തിരുവനന്തപുരം: ഉപയോഗയോഗ്യമായ സെക്കൻഡ് ഹാൻഡ് വസ്തുക്കൾ വിലപേശി വിൽക്കുന്ന തെരുവുകളിലെ കച്ചവടകേന്ദ്രങ്ങൾ ഏറെയുണ്ട് കേരളത്തിൽ എന്നാൽ ഇത്തരം ഉത്പന്നങ്ങൾ സൗജന്യമായി ആവശ്യക്കാർക്ക് ലഭിച്ചാലോ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി പേരൂർക്കടയിലെ വിന്നേഴ്‌സ് ലൈബ്രറി ഹാളിൽ ഒരുക്കിയ കൈമാറ്റ ചന്ത വൻ വിജയമായി മാറി.

തനിയെ ഓടിക്കാനായില്ലെങ്കിലും കളിവണ്ടി ലഭിച്ചതോടെ ആദിദേവിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം തന്നെ ഇതിന് തെളിവാണ്. കൈമാറ്റ ചന്തയിൽ നിന്നും സൗജന്യമായി കവിതയ്ക്ക് ലഭിച്ച കളിവണ്ടിയാണ് മകൻ ആദിദേവിനെ സന്തോഷിപ്പിച്ചത്.

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റേയും തണൽ എന്ന പരിസ്ഥിതി സംഘടനകളുടെയും സഹകരണത്തോടെ വട്ടിയൂർകാവ് എംഎൽഎ വി കെ പ്രശാന്ത് ആണ് ഫ്‌ളീ മാർക്കറ്റ് സംഘടിപ്പിച്ചത്. ഉപയോഗയോഗ്യമായ സെക്കൻഡ് ഹാൻഡ് വസ്തുക്കളാണ് ഫ്‌ളീ മാർക്കറ്റിൽ ഒരുക്കിയത്. കേടാകാത്തതും എന്നാൽ ഉപയോഗമില്ലാതെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നതുമായ ഏതു വസ്തുവും ഈ മാർക്കറ്റിലേയ്ക്ക് സംഭാവനയായി നൽകാമെന്ന് അറിയിച്ചിരുന്നു.

വ്യത്യസ്തങ്ങളായ ഒട്ടേറെ ഉപകരണങ്ങൾ ജനങ്ങൾ സംഭാവനയായി ഇവിടേയ്ക്ക് നൽകി. ടെലിവിഷൻ, പ്രിന്റർ, ഫാൻ, കൂളർ, പുസ്തകങ്ങൾ, പാത്രങ്ങൾ, തുണികൾ, ആശുപത്രിക്കിടക്ക, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ തുടങ്ങിയവയൊക്കെ സൗജന്യമായി വിതരണം ചെയ്ത വസ്തുക്കളിൽ ഉൾപ്പെടും.

സാധാരണക്കാരെ സഹായിക്കാൻ കഴിയുന്നതോടൊപ്പം അജൈവ മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കാനും ഈ പദ്ധതിയിലൂടെ കഴിയുന്നു എന്ന് വി കെ പ്രശാന്ത് പറഞ്ഞു. വരും മാസങ്ങളിലും മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള മാർക്കറ്റുകൾ സംഘടിപ്പിക്കുമെന്ന് കൂടി എം എൽ എ കൂട്ടിച്ചേർത്തു.

ഏതാനും പുസ്തകങ്ങളും കുറച്ചു വസ്ത്രങ്ങളുമൊഴികെ ബാക്കി എല്ലാം ആവശ്യക്കാർ കൈപ്പറ്റി. 132 പേരാണ് ഇത്തവണ സാധനങ്ങൾ കൈമാറിയത്. 96 പേർ കൈപ്പറ്റി.

കഴിഞ്ഞമാസവും സമാനമായ രീതിയിൽ കൈമാറ്റ ചന്ത സംഘടിപ്പിച്ചിരുന്നു. അതിനെത്തുടർന്നാണ് ഈ മാസം അഞ്ചു ദിവസം നീണ്ടുനിന്ന മാർക്കറ്റ് സംഘടിപ്പിച്ചത്. ശാസ്തമംഗലത്ത് സംഘടിപ്പിച്ച ആദ്യത്തെ കൈമാറ്റ ചന്ത വൻ വിജയമായിരുന്നു. വീട്ടിൽ ഉപയോഗമില്ലാത്തതും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതുമായ നിരവധി വസ്തുക്കൾ ഓരോ വീടുകളിലുമുണ്ടാകും. അവ ആവശ്യക്കാർക്ക് കൈമാറുന്നതിനും നമുക്കാവശ്യമായ വസ്തുക്കൾ സ്വീകരിക്കാനുമുള്ള അവസരമാണ് കൈമാറ്റ ചന്തയിൽ ഒരുക്കിയത്.

ശാസ്തമംഗലത്തെ ഫ്‌ളീ മാർക്കറ്റിലേയ്ക്ക് 172 പേരാണ് സാധനങ്ങൾ കൈമാറിയത്. 216 പേർ അവിടെ നിന്ന് സാധനങ്ങൾ കൈപ്പറ്റി. ടെലിവിഷനുകൾ, ഫ്രിഡ്ജുകൾ, സൈക്കിളുകൾ, സോഫാസെറ്റികൾ, മിക്‌സികൾ, ജ്യുസറുകൾ, കളിപ്പാട്ടങ്ങൾ, ഗ്രൈൻഡർ, സ്റ്റെബിലൈസർ, റൈസ് കുക്കർ, കൂളർ, വാച്ചുകൾ, സ്യൂട്‌കെയ്‌സ്, ബാഗുകൾ, പുസ്തകങ്ങൾ, നോട്ടുബുക്കുകൾ, തുണിത്തരങ്ങൾ, സംഗീതോപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, കട്ടിലുകൾ, മാട്രസ്സുകൾ, പാത്രങ്ങൾ, റ്റി വി സ്റ്റാൻഡ്, മേശ, റ്റീ പോട്ട് തുടങ്ങി നിരവധി സാധനങ്ങളാണ് കൈമാറ്റം ചെയ്യപ്പെട്ടത്.



ഇവയെല്ലാം സൗജന്യമായാണ് കൈമാറ്റം ചെയ്യപ്പട്ടത്. കൈമാറ്റ ചന്തയുടെ സേവനം കൈപ്പറ്റുന്നവർക്ക് താല്പര്യമുള്ള പക്ഷം ഇഷ്ടമുള്ള ഒരു തുക ഇതിൽ നിക്ഷേപിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.