൈകുന്നേരങ്ങളിലും രാത്രിസമയങ്ങളിലുമൊക്കെ തിരച്ചിൽ നടത്തുണ്ടെന്നാണ് സൂചന. അനേകംപേർ ഒരുമിച്ച് താമസിക്കുന്ന വില്ലകൾ കേന്ദ്രീകരിച്ചാണ് കാര്യമായ പരിശോധന നടക്കുന്നത്.

കൂട്ടം ചേർന്നുള്ള താമസം നിയമവിരുദ്ധമായതിനാൽ, ഇത്തരം കെട്ടിടങ്ങളിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും താമസക്കാരോട് ഒഴിഞ്ഞുപോകാൻ നിർദേശിക്കുകയും ചെയ്യും. താമസക്കാരിൽ ഓരോരുത്തരും ശരിയായ താമസരേഖകളുള്ളവരാണോ എന്നും പരിശോധിക്കുന്നുണ്ട്. കുടിയേറ്റ നിയമം ലംഘിച്ചവരാണെങ്കിൽ, അപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് നീക്കും.

കഴിഞ്ഞ ആഴ്ചയിൽ ഖിസൈസിലെ വില്ലയിൽ നടന്ന പരിശോധനയിൽ മലയാളികളും ബംഗാളികളും അടക്കമുള്ള താമസക്കാർക്ക് ഒഴിഞ്ഞുപോകേണ്ടിവന്നു. ഖിസൈസ്, റാഷിദിയ്യ പ്രദേശങ്ങളിലെ അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിലും കാര്യമായ തിരച്ചിൽ നടക്കുന്നുണ്ട്. വാടകനിരക്ക് കൂടിയതിനെ തുടർന്ന് കുടുംബങ്ങൾക്കിടയിൽ വീണ്ടും ഷെയറിങ് അക്കമഡേഷൻ സംവിധാനം വ്യാപകമായ സാഹചര്യത്തിലാണിത്.

കെട്ടിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കിയതോടെ നിയമലംഘകരെ കണ്ടെത്തുക എളുപ്പമായിട്ടുണ്ട്. സ്വന്തമായി ഒരു ഫ്ളാറ്റോ വില്ലയോ വാടകയ്ക്കെടുക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ പലരും വീണ്ടും മറ്റു ഷെയറിങ്ങുകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.

കുടിയേറ്റ നിയമലംഘകരെയും വാടകനിയമം ലംഘിക്കുന്നവരെയും കണ്ടെത്തുന്നതിന് സായാഹ്നങ്ങളിൽ പരിശോധന ശക്തമാക്കിയതായി മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു. വൈകുന്നേരങ്ങളിലെ പരിശോധനയ്ക്കായി പ്രത്യേകസംഘം തന്നെ രൂപവത്കരിച്ചിട്ടുണ്ട്.