ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചിറങ്ങിയപ്പോൾ ഒന്നും അങ്ങട് ശരിയാകുന്നില്ല. ചിലർക്ക് ശര്യാകും ചിലർക്ക് ശര്യാകില്ലെന്ന് ആശ്വസിച്ച് ഇരിക്കാൻ അനീഷ് സെബാസ്റ്റ്യന് മനസ്സ് വന്നില്ല. സ്വന്തം തടിമില്ലിന് മുന്നിൽ വധുവിനെ തേടി ഒരു ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. സംഭവം സൈബർ ലോകം ഏറ്റെടുത്തതോടെ അനീഷ് താരമായിരിക്കുകയാണ്.

വധുവിനെ തേടുന്നു. ഡിമാന്റുകൾ ഇല്ലാതെ, മൂല്യങ്ങൾ മുറുകെപിടിച്ചു കൊണ്ട്, സ്നേഹമാണ് വലുതെന്ന ചിന്താഗതിയിൽ വിവാഹജീവിതത്തിലേക്ക് കടക്കാൻ വധുവിനെ ആവശ്യമുണ്ട്'. കോട്ടയത്തെ കാണക്കാരിയിലുള്ള തടിമില്ലിന് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സിലെ വരികളാണിത്. പല രീതിയിൽ ശ്രമിച്ചിട്ടും വിവാഹം ശരിയാകാതെ വന്നതോടെ കാണക്കാരി സ്വദേശിയും മില്ലുടമയുമായ അനീഷ് സെബാസ്റ്റ്യൻ (35) അറ്റകൈ പ്രയോഗം എന്ന നിലയിൽ സ്ഥാപിച്ചതാണ് ഈ ഫ്ലക്സ്.

പല കാരണങ്ങൾ കൊണ്ട് അനീഷിന്റെ വിവാഹം നീണ്ടു പോയി. ഒടുവിൽ വിവാഹത്തിന് ഒരുങ്ങിയപ്പോൾ പെണ്ണ് കിട്ടാനുമില്ല. വിവിധ മാർഗങ്ങളിലൂടെ വധുവിനെ തേടിയെങ്കിലും ഒന്നും ശരിയായില്ല. ആ സാഹചര്യത്തിലാണ് ഫ്ലക്സ് സ്ഥാപിക്കാം എന്ന് അനീഷിന് തോന്നിയത്. തുടർന്ന് ഫോട്ടോയും പരസ്യ വാചകവും മൊബൈൽ നമ്പറും മെയിൽ ഐഡിയും ഉൾപ്പടുത്തി ഫ്ലക്സ് ഡിസൈൻ ചെയ്ത് തന്റെ മില്ലിന് മുമ്പിൽ സ്ഥാപിക്കുകയും ചെയ്തു.

പിന്നീട് ഈ ഫ്ലക്സ് സമൂഹമാധ്യമങ്ങളിൽ വ്യാപമായി പ്രചരിച്ചു. ഇതോടെ ഏതാനും ആലോചനകൾ വന്നു. ‘‘വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെ ചില ആലോചനകൾ വന്നു. എന്നാൽ അത്ര ഗൗരവമായി ഒന്നും തോന്നിയില്ല. ജീവിതകാലം മുഴുവൻ ഒപ്പം ജീവിക്കാനുള്ള ആളെ ആണല്ലോ തേടുന്നത്. ഇപ്പോഴാണെങ്കിൽ കോവിഡിന്റെ പ്രതിസന്ധികളുമുണ്ട്. എന്തായാലും എല്ലാം വേഗം ശരിയാകുമെന്നാണ് പ്രതീക്ഷ''– അനീഷ് പറഞ്ഞു.‌‌